തിരുവനന്തപുരം : കാരിരുമ്പിനേക്കാൾ കഠിനമായ ഇച്ഛാശക്തിയുള്ള നേതാവാണ് രാഹുൽഗാന്ധിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. നരേന്ദ്രമോദിയും ബിജെപി സർക്കാരും അവരുടെ ഭരണ- പ്രചരണ മെഷിനറികൾ ഉപയോഗിച്ച് നിരന്തരം അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും കേസുകളിൽപ്പെടുത്തുകയും ചെയ്തിട്ടും ആ വെല്ലുവിളികളെ തെല്ലും ഭയക്കാതെ, ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കെതിരെ രാഹുൽ പോരാട്ടം തുടരുകയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി. എൻ. അശോകൻ രചിച്ച് മന്ദാരം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രാഹുൽഗാന്ധി വെല്ലുവിളികളിൽ പതറാതെ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു എ.കെ ആന്റണി.
ഏത് തീരുമാനമെടുത്താലും അതിൽ ഉറച്ചുനിൽക്കുന്ന കരുത്തിന്റെ പേരാണ് രാഹുൽഗാന്ധി. കന്യാകുമാരി മുതൽ കാശ്മീർ വരെയും മണിപ്പൂർ മുതൽ
മഹാരാഷ്ട്രവരെയും കോരിച്ചൊരിയുന്ന മഴയും കൊടുംമഞ്ഞും കനത്തവേനലും വകവെയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ പദയാത്ര നടത്തിയ രാഹുൽഗാന്ധിയുടെ ഇച്ഛാശക്തി രാജ്യം തിരിച്ചറിഞ്ഞതാണ്. ഭാരത് ജോഡോ യാത്രയുടെ സമാപനം ശ്രീനഗറിൽ തന്നെ നടത്തുമെന്ന രാഹുലിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നു. ഭരണകൂടം തടയാൻ ശ്രമിച്ചിട്ടും ക്രൂരമായി വേട്ടയാടപ്പെട്ട മണിപ്പൂരിലെ ജനതയെ കണ്ടേ മടങ്ങൂവെന്ന രാഹുലിന്റെ പ്രഖ്യാപനവും ഇച്ഛാശക്തി തെളിയിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് ഒഴിയാനുള്ള തീരുമാനത്തിൽ നിന്ന് രാഹുൽഗാന്ധിയെ പിന്തിരിപ്പിക്കാൻ ആരെല്ലാം ശ്രമിച്ചിട്ടും നടന്നില്ല. ഉറച്ച തീരുമാനമായിരുന്നു അദ്ദേഹത്തിന്റേതെന്നും ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ മതേതരത്വത്തിനും ഐക്യത്തിനും വേണ്ടി സ്വന്തം ജീവൻ ബലികഴിച്ച ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കുടുംബത്തിലെ
പിൻമുറക്കാരനെന്നത് തന്നെയാണ് ഏത് പ്രതിസന്ധിയെയും നേരിടാൻ രാഹുൽഗാന്ധിക്ക് കരുത്തുപകരുന്നത്. വിദ്വേഷത്തിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന നന്മയുടെ, മനുഷ്യസ്നേഹത്തിന്റെ പ്രതീകമായ ആ മനുഷ്യനെയാണ് മോദി ഭരണകൂടം പലരീതിയിൽ വേട്ടയാടിയത്. ഈ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റിൽ മൽസരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനവും 28 -ഓളം കക്ഷികളെ ഒപ്പം ചേർത്ത് ഇന്ത്യ മുന്നണി ഉണ്ടാക്കാനുള്ള തീരുമാനവും മണ്ടത്തരമാണെന്ന് പറഞ്ഞവരുണ്ട്. പക്ഷെ, ഇക്കഴിഞ്ഞ രണ്ടാഴ്ചത്തെ രാഷ്ട്രീയ ചിത്രം പരിശോധിച്ചാൽ ആ തീരുമാനം ശരിയായിരുന്നുവെന്നതിന്റെ തെളിവുകൾ വ്യക്തമാണ്. ബിജെപിയുടെ മേൽക്കോയ്മ നഷ്ടപ്പെട്ടുവെന്നും തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപി ഏറെ പിന്നിലായെന്നും എകെ ആന്റണി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാനതത്വം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും അംബേദ്ക്കറെയും സമന്വയിപ്പിച്ച് പുതിയൊരു രാഷ്ട്രീയധാരയാണ് രാഹുൽഗാന്ധി മുന്നോട്ടുവെയ്ക്കുന്നതെന്നും എകെ ആന്റണി പറഞ്ഞു. പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. ജാൻസി ജെയിംസ് എ.കെ ആന്റണിയിൽ നിന്ന് ഏറ്റുവാങ്ങി.
കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെപിസിസി മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് അധ്യക്ഷതവഹിച്ചു. സണ്ണിക്കുട്ടി എബ്രഹാം പുസ്തക പരിചയം നടത്തി. ചലച്ചിത്ര സംവിധായകൻ ടി.കെ രാജീവ്കുമാർ, നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ജി.എസ് ബാബു, പ്രദീപ് പനങ്ങാട്, ഡെനീസ് ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു