കേരളത്തിൽ വന്യജീവി ആക്രമണം പെരുകുന്ന ഭീഷണ സാഹചര്യം നേരിടാനാവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു : മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു സമിതി രൂപീകരിക്കും. നിലവിലുള്ള അന്തര്‍സംസ്ഥാന ഔദ്യോഗികതല യോഗം ഉടന്‍ ചേരും.
വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടില്‍ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരും. രണ്ടു പുതിയ ആര്‍.ആര്‍.ടികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ സജ്ജമാക്കും. വന്യജീവി ആക്രമണത്തില്‍ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കാനും നിര്‍ദ്ദേശിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ പ്രത്യേക ടീമിനെ നിയോഗിക്കും.15 ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് ചർച്ച നടത്താനും തീരുമാനമായി.
വന്യജീവികളുടെ ആക്രമണം ദേശീയതലത്തിൽ തന്നെ ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ നയരൂപീകരണ രംഗത്തു നിന്നുമുള്ള വിപുലമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ ബോധവൽക്കരണവും ആവശ്യമാണ്. നിലവിലെ സാഹചര്യത്തെ കൃത്യമായി വിലയിരുത്താനായി വിദഗ്ദ്ധ പഠനങ്ങളും അനിവാര്യമായിരിക്കുന്നു. ഇത്തരത്തിൽ ബൃഹത്തായ നടപടികളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും നാം നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കണം. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ഇവിടെ ആവശ്യം. അതിനായി ഒന്നിച്ചു നിൽക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *