എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
പുതിയ കാലഘട്ടത്തിലെ തൊഴിൽ മേഖലകൾക്കാവശ്യമായ വിഭവശേഷി നൽകാൻ കഴിയുന്ന രീതിയിൽ എ പി ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയെ ലോകനിലവാരത്തിലേക്കുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 50 ഏക്കറിലാണ് സർവകലാശാലയുടെ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് നിലവിൽ വരുന്നത്. ഇതോടെ സ്വന്തമായി ആസ്ഥാനമെന്ന സർവകലാശാലയുടെ സ്വപ്നം യാഥാർഥ്യമാകുകയാണ്.
2017 ലാണ് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്. സർവ്വേ ജോലികൾ വേഗത്തിൽ കൃത്യമായി പൂർത്തിയാക്കി ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം 2021 ലാണ് പുറപ്പെടുവിക്കുന്നത്. 1135 ഉടമകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 185 കോടി രൂപയാണ് ചെലവഴിച്ചത്. പ്രദേശത്തെ ജനങ്ങൾ നല്ലരീതിയിൽ ഇതിനോട് സഹകരിച്ചതിലുള്ള പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ കെട്ടിട നിർമാണത്തിനായി 71 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ എഴുനിലകളോട് കൂടിയുള്ള ഒരു ബ്ലോക്കാണ് ഇവിടെ നിർമിക്കുന്നത്. അതിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം പരിസ്ഥിതിസൗഹൃദ മാതൃകകളും പിൻതുടരും.
ഇലക്ട്രിക് വാഹന നിർമാണം, ഐ ടി തുടങ്ങിയ കേരളത്തിനനുയോജ്യമായ വ്യവസായങ്ങൾക്കും സംസ്ഥാനം പ്രോൽസാഹനം നൽകും.നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങളെ നാടിൻറെ നന്മക്കായി ഉപയോഗിക്കുന്ന സംസ്‌കാരം അതിനുതകുന്ന ബോധവൽക്കരണം കൂടി നടത്താൻ നമുക്ക് കഴിയണമെന്ന ലക്ഷ്യത്തോടെയാണ് സാങ്കേതിക സർവകലാശാല ആസ്ഥാനത്തിന്റെ നിർമാണത്തിന് തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ, പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. അഡ്വ. ഐ ബി സതീഷ് എം.എൽ എ .സ്വാഗതമാശംസിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ക്യാമ്പസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. വി ജോയി എം എൽ എ, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, സിൻഡിക്കേറ്റ് അംഗം ഡോ. പി കെ ബിജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. എസ് കെ പ്രീജ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഡി ഷാജി,ഡോ. രാജശ്രീ എം എസ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. ഐ സാജു എന്നിവർ സംബന്ധിച്ചു.