കോട്ടയം മെഡിക്കൽ കോളേജിന്റെ കുടുംബാരോഗ്യ കേന്ദ്രം നാടിനുസമർപ്പിച്ചു

Spread the love

ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തിയായ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 2.78 കോടി രൂപ ചെലവിട്ടു പൂർത്തിയാക്കിയ കുടുംബാരോഗ്യകേന്ദ്രം രോഗീസൗഹൃദവും ജനസൗഹൃദവമായി മാറിയെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആരോഗ്യപരിപാലരംഗം സംസ്ഥാനം ഉറ്റുനോക്കുന്ന രീതിയിലാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭാവിയിലേയ്ക്കുള്ള വികസനസാധ്യതകൾ കൂടി കണ്ടുകൊണ്ടാണ് കെട്ടിടം രൂപപ്പെടുത്തിട്ടുള്ളതെന്നും ഡയാലിസിസ് സെന്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളജിനെ ആശ്രയിക്കാതെ തന്നെ ഏറ്റുമാനൂരിലും പരിസരങ്ങളിലുമുള്ളവർക്ക് ഫലപ്രദമാകുന്ന രീതിയിൽ ആശുപത്രിയെ മാറ്റിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ കോളജിലെത്തുന്നവരുടെ സഞ്ചാരം സൗകര്യപ്രദമാക്കുന്നതിനുള്ള അടിപ്പാതയുടെ ടെൻഡർ നടപടി പൂർത്തിയായി എന്നും നിർമാണപ്രവർത്തനങ്ങൾ അടുത്താഴ്ച ആരംഭിക്കാനാകുമെന്നാണു കരുതുന്നതെന്നും മന്ത്രി ചടങ്ങിൽ അറിയിച്ചു.

ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആയി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ബിന്നു, ബ്ളോക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിതാമോൾ ലാലു, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന ഷാജി, ബ്ളോക് പഞ്ചായത്ത് അംഗം എസ്സി തോമസ്, നഗരസഭാംഗങ്ങളായ ഇ.എസ് ബിജു, രശ്മി ശ്യാം, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് പി.എൻ വിദ്യാധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, കോട്ടയം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ വർഗീസ് പി.പുന്നൂസ്, കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് , കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അഞ്ജു സി.മാത്യു എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *