ചിക്കാഗോ : കേരളാ അസോസിയേഷന് ഓപ് ചിക്കാഗോയുടെ ക്രിസ്മസ്-പുതുവത്സരാഘോഷവും അവാര്‍ഡ് നൈറ്റും പ്രൗഢോജ്വമായ സദസ്സിനെ സാക്ഷിനിര്‍ത്തി പ്രൗഢോജ്വമായി നടത്തി. ഡിസംബര്‍ 30-ന് ശനിയാഴ്ച നടന്ന ഈ സമ്മേളനത്തിന് വേദിയായത് ഡവഞ്ചേഴ്സ് ഗ്രോവിലുള്ള ആഷിയാനാ ബാങ്ക്വറ്റ് ഹാളായിരുന്നു.
അസിസ്റ്റന്റ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സജീവ് പാല്, ഇല്ലിനോയ് സ്റ്റേറ്റ് അസംബ്ലി റെപ്രസന്റേറ്റീവ് കെവിന് ഓലിക്കല്‍, സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍, കമ്യൂണിറ്റി ലീഡര്‍ ഗ്ലാഡ്സണ്‍ വര്‍ഗീസ് എന്നീ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യത്താലും, വൈവിധ്യമാര്‍ന്ന കലാപരിപാടികളാലും അവിസ്മരണീയമായ അനുഭവം പങ്കുവെച്ച സമ്മേളനമായിരുന്നു അരങ്ങേറിയത്.
പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോ സ്വാഗതം ആശംസിച്ചു. കെ.എ.സി പുതിയതായി വാങ്ങി കേരളാ കള്‍ച്ചറല്‍ സെന്ററിന്റെ ചെയര്‍മാനായ പ്രമോദ് സഖറിയ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് പ്രതിപദിച്ച് സംസാരിച്ചു. റവ.ഫാ. ബിന്‍സ് ചേത്തലില്‍ ക്രിസ്മസ്- നവവത്സര സന്ദേശം നല്കി പ്രസംഗിച്ചു. മുഖ്യാതിഥിയായ അസി. ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സജീവ് പാല് മുഖ്യ പ്രഭാഷണം നടത്തി. ഇല്ലിനോയി സ്റ്റേറ്റ് റെപ്രസന്റേറ്റീവ് കെവിന് ഓലിക്കലും, കമ്യൂണിറ്റി ലീഡറായ ഗ്ലാഡ്സണ്‍ വര്‍ഗീസും ആശംസാ പ്രസംഗം നടത്തി.
സമ്മേളന മധ്യേ ഹൈസ്കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കെ.എ.സി ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരവും വിതരണം ചെയ്തു. 2023-ലെ പ്രതിഭാ പുരസ്കാരം കരസ്ഥമാക്കിയത് ഗ്രേസ്ലിന്‍ റോസ് ഫ്രാന്‍സീസ് ആയിരുന്നു. സ്കോക്കിയില്‍ സ്ഥിരതാമസക്കാരായ ആന്റണി ഫ്രാന്‍സീസ് & എലിസബത്ത് ഷീബാ ഫ്രാന്‍സീസ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഗ്രേസ്ലിന്‍ ഫ്രാന്‍സീസ്. എവര്‍ റോളിംഗ് ട്രോഫിയും 500 ഡോളര്‍ ക്യാഷ് അവാര്‍ഡും അടങ്ങിയതാണ് ഈ പുരസ്കാരം. ഹൈസ്കൂള്‍ തലത്തില്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഗ്രേസ്ലിന്‍ പ്രകടമാക്കിയിട്ടുള്ള മികവിനുള്ള ഒരു അംഗീകാരം കൂടിയായിരുന്നു ഈ പുരസ്കാരം കരസ്ഥമാക്കിയതിലൂടെ കൈവരിച്ചത്.
പരിപാടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചതിന് ട്രഷററായ ടിന്‍സണ്‍ പാറയ്ക്കലിനെ പ്ലാക്ക് നല്കി സമ്മേളനത്തില്‍ ആദരിച്ചു. സെക്രട്ടറി സിബി പാത്തിക്കല്‍ സമ്മേളനത്തില്‍ എല്ലാവര്ക്കും നന്ദി പറഞ്ഞു. നിമ്മി പ്രമോദും, റൊണാള്‍ഡ് പൂക്കുമ്പനും അവതാരകരായിരുന്നു.
അനേകം വ്യക്തികളുടെ ആഴ്ചകളോളമുള്ള ഒത്തൊരുമയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് സമ്മേളനം വന്‍ വിജയമായത്. വൈകുന്നേരം 5 മണിക്ക് സോഷ്യല്‍ ഹവറോടെ ആരംഭിച്ച് 7 മണിക്ക് പൊതുസമ്മേളനം തുടങ്ങി. വിഭവ സമൃദ്ധമായ ഡിന്നറോടെ രാത്രി 10.30-ന് പര്യവസാനിച്ചു.