6-ാമത് മെഷീനറി എക്‌സ്‌പോ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ 10 മുതല്‍

Spread the love

കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 ഈമാസം 10 മുതല്‍ 13 വരെ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പത്തിന് രാവിലെ 10.30ന്് വ്യവസായ, നിയമ, കയര്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദര്‍ശിപ്പിക്കുകയാണ് എക്സ്പോയുടെ ആറാം പതിപ്പ് ലക്ഷ്യമിടുന്നതെന്നു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും എക്സ്പോ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി എ നജീബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ ടെക്‌നോളജീസ്, സിഎന്‍സി മെഷീനുകളും സിസ്റ്റങ്ങളും, എസ്പിഎമ്മുകള്‍, അഗ്രോ അധിഷ്ഠിത, അപ്പാരല്‍, ഇലെക്ട്രിക്കല്‍ – ഇലക്ട്രോണിക്‌സ്, ജനറല്‍എഞ്ചിനീയറിംഗ് മെഷീനുകള്‍,പാക്കേജിങ്, പ്രിന്റ്‌റിങ് ആന്‍ഡ് 3ഡി പ്രിന്റ്‌റിങ്, വിവിധ മേഖലകള്‍ക്കായുള്ള മറ്റ് നൂതന പ്രോസസ്സിംഗ്, പാക്കേജിംഗ് മെഷീനറികള്‍ എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും മെഷീനറികളുടെ ലൈവ് ഡെമോയും പ്രദര്‍ശിപ്പിക്കും. സാങ്കേതിക വികസനം, മറ്റ് സാങ്കേതിക വാണിജ്യ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചു നേരിട്ടുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഭാവി സംരംഭകര്‍ക്ക് പ്രദര്‍ശനം സഹായകമാകും. ഹെവി മെഷീനറികളുടെ പ്രദര്‍ശനനത്തിനു 5000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

6 ഡോമുകളായി പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സെക്ടര്‍ അടിസ്ഥാനത്തിലാണ് പ്രദര്‍ശനമെന്നത് ഇത്തവണത്തെ എക്‌സ്‌പോയുടെ സവിശേഷതയാണ്. രുചി വൈവിധ്യങ്ങളുമായി ഫുഡ് കോര്‍ട്ടുകളുമുണ്ടാകും. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായക്കുതിപ്പാണ് സംസ്ഥാനത്തുണ്ടായത്. രണ്ട് ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ തുടങ്ങുകയും 13000 കോടിയിലധികം രൂപയുടെ നിക്ഷേപം ഉണ്ടാവുകയും 4 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ വ്യാവസായ കുതിപ്പിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന താകും മിഷനറി എക്‌സ്‌പോ 2024. നവ – ഭാവി സംരംഭകര്‍ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന എക്‌സ്‌പോ സംസ്ഥാന വ്യവസായ മേഖലയില്‍ നാഴികകല്ലായി മാറും. സംരംഭകര്‍ക്ക് മെഷീന്‍ നിര്‍മ്മാതാക്കളുമായി ആശയ വിനിമയം നടത്താനും മെഷീനുകളുടെ പ്രവര്‍ത്തനവും ടെക്‌നോളജിയും നേരിട്ട് കണ്ടു പഠിക്കാനും മെഷീനറി എക്‌സ്‌പോ അവസരമൊരുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എംപിവിശിഷ്ടാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ മുഖ്യപ്രഭാഷണവും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ, വാണിജ്യ ഡയറക്ടര്‍ എസ് ഹരികിഷോര്‍ എന്നിവര്‍ പ്രത്യേക പ്രഭാഷണവും നടത്തും. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ജില്ല കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, തൃക്കാക്കര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, കൗണ്‍സിലര്‍ എം ഒ വര്‍ഗീസ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, എംഎസ്എംഇ – ഡിഎഫ്ഒ ജോയിന്റ് ഡയറക്ടര്‍ ജി എസ് പ്രകാശ്, ഇന്‍ഫോ പാര്‍ക്സ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ്, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീന്‍, വ്യവസായ, വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍മാരായ കെ എസ് കൃപകുമാര്‍, ജി രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും എക്‌സ്‌പോ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി എ നജീബ് എന്നിവര്‍ പ്രസംഗിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ജി പ്രണബ്, മാനേജര്‍ ആര്‍.രമ എന്നിവരും പങ്കെടുത്തു.

ഫോട്ടോക്യാപ്ഷന്‍

ഈ മാസം പത്തിന് കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ ആരംഭിക്കുന്ന സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ മെഷീനറി എക്‌സ്‌പോ 2024നെക്കുറിച്ച് വിശദീകരിക്കാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബ് സംസാരിക്കുന്നു. അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ജി പ്രണബ്, മാനേജര്‍ ആര്‍ രമ എന്നിവര്‍ സമീപം.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *