ചൂട് കൂടുന്നു; ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ

Spread the love

ചൂട് കൂടുന്നു; ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ.
നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ നിർദേശം.

ജില്ലയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അമിതമായ ചൂട് കാരണം സൂര്യതാപവും സൂര്യാഘാതവും ഉണ്ടായേക്കാം. നിർജലീകരണത്തെ തുടർന്ന് ശരീരത്തിലെ ലവണാംശം കുറയാനും ഇതുമൂലം ക്ഷീണവും തളർച്ചയും ബോധക്ഷയവും ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

*കനത്ത ചൂടിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

*ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

*തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം

*യാത്രാ വേളയിൽ വെള്ളം കരുതണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ, ഐസ് ശുദ്ധജലത്തിൽ
നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ജലജന്യ രോഗങ്ങൾക്ക് കാരണമായേക്കാം.

*വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം.

*11 മണി മുതൽ 3 മണിവരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം.

*കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.

*പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

*കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളേയും മുതിർന്നവരേയും ഇരുത്തിയിട്ട് പോകരുത്.

*വീടിന്റെ വാതിലുകളും ജനാലകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. സൂര്യാഘാതം ഏറ്റതായി തോന്നുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യണം. വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കണം. പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകി ഉപയോഗിക്കണം. പഴങ്ങളും സാലഡുകളും ധാരാളം കഴിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കണം.

ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *