കേന്ദ്ര ബജറ്റ് പ്രതീക്ഷകളില്ലാത്ത പ്രകടനപത്രിക : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന കേന്ദ്ര ഇടക്കാല ബജറ്റ് പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള ഭരണകക്ഷിയുടെ പ്രകടനപത്രികയായി മാറിയെന്നും പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതൊന്നും ബജറ്റില്‍ നിര്‍ദ്ദശിക്കുന്നില്ലെന്നും കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഒരു കോടി വീടുകളില്‍ സൗജന്യ സൗരോര്‍ജ്ജ പ്ലാന്റുകളും 300 യൂണിറ്റ് വൈദ്യുതി സൗജന്യവും അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് പലിശരഹിതവായ്പ തുടരുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. ക്ഷീരകര്‍ഷകര്‍ക്കായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കിയെന്ന അവകാശവാദം സര്‍ക്കാര്‍ രേഖകളില്‍ മാത്രമാണ്.

പ്രതിസന്ധി നേരിടുന്ന റബറുള്‍പ്പെടെയുള്ള കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതി നിയന്ത്രിക്കുവാന്‍ നടപടികളുമില്ല. അതേസമയം പുത്തന്‍ വ്യാപാരക്കരാറുകളുയര്‍ത്തുന്ന കാര്‍ഷികമേഖലയിലെ വെല്ലുവിളി ധനകാര്യമന്ത്രി ബോധപൂര്‍വ്വം വിസ്മരിച്ചു. 2022ല്‍ കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്ന 2016 ലെ പ്രഖ്യാപനം പരാജയപ്പെട്ട് കാര്‍ഷികത്തകര്‍ച്ച 2024ലും തുടരുന്നു.

ഗ്രാമീണജനത ജീവിക്കാനായി കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേയ്ക്കും യുവതലമുറ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേയ്ക്കും പലായനം തുടരുമ്പോള്‍ ഇവരെ സംരക്ഷിക്കുവാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളോ പദ്ധതിവിഹിതമോ ഇടക്കാല ബജറ്റിലില്ലെന്നും വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സൗത്ത് ഇന്ത്യാ കണ്‍വീനര്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: +91 70126 41488

Author

Leave a Reply

Your email address will not be published. Required fields are marked *