ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.
ന്യായ് യാത്ര ചരിത്ര സംഭവമാകുംഃ വിഡി സതീശന്.
ജനുവരി 14 മുതല്‍ മാര്‍ച്ച് 20വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന 66 ദിവസത്തെ ഭാരത് ജോഡോ ന്യായ്യാത്ര ചരിത്രസംഭവമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്. ന്യായ്യാത്രയുടെ ബുക്ക്ലെറ്റ് കെപിസിസിയില്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്തമേഖലകളിലും പരാജയപ്പെട്ട് അന്യായം മാത്രം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനോട് ന്യായം തേടുന്ന യാത്രയാണിത്. 2012ല്‍ തൊഴിലില്ലായ്മ ഒരു കോടിയായിരുന്നത് 2022ല്‍ 4 കോടിയായി കുതിച്ചുയര്‍ന്നു. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്. മൂന്നിലൊരു ബിരുദധാരിക്ക് തൊഴിലില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറി. അവയ്ക്ക് ജിഎസ്ടിയും ഏര്‍പ്പെടുത്തി. ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സതീശന് ചൂണ്ടിക്കാട്ടി.
കാര്‍ഷികമേഖലയിലെ കരിനിയമങ്ങള്‍ കര്‍ഷകരുടെ നടുവൊടിച്ചു. 750 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അശാസ്ത്രീയമായ ലോക്ഡൗണ്‍ 4 കോടി ആളുകളെ ദുരിതത്തിലേക്കു വലിച്ചെറിഞ്ഞു. കോവിഡുമൂലം ഇന്ത്യയില്‍ 47 ലക്ഷം പേര് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ പത്തിരട്ടി. കോവിഡ്മൂലം ലോകത്ത് മരിച്ചവരില്‍ മൂന്നിലൊന്ന് ഇന്ത്യയിലായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം അദാനിക്കു തീറെഴുതി. കല്‍ക്കരി ഇറക്കുമതി അദാനിയുടെ കൈകളിലെത്തിയതിനെ തുടര്‍ന്ന് വൈദ്യുതി നിരക്ക് കുത്തനേ കൂടി.
അരുണാചല്‍ പ്രദേശ്, ഗോവ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ പണം ഉപയോഗിച്ച് അട്ടിമറിച്ചു. സിബിഐയും ഇഡിയും നടത്തിയ അന്വേഷണങ്ങളില്‍ 95% ഉം പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കെതിരേയായിരുന്നു. മണിപ്പൂര്‍, അസം എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ ന്യായ്യാത്രക്കെതിരേ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നും സതീശന് ചൂണ്ടിക്കാട്ടി.
കെപിസിസി ജനറല്‍ സെക്രട്ടിമാരായ ടിയു രാധാകൃഷ്ണന്, അഡ്വ ദീപ്തി മേരി വര്‍ഗീസ്, ജി സുബോധന്‍, ജിഎസ് ബാബു, കോണ്‍ഗ്രസ് നേതാക്കളായ ശരത് ചന്ദ്രപ്രസാദ്, കെ.പി. നൗഷാദലി തുടങ്ങിയവര്‍ പങ്കെടുത്തു.