പ്രസ്താവന — ദീപ്തി മേരി വര്‍ഗീസ് (കെപിസിസി ജന.സെക്രട്ടറി മീഡിയ വിഭാഗം)
——————————————————————————————————————-
രാജ്യത്തെ ജനസംഖ്യയില്‍ കേവലം രണ്ട് ശതമാനം മാത്രമുള്ള ക്രൈസ്തവ ജനവിഭാഗത്തെ BJP ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും അവര്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും നിരന്തരമായി വേട്ടയാടുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന അടിച്ചമര്‍ത്തലും വിവേചനങ്ങളും നിമിത്തം ക്രിസ്ത്യാനികള്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്.
ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആചരിക്കുന്ന ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 31 ഞായറാഴ്ച BJP ഭരിക്കുന്ന മണിപ്പൂര്‍ സര്‍ക്കാര്‍ പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ദുര്‍ബലമായ ഒരു ജനവിഭാഗത്തോട് കാട്ടുന്ന അങ്ങേയറ്റം നീതി നിഷേധമാണിത്. ഈ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാകണം. മണിപ്പൂര്‍ സര്‍ക്കാരിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടിനെതിരെ കെപി സിസി മാധ്യമ വിഭാഗം ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കഴിഞ്ഞ 11 മാസമായി മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന ക്രൂരമായ പീഡനങ്ങളുടേയും വേട്ടയാടലിന്റേയും മറ്റൊരു ഭീകര മുഖമാണ് ഈസ്റ്റര്‍ പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചതിലൂടെ പുറത്ത് വന്നത്.
250 ലധികം ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് കലാപകാലത്ത് ചുട്ടെരിച്ചത്. നിരവധി പേര് കൊല്ലപ്പെട്ടു, പതിനായിരങ്ങള്‍ പലായനം ചെയ്തു. മണിപ്പൂരിലെ ജനസംഖ്യയില്‍ 41% പേര് കുക്കി വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരാണ്. മണിപ്പൂരിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 50% ത്തിലധികം പേര് ക്രിസ്ത്യാനികളാണ്. ദു:ഖവെള്ളി അടക്കമുള്ള ദിവസങ്ങളില്‍ വിശുദ്ധ വാരത്തിന്റെ ഭാഗമായുള്ള ആരാധനകളില്‍ ക്രിസ്ത്യാനികളായ ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാനാവാത്ത സ്ഥിതിയാണുള്ളത്. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റേയും ഉയര്ത്തെഴുന്നേല്പ്പിന്റേയും ഭാഗമായുള്ള ആരാധനകളില്‍ പങ്കെടുക്കാനുളള പൗരന്റെ ഭരണഘടനാ പരമായ മൗലികാവകാശങ്ങളുടെ ലംഘനമാണ് മണിപ്പൂരില്‍ നടക്കുന്നത്.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടും ക്രൈസ്തവ പ്രേമം നടിച്ചു വരുന്ന കേരളത്തിലെ ബി ജെ പി നേതാക്കളോ, സ്ഥാനാര്‍ത്ഥികളോ മണിപ്പുര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനോ,അപലപിക്കാനോ തയ്യാറായിട്ടില്ല.
നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് ഞങ്ങള്‍ ഇത്ര വിലയേ നല്കുന്നുള്ളു എന്ന സംഘപരിവാര്‍ തിട്ടൂരമാണ് മണിപ്പൂരിലെ ബി ജെ പി സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയിരിക്കുന്നത്. മണിപ്പൂര്‍ സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധവും ഭരണഘടനവുമായ നടപടിയെക്കുറിച്ച് പ്രധാനമന്ത്രിയോ, ബിജെപി നേതൃത്വമോ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല.
മണിപ്പൂര്‍ സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണമെന്ന് പോലും പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകാത്തതിന് പിന്നില്‍ ക്രൈസ്തവ പീഡനം നടത്തുന്നവര്‍ക്കുള്ള സന്ദേശമായി കരുതേണ്ടി വരും. പീഡനമനുഭവിക്കുന്ന ആ ജനവിഭാഗത്തെ ഒന്ന് സന്ദര്‍ശിക്കാനോ ചേര്‍ത്തു പിടിക്കാനോ ഇന്ത്യയുടെ പ്രധാനമന്ത്രി ഇത് വരെ തയ്യാറായിട്ടില്ല. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്താകമാനം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണങ്ങളും അക്രമങ്ങളും നടക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
കുരിശിലേറ്റപ്പെടുന്ന യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ക്കു ശേഷമുള്ള ഉയര്ത്തെഴുന്നേല്പാണ് ഈസ്റ്റര്‍. മോദിയുടെ പീഡനങ്ങള്‍ ഏറ്റെടുക്കേണ്ടി വന്ന ഇന്ത്യന്‍ ജനതയുടെ ഉയര്ത്തെഴുന്നേല്പാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.