സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് : മന്ത്രി വീണാ ജോര്‍ജ്

Spread the love

5 താലൂക്ക് ആശുപത്രികളില്‍ കൂടി ദന്തല്‍ യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ ഒരു ദന്തല്‍ സര്‍ജന്‍, ഒരു ദന്തല്‍ ഹൈജീനിസ്റ്റ്, ഒരു ദന്തല്‍ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തല്‍ യൂണിറ്റ് സജ്ജമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ദന്തല്‍ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തല്‍ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രി, മംഗള്‍പ്പാടി താലൂക്ക് ആശുപത്രി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ദന്തല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത്.

ദന്തല്‍ മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ ദന്തല്‍ ചികിത്സ ലഭ്യമാണ്. ദേശീയ റാങ്കിംഗില്‍ ആദ്യമായി തിരുവനന്തപുരം ദന്തല്‍ കോളേജ് ഇടംപിടിച്ചു. ദന്താരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നു.

സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 60 വയസിന് മുകളില്‍ പ്രായമായ ബിപിഎല്‍ വിഭാഗത്തിലെ വയോജനങ്ങള്‍ക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ച് കൊടുന്നതാണ് മന്ദഹാസം. ഇതുവരെ 7,000ലധികം വയോജനങ്ങള്‍ക്ക് പല്ല് വച്ചു കൊടുത്തു. ആറിനും പതിനാറിനും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് സമ്പൂര്‍ണ ദന്ത പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ പദ്ധതിയാണ് പുഞ്ചിരി. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലേയും ഗോത്ര വിഭാഗക്കാര്‍ക്കും തീരദേശ മേഖലയിലെ പ്രായം ചെന്നവര്‍ക്കും സൗജന്യ ഓറല്‍ കാന്‍സര്‍ സ്‌ക്രീനിംഗും ചികിത്സയും ഉറപ്പ് വരുത്തുന്നതാണ് വെളിച്ചം പദ്ധതി. ഭിന്നശേഷി കുട്ടികള്‍ക്ക് എല്ലാത്തരം ദന്തപരിരക്ഷയും ദീപ്തം പദ്ധതി വഴി ഉറപ്പാക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *