സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരം; രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരേ സ്ഥലത്ത് : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനം (05/04/2024).

സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരം; രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരേ സ്ഥലത്ത്; ഐ.സി.യുവില്‍ സ്ത്രീയെ

പീഡിപ്പിച്ചവര്‍ക്കൊപ്പം നില്‍ക്കുന്ന നാണംകെട്ട സര്‍ക്കാരാണിത്; വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ആരോഗ്യമന്ത്രിയും ഒരു സ്ത്രീയല്ലേ? ക്രമസമാധാനം വഷളാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് സി.പി.എം ബോംബുണ്ടാക്കുന്നു; കൊടിയും ചിഹ്നവും നഷ്ടപ്പെടുത്തി സി.പി.എമ്മിനെ കുഴിച്ചുമൂടിയിട്ടേ പിണറായി വിജയന്‍ പോകൂ.


തിരുവനന്തപുരം :  ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം ദേശീയതലത്തില്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന് കേരളത്തില്‍ മാത്രമല്ല കോണ്‍ഗ്രസുമായി ബന്ധമുള്ളത്. ഇന്ത്യ മുന്നണിയിലും അംഗമാണ്. നാല് പതിറ്റാണ്ടുകാലമായി യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലീംലീഗ്. ആ ബന്ധം മറച്ചുവയ്‌ക്കേണ്ട ആവശ്യം കേരളത്തിലെയോ ദേശീയതലത്തിലെയോ കോണ്‍ഗ്രസിനില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അതേ ആരോപണം ഉന്നയിച്ചത് അദ്ഭുതകരമാണ്. സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരവും ഒരേ വാദങ്ങളുമാണ്. രണ്ടു പേരുടെയും പ്രസ്താവന ഒരു സ്ഥലത്താണോ തയാറാക്കിയതെന്ന് സംശയം തോന്നുന്ന തരത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്ഷേരപം. രാജ്യത്താകെ സഞ്ചരിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിയാന്‍ ബി.ജെ.പി

ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് സ്മൃതി ഇറാനി. ബി.ജെ.പി നേതൃത്വം ചെയ്യുന്നതു പോലെ തന്നെ രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും ശക്തിയുമാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗന്ധിയെ ആക്ഷേപിച്ചാല്‍ ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താമെന്നും അതിലൂടെ ബി.ജെ.പിയുടെ പ്രീതി സമ്പാദിക്കാനുമാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. മാസപ്പടിയും കരുവന്നൂര്‍ കൊള്ളയും ഉള്‍പ്പെടെ സ്വന്തം കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ അന്വേഷിക്കുമെന്ന ഭീതിയിലാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകളുമായി പിണറായി വിജയന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ബി.ജെ.പിയുടെ അതേ വാക്കുകളാണ് പിണറായിയും ആവര്‍ത്തിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജറിക്ക് വിധേയയായ സ്ത്രീയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അതിജീവിതയെ സി.പി.എം സംഘടനയില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെതിരെ നഴ്‌സിങ് ജീവനക്കാരിയായ അനിത പരാതി നല്‍കി. ഈ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ

നടപടിയെടുക്കേണ്ടി വന്നു. അതിജീവിതയ്‌ക്കൊപ്പം നിന്നതിനും ഭീഷണിപ്പെടുത്തിയവരുടെ പേര് പുറത്ത് പറഞ്ഞതിനും അനിതയെ സ്ഥലം മാറ്റി. ഏപ്രില്‍ ഒന്നിന് പുനര്‍നിയമനം നല്‍കണമെന്ന ഉത്തരവുമായി അനിത ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രി വരാന്തയില്‍ കാത്തിരിക്കുകയാണ്. കേരളത്തില്‍ ഒരു ആരോഗ്യമന്ത്രിയില്ലേ? അവരും ഒരു സ്ത്രീയല്ലേ? ഐ.സി.യുവില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരുടെ പേര് പുറത്ത് പറഞ്ഞതിന്റെ പേരില്‍ ജീവനക്കാരിയെ നിരന്തരമായി സ്ഥലം മാറ്റുകയും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമനം നല്‍കില്ലെന്നും പറയാന്‍ നാണംകെട്ട ഈ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഈ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്? ഐ.സി.യുവില്‍ കിടന്ന സ്ത്രീയെ പീഡിപ്പിച്ചവര്‍ക്കൊപ്പമാണോ ഈ സര്‍ക്കാരും ആരോഗ്യമന്ത്രിയും? സ്ത്രീകള്‍ക്ക് പോലും അപമാനമാണ്. കുറ്റവാളികളായ എന്‍.ജി.ഒ യൂണിയന്‍കാരെ സംരക്ഷിക്കുകയാണ്. പാര്‍ട്ടിക്കാര്‍ എന്ത് തോന്ന്യവാസം കാണിച്ചാലും സംരക്ഷിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്ത് തെറ്റാണ് നഴ്‌സിങ് സ്റ്റാഫ് ചെയ്തത്? മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് ഭീഷണിപ്പെടുത്തിയവരുടെ ലിസ്റ്റ് നല്‍കിയതിനാണ് അവരെ പീഡിപ്പിക്കുന്നത്. ഈ നാട്ടില്‍ ആരാണ് ഇര, ആരാണ് വേട്ടക്കാര്‍ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. ഇത് അപമാനകരമാണ്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം പകര്‍ത്തിയ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥനെ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ റൂമില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി. വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചിട്ടും എന്ത് നടപടിയാണ് സ്ഥാനാര്‍ത്ഥിക്കെതിരെ എടുത്തത്? എന്തും ചെയ്യാവുന്ന

അവസ്ഥയാണ്. പാനൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനമുണ്ടായി. തിരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാന നില വഷളാക്കാന്‍ സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് ബോംബുണ്ടാക്കുകയാണ്. കേരളത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയില്ലേ? കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ബോംബ് നിര്‍മ്മാണമുണ്ടായി. തിരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കലാണോ കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ പണി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി കുടുംബശ്രീയുടെ സ്റ്റേജില്‍ കയറി ഇരിക്കുകയാണ്. അന്‍പതിനായിരം പേര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ഇതൊക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണം.

 

Author

Leave a Reply

Your email address will not be published. Required fields are marked *