മുഖാമുഖ പരിപാടി: ആദിവാസി, ദളിത് വിഭാഗങ്ങളുമായി മുഖ്യമന്ത്രി സംവദിച്ചു
ഇന്ത്യയിൽ ശക്തമായ നവോത്ഥാന മുന്നേറ്റം ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ പോലും മൂല്യങ്ങൾ അന്ധകാരത്തിലേക്കു വീഴുമ്പോൾ കേരളത്തിന് നവോത്ഥാന മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയ തുടർച്ചയേകാൻ കേരളത്തിന് കഴിഞ്ഞതുകൊണ്ടാണ് ഇത് സാധ്യമായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതും ഇക്കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ തുടർച്ചയായി ആദിവാസി ദളിത് മേഖലയിലെ വിഷയങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നവോത്ഥാന പ്രസ്ഥാനങ്ങൾ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനും വ്യാപിപ്പിക്കാനും പുരോഗമന പ്രസ്ഥാനങ്ങൾ കാണിച്ച നിഷ്കർഷയാണ് കേരളത്തെ മാറ്റി മറിച്ചത്. അയ്യങ്കാളിയെ പോലുള്ളവർ നിന്നിടത്ത് നിന്ന് മുന്നോട്ട് പോവുകയാണ് നമ്മൾ ചെയ്തത്. ഇടത്പക്ഷ പ്രസ്ഥാനങ്ങളാണ് ഇതിന് തുണയായത്. ഭൂപരിഷ്കരണം, ആദിവാസി സമൂഹത്തിന്റെ നവീകരണം തുടങ്ങിയ രാഷ്ട്രീയ ഇടപെടലുകളാണ് കേരളത്തെ മാറ്റിയത്. അത്തരം രാഷ്ട്രീയ ഇടപെടലുകൾ നടക്കാത്ത സംസ്ഥാനങ്ങൾ ഇരുട്ടിലേക്ക് വഴുതിവീണു. കേരളത്തിന്റെ ഈ മാറ്റം ദൃഢീകരിച്ച് പുരോഗമനപരമായ വലിയ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.