പ്രതിപക്ഷ നേതാവ് നെയ്യാര്‍ ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
തിരുവനന്തപുരം : വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിലുണ്ടായ കോടതി വിധി എല്ലാവരെയും ഞെട്ടിക്കുന്നതും നിരാശയിലാഴ്ത്തുന്നതുമാണ്. അന്വേഷണ സംഘം ചെയ്ത തെറ്റുകളാണ് പ്രതിയെ വെറുതെ വിടാന്‍ ഇടയാക്കിയത്. അന്വേഷണത്തിലുണ്ടായ പളിച്ചകള്‍ വിധിന്യായത്തില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലത്തെത്തിയത്. എന്നിട്ടും സംശയകരമായ മരണങ്ങള് ഉണ്ടാകുമ്പോള്‍ ശേഖരിക്കേണ്ട പ്രഥമിക തെളിവുകള്‍ പോലും ശേഖരിച്ചില്ല. പിന്നീടാണ് തെളുവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്.
വരലടയാള വിദഗ്ധനെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചില്ല. തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച വസ്ത്രം അലമാരയില്‍ നിന്ന് എടുത്തെന്ന് പറയുമ്പോഴും അതിന് ആവശ്യമായ ഒരു തെളിവും പ്രോസിക്യൂഷന് ഹാജരാക്കിയില്ല. ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. വാളയാറിലും ഇതുതന്നെയാണ് സംഭവിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പൊലീസ് നടത്തിയ ഗൂഡാലോചനയാണ് വാളയാറില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം. വാളയാറിലേത് വണ്ടിപ്പെരിയാറില്‍ സംഭവിക്കരുതെന്നും എസ്.സി. എസ്.ടി പീഡന നിരോധന നിയമത്തിലെ വകുപ്പ് കൂടി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്. എന്നിട്ടും ആ വകുപ്പ് ചേര്‍ത്തില്ല.
പാര്‍ട്ടിയുമായി ബന്ധപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ് വണ്ടിപ്പെരിയാറില്‍ നടന്നത്. മൊബൈല്‍ ഫോണിലെ തെളിവുകള്‍ പോലും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് തയാറായില്ല. സി.പി.എം പ്രാദേശിക നേതൃത്വമാണ് പ്രതിയെ ഒളിപ്പിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
സി.പി.എം ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചത്. അറിയപ്പെടുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് നടന്നത്. എത്രവലിയ ക്രൂരകൃത്യം ചെയ്താലും സ്വന്തം ആളുകള്‍ക്ക് വേണ്ടി സര്‍ക്കാരും പൊലീസും എന്തും ചെയ്യുമെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. വിധിന്യായം വന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. കോടതിക്ക് പുറത്ത് കേട്ട ആ അമ്മയുടെ നിലവിളി കേരളത്തിന്റെ ചങ്കില് കൊള്ളേണ്ടതാണ്. മനപൂര്‍വമായി പൊലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചു. കേസ് അട്ടിമറിക്കാന്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകള്‍ അന്വേഷിക്കണം. നീതി തേടിയുള്ള കുടുംബത്തിന് പ്രതിപക്ഷം എല്ലാ പിന്നുണയും നല്‍കും. നിയമനടപടികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കും.
അട്ടപ്പാടിയിലെ മധുവും വാളയാറിലെ സഹോദരിമാരും വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരാണ്. ഈ കേസുകളിലൊക്കെ പ്രതികളായത് സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. പാര്ട്ടിക്കാര് എന്ത് ചെയ്താലും അവരെ സംരക്ഷിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍. ഇവരുടെയൊക്കെ കൂടെയാണ് സര്‍ക്കാര്‍. അതുകൊണ്ടാണ് സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറയുന്നത്.
സി.പി.എമ്മുമായി ചേര്‍ന്നുള്ള ഒരു സമരത്തിനും യു.ഡി.എഫില്ല. യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വര്‍ധിപ്പിക്കണമെന്നും കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്പരവിരുദ്ധമായാണ് മുഖ്യമന്ത്രി പറയുന്നത്. എഫ്.ആര്.ബി.എം ആക്ട് അനുസരിച്ച് മൂന്ന് ശതമാനത്തില്‍ ധനകമ്മി വരാന്‍ പാടില്ല. കിഫ്ബിയും പെന്ഷന് ഫണ്ടുമാണ് സംസ്ഥാനത്തിന് ബാധ്യത വരുത്തിവച്ചത്. ബജറ്റിന് പുറത്താണെന്ന വാദം നിലനില്‍ക്കില്ലെന്നും കടമെടുപ്പ് പരിധിയില്‍ വരുമെന്നും പ്രതിപക്ഷം അന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ഇക്കാര്യം സി.എ.ജി റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാന്‍ എല്ലാം കേന്ദ്രമാണെന്ന് പറഞ്ഞ് രക്ഷപ്പെടേണ്ട. എല്ലാം അവതാളത്തിലായെന്ന് ഇന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. ഇതൊക്കെ ഞങ്ങള്‍ നേരത്തെ പറഞ്ഞപ്പോള്‍ ഞങ്ങളെ വികസനവിരുദ്ധരാക്കി. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുകയാണ്.
ഓഡിറ്റ് റിപ്പോര്‍ട്ടും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചും ഏതൊക്കെ പദ്ധതികളിലാണ് കേന്ദ്ര പണം നല്‍കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാനത്തെ ധനമന്ത്രി അവ്യക്തമായാണ് സംസാരിക്കുന്നത്. കേരളത്തിലെ ധനപ്രതിസന്ധിക്കുള്ള ഒരുപാട് കാരണങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്ര നിലപാട്. കെടുകാര്യസ്ഥതയും അഴിമതിയുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. കിഫ്ബിയുടെ പതിനായിരം കോടി മാത്രമാണോ സംസ്ഥാനത്തിന്റെ കടം? ട്രഷറി താഴിട്ട് പൂട്ടിയിട്ടാണ് മുഖ്യമന്ത്രിക്കൊപ്പം ധനകാര്യമന്ത്രി ടൂറ് പോയത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഇല്ലാതെ ഭരണസിരാ കേന്ദ്രം അനാഥമാണ്.
മുഖ്യമന്ത്രി അവ്യക്തമായാണ് കാര്യങ്ങള്‍ സംസാരിക്കുന്നത്. മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കട്ടേ. പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതു തന്നെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത്. കേന്ദ്രം തരേണ്ട പണം നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ അവര്‍ക്കെതിരെ സമരം ചെയ്യും. മുഖ്യമന്ത്രിയുടെ അഴിമതിയും
മുഖ്യമന്ത്രിയുടെ ടീമിന്റെ കെടുരകാര്യസ്ഥതയുമാണ് ധനപ്രതിസന്ധിക്ക് കാരണം. പ്രതിപക്ഷനേതാവിന്റെ മാനസികനില തകരാറിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നവകേരളസദസ് തുടങ്ങി എട്ടാമത്തെ തവണയാണ് എന്റെ മാനസികനിലയെ കുറിച്ച് പറയുന്നത്. ആര് വിമര്‍ശിച്ചാലും മാനസികനിലയെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത് എന്ത് അസുഖമാണ്? ബാക്കിയുള്ളവരുടെയെല്ലാം മാനസികനില തകരാറിലാണെന്ന് ഒരാള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നാല്‍ പറയുന്ന ആളെപ്പറ്റി നാട്ടുകാര്‍ തന്നെ എന്തുവിചാരിക്കും?
ശബരിമലയിലേക്ക് കേന്ദ്ര സേനയെ വിളിച്ചത് യുദ്ധം ചെയ്യാനൊന്നുമല്ല. 2200 പൊലീസുകാര്‍ നവകേരളസദസിന് പോയിരിക്കുകയാണ്. അതുകൊണ്ടാണ് ശബരിമലയില്‍ പൊലീസ് ഇല്ലാത്തത്. പൊലീസിനെ കൂടാതെ ക്രിമിനലുകളും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ആരൂരില്‍ യൂത്ത്കോണ്‍ഗ്രസുകാരെ ആക്രമിച്ചത് കുപ്രസിദ്ധ ഗുണ്ടയുടെ കൂട്ടാളികളാണ്. പ്രതിപക്ഷം മനപൂര്‍വം തിരക്കുണ്ടാക്കിയെന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞത്. ഇതുപോലെ വിടുവായിത്തം പറയുന്നവരെയൊക്കെ മന്ത്രിസഭയില്‍ വച്ചിരിക്കുന്ന പിണറായിയോടാണ് ചോദിക്കേണ്ടത്. എന്ത് വിടുവായിത്തവും പറയാമെന്നാണോ സജി ചെറിയാന് കരുതുന്നത്. പൊലീസ് കാര്യക്ഷമമല്ലെന്ന് ദേവസ്വം പ്രസിഡന്റാണ് പരാതി പറഞ്ഞത്. മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും പൊലീസും തമ്മില്‍ അടിയായിരുന്നു. ആവശ്യത്തിന് പൊലീസ് ഇല്ലെന്ന് പറഞ്ഞത് പ്രതിപക്ഷമാണോ ദേവസ്വം പ്രസിഡന്‍രാണോ? ശബരിമലയിലെ സംഭവങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. എന്നിട്ടാണ് അവിടെ ഒന്നും സംഭവിച്ചില്ലെന്ന് ഇപ്പോള്‍ പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഏകോപനവും ഇല്ലാതിരുന്നതാണ് ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം.
ക്രിസ്മസ് ചന്ത നടത്തിയാല്‍ അവിടെ സോപ്പും ചീപ്പും കണ്ണാടിയും മാത്രം വില്‍ക്കേണ്ടി വരും. സബ്സിഡി നല്‍കേണ്ട അവശ്യസാധനങ്ങള്‍ ഒന്നുമില്ല. പണം നല്കാത്തതിനാല് മൂന്ന് മാസമായി കരാരുകാര്‍ ആരും ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. നാലായിരം കോടിയോളം രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. കെ.എസ്.ആര്.ടി.സിയെ പോലെ സപ്ലൈകോയെയും സര്‍ക്കാര്‍ തകര്‍ത്തു. വൈദ്യുതി ബോര്‍ഡിന്റെ കടം നാല്‍പ്പതിനായിരം കോടിയായി. ഇതൊക്കെ ആര് വരുത്തിവച്ചതാണ്? എന്നിട്ടാണ് എല്ലാത്തിനും കേന്ദ്രം കേന്ദ്രം എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. സ്വന്തം കഴിവുകേട് മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പറയുന്ന പണം കേന്ദ്ര തന്നാല്‍ കേരളത്തിന്റെ എല്ലാപ്രശ്നങ്ങളും തീരുമോ? കേരളം ഇതുവരെ കാണാത്ത രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് പോകുന്നത്.