നീന ഈപ്പൻ ഫൊക്കാന 2024-26 നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു : മൊയ്തീന്‍ പുത്തന്‍‌ചിറ

Spread the love

വാഷിംഗ്ടണ്‍ : നേതൃത്വ പാടവവും, പ്രവർത്തനപരിചയവുമുള്ള സംഘടനാ പ്രവർത്തകർക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും പ്രവര്‍ത്തിക്കാനുമുള്ള വേദിയായ ഫൊക്കാനയെന്ന ജനകീയ പ്രസ്ഥാനത്തിലേക്ക് ഒരു സാമൂഹ്യ പ്രവർത്തക കൂടി എത്തുന്നു. കൈരളി ഓഫ് ബാൾട്ടിമോർ, മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്‍ഡ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള, വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള നീന ഈപ്പനാണ് ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നീന ഈപ്പൻ, കൈരളി ഓഫ് ബാൾട്ടിമോർ ചാരിറ്റി ബോർഡ് അംഗമാണ്. 2024 ൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന നീനയുടെ സ്ഥാനലബ്ധി തന്നെ അവര്‍ ഈ രംഗത്ത് ആത്മാർത്ഥതയുള്ള പ്രവർത്തകയാണെന്നതിന്റെ തെളിവാണെന്ന് 2024-26-ലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി പറഞ്ഞു.

ജനങ്ങളുമായി അടുത്തിടപഴകാനും, അവരുമായി ആശയ വിനിമയം നടത്തുവാനും, വിവിധ പരിപാടികൾ സംഘടിപ്പിക്കുവാനുമുള്ള നീനയുടെ കഴിവ് പ്രശംസനീയമാണെന്ന് കല ഷഹി പറഞ്ഞു. പാചക ക്ലാസുകളിലൂടെയും ശ്രദ്ധേയയാണ് നീന. കോവിഡ്-19 വ്യാപന കാലത്ത് കേരളത്തിനു വേണ്ടി നടത്തിയ ധന സമാഹരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു നീന. കോവിഡ് ലാബ് നിർമ്മാണത്തിൽ സഹായിക്കുകയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മരുന്ന് വാങ്ങുവാനുള്ള സഹായം നൽകുന്നതിനുമായി പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാനും നീന മുന്‍പന്തിയിലുണ്ടായിരുന്നു.

കേരളത്തിലെ 250 കുടുംബങ്ങൾക്ക് ഓണം, ക്രിസ്തുമസ് സമയങ്ങളിൽ കിറ്റുകൾ നല്‍കാനും, നിർദ്ധനരായ രണ്ട് കുടുംബൾക്ക് വീടുകൾ നിർമ്മിച്ചു നൽകാനും നീന സജീവമായി പ്രവർത്തിച്ചു. 2023 നവംബറില്‍ ആ വീടുകളുടെ താക്കോൽ ദാനവും നിര്‍‌വ്വഹിച്ചു. ‘കൈരളി ഭവൻ’ എന്ന പേരിലാണ് ആ വീടുകൾ അറിയപ്പെടുന്നത്. കൂടാതെ, പോളിയോ ബാധിച്ച് കാലുകൾ തളർന്ന ഒരു സ്ത്രീയ്ക്ക് സ്കൂട്ടർ വാങ്ങാനുള്ള ധനസമാഹരണത്തിലും നീന നേതൃത്വം നല്‍കി. കോവിഡ് ബാധിച്ച് മരിച്ച ഒരു ഗൃഹനാഥന്റെ കുടുംബത്തിലെ നാല് മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്ത് നടപ്പിൽ വരുത്തുക എന്നതുള്‍പ്പടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീന ഈപ്പൻ നേതൃത്വം നൽകുന്നത്.

ആയിരത്തിലധികം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സംഘടകളിൽ ഒന്നായ ദക്ഷിണേന്ത്യൻ സെവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ചിന്റെ ഫാമിലി മിനിസ്ട്രികളുടെ കോ- ചെയർപേഴ്സൺ കൂടിയാണ് നീന ഈപ്പൻ. എംആർഎൻഎ വാക്‌സിനുകളെക്കുറിച്ചുള്ള അവതരണങ്ങൾ ഓൺലൈനിലും നേരിട്ടും നടത്തി ശ്രദ്ധ നേടിയ നീന ഈപ്പൻ പ്രമേഹം, ഗാർഹിക പീഡനം സംബന്ധിച്ച കേസ് വിഷയങ്ങളിൽ ആരോഗ്യവുമായി ബന്ധപ്പെട്ട ഓൺലൈനിലും നേരിട്ടും സെമിനാറുകൾ സംഘടിപ്പിക്കുകയും, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കോളേജ് പഠനത്തിന് തയ്യാറെടുപ്പ് സെമിനാറുകൾ, റിട്ടയർമെന്റ് പ്ലാനിംഗ്, സോഷ്യൽ സെക്യൂരിറ്റി, ഇൻഷ്വറന്‍സ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സേവനങ്ങൾ തുടങ്ങി റിട്ടയർമെന്റ് സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തു.

മെരിലാൻഡ് റെസ്പോണ്ട്സ് മെഡിക്കൽ റിസർവ് കോർപ്സ് വോളണ്ടിയർ (എംആർസി), ഹോവാർഡ് കൗണ്ടിക്ക് വേണ്ടി മെരിലാൻഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്, മെരിലാൻഡ് സ്‌റ്റേറ്റ്‌വൈഡ് പ്രിവൻഷൻ ആൻഡ് റിഡക്ഷൻ കൊളാബറേറ്റീവിന്റെ (SPARC) സജീവ അംഗം, അണുബാധ തടയുന്നതിനും ആന്റിബയോട്ടിക് സ്റ്റീവാർഡ്‌ഷിപ്പുമായി ബന്ധപ്പെട്ട മെരിലാൻഡ് ആശുപത്രികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പൊതുജനാരോഗ്യത്തെയും അക്കാദമികളെയും ഉൾപ്പെടുത്തുന്ന സംസ്ഥാനവ്യാപകമായ ഗുണനിലവാര മെച്ചപ്പെടുത്തൽ പദ്ധതി എന്നിവയുമായെല്ലാം തന്റെ പ്രവർത്തനങ്ങളെ ബന്ധപ്പെടുത്തുന്ന നീന ഈപ്പനെ പോലെ ഒരാളെ ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് ലഭിക്കുന്നത് അഭിമാനകരമാണ്.

ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന അതിന്റെ വികസന പന്ഥാവിൽ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. ഇപ്പോഴത്തെ നേതൃത്വം നടപ്പിൽ വരുത്തുന്ന എല്ലാ പദ്ധതികളും അമേരിക്കയിലും, കേരളത്തിലും സംഘടനയ്ക്ക് പേരും പെരുമയും ഉണ്ടാക്കിയതായി നീന ഈപ്പൻ പറഞ്ഞു. ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ഈ പദ്ധതികൾ തുടരുവാൻ തക്കമായ സാഹചര്യങ്ങൾ ഉണ്ടാകുവാൻ സാധിക്കട്ടെ എന്നും, ഫൊക്കാനയുടെ നിലവിലെ പ്രവര്‍ത്തന ശൈലി അമേരിക്കൻ സംഘടനാ പ്രവർത്തന രംഗത്തിന് വലിയ മാതൃകയാണെന്നും, അവരുടെ ടീമില്‍ ഒരംഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അഭിമാനമായി കരുതുന്നു എന്നും നീന ഈപ്പന്‍ പറഞ്ഞു.

നീന ഈപ്പനെ പോലെയുള്ള സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യം ഫൊക്കാനയ്ക്ക് എക്കാലവും കരുത്തും ഊര്‍ജ്ജവും നൽകുമെന്ന് 2024-26-ലെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു.
Nina Eapen

Author

Leave a Reply

Your email address will not be published. Required fields are marked *