രാജ്യത്ത് ആദ്യമായി 9 വയസിന് മുകളിലുള്ള പെൺ കുട്ടികൾക്ക് സൗജന്യമായി സെർവിക്കിൾ ക്യാൻസറിനെതിരെ എച്ച്.പി.വി വാക്സിൻ നൽകി നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്. ഹാപ്പി നൂൽപ്പുഴ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ലോക വനിതാ ദിനത്തിൽ നൂൽപ്പുഴ കൂടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 53 കുട്ടികളാണ് ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ ക്യാമ്പിലൂടെ വാക്സിനേഷൻ വിപുലീകരിക്കും. 15 വയസ് വരെയുള്ള കുട്ടികൾക്കാണ് നിലവിൽ സൗജന്യമായി വാക്സിനേഷൻ നൽക്കുന്നത്. നൂൽപ്പുഴ പഞ്ചായത്തിൻ്റെ 160000 രൂപ വിഹിതം ഉപയോഗിച്ചാണ് ഈ വർഷം വാക്സിനേഷൻ നടപ്പിലാക്കുന്നത്. വരും വർഷം 10 ലക്ഷം രൂപ ഇതിനായി വകയിരുത്താനാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം. സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രധാന കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയില്‍ നിന്നും സംരക്ഷിച്ച് പൂര്‍ണ്ണമായും സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ ശേഷിയുള്ളവരാക്കും.
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായ പരിപാടിയിൽ സ്ത്രീ വ്യക്തിത്വങ്ങളായ ഡോ.ദിവ്യ എസ് നായർ, ഡി.പി.എം സമീഹ സൈതലവി, സീനിയർ നേഴ്സിങ് ഓഫീസർ ടി.കെ ശാന്തമ്മ എന്നിവരെയും കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ വകുപ്പിലുള്ള പ്രവർത്തകരെയും ആദരിച്ചു. ട്രാൻസ് വുമൺ പ്രകൃതിക്കും, എച്ച്പിവി വാക്സിൻ സ്വീകരിച്ച കുട്ടികൾക്കും സ്നേഹോപഹാരം നൽകി.
ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എ ഉസ്മാൻ, ഡി.പി.എം സമീഹ സെതലവി, ബ്ലോക് പഞ്ചായത്ത് അംഗം പുഷ്പ അനുപ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഓമന പ്രേമൻ മിനി സതീശൻ, ഡിവിഷൻ അംഗം പി.കെ അനൂപ്, ഹെൽത്ത് ഇസ്പെക്ടർ കെ.യു ഷാജഹാൻ, മെഡിക്കൽ ഓഫീസർ ഡോ. വി.പി താഹർ മുഹമ്മദ്, ഡി.എച്ച് എസ് ഡോ. കെ.ജെ റീന, അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷി, ഗൈനക്കോളജി- ഓങ്കോളജി കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജീന ബാബുരാജ്, ഗൈനക്കോളജി- ഓങ്കോളജി കമ്മിറ്റി സ്റ്റേറ്റ് കോ-ഓഡിനേറ്റർ ഡോ.ഓമന മധുസൂദനൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആശാപ്രവർത്തകരുടെയും കുടുംബാരോഗ്യ പ്രവർത്തകരുടെയും കലാപരിപാടികൾ അരങ്ങേറി.