തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഭരണ നേട്ടങ്ങള്‍ പറയുന്നില്ല; ഓര്‍മിപ്പിച്ചാല്‍ തിരിച്ചടി കിട്ടുമെന്നറിയാമെന്ന് ചെന്നിത്തല

Spread the love

തിരുവനന്തപുരം :  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. വോട്ട് ചെയ്യാനായി എന്തെങ്കിലും ഭരണനേട്ടമോ മറ്റ് കാരണങ്ങളോ ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. എന്നാല്‍, വോട്ട് ചെയ്യാതിരിക്കാന്‍ ആയിരം കാരണങ്ങളുണ്ട്. ഈ തെരഞ്ഞെടുപ്പ് എല്‍എഡിഎഫിന്റെ വാട്ടര്‍ ലൂ ആണെന്നതില്‍ സംശയമില്ല. ഉപതെരഞ്ഞെടുപ്പില്‍

തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫിനുണ്ടായ വിജയത്തിന്റെ തുടര്‍ച്ച പാര്‍ലമെന്റ് തെരഞ്ഞെടപ്പിലും പ്രതിഫലിക്കും. കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വികാരവും മോദിയുടെയും മുഖ്യമന്ത്രിയുടെയും വര്‍ഗീയ ധ്രുവീകരണത്തിനെതിരെയുള്ള ജനവികാരവും ആഞ്ഞടിക്കും. ബിജെപി-സിപിഎം അന്തര്‍ധാരയും മതേതരത്വം തകര്‍ക്കാനുള്ള നീക്കവും കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

തെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തകര്‍പ്പന്‍ വിജയം നേടുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20-ല്‍ 20ഉം നേടി സമ്പൂര്‍ണ ആധിപത്യമുറപ്പിക്കും. ബിജെപിയും ഇടതുമുന്നണിയും ഇതുപോലെ നിരാശരായ തെരഞ്ഞെടുപ്പ് കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് സര്‍ക്കാരിന്റെ നേട്ടങ്ങളൊന്നും അവതരിപ്പിച്ച് വോട്ടുതേടാനാകുന്നില്ല. സര്‍ക്കാരിനെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറയുന്നില്ല. ഓര്‍മിപ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്. എട്ടുവര്‍ഷമായി കേരളത്തെ തകര്‍ത്തു തരിപ്പണമാക്കിയ ഇടതുസര്‍ക്കാരെന്ന് കേട്ടാല്‍ ജനത്തിന് വാശി കൂടും. ജനങ്ങളുടെ ശക്തമായ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ അലയടിക്കും. അഴിമതിയും കൊള്ളയും നടത്തുന്ന സര്‍ക്കാരിനെതിരെ ഒരവസരത്തിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍. അതുകൊണ്ടാണ് മുഖ്യമന്ത്രി ഭരണനേട്ടങ്ങളെക്കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഒരു വന്‍കിട വികസന പദ്ധതിയും പിണറായി സര്‍ക്കാരിന് ചൂണ്ടിക്കാട്ടാനില്ല. ജനങ്ങളെ ഭയവിഹ്വലരാക്കിയ കെ റെയിലാണ് ആകെ പറഞ്ഞിരുന്നത്. ജനം എതിര്‍ത്തതോടെ കെ റെയില്‍ ദുസ്വപ്നമായി. ഏതോ മഹാകാര്യം നടത്താന്‍ പോകുന്നുവെന്ന പ്രതീതിയോടെയാണ് കെ ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ അതും നിലച്ചു. സിപിഎമ്മിന് ആകെ അറിയാവുന്നത് കൊലപാതകമാണ്. അഴിമതിയും അക്രവുമാണ് അവരുടെ മുഖമുദ്ര. പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് ആരെ ആക്രമിക്കാനായിരുന്നു? തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അത്. സിദ്ധാര്‍ഥ് എന്ന പാവപ്പെട്ട വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ ആള്‍ക്കൂട്ട വിചാരണയിലൂടെ കൊന്നുകളഞ്ഞതും ഈ അക്രമപരമ്പരയുടെ ഭാഗമായിരുന്നു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വേദികള്‍ ശുഷ്‌കമാണ്. മുഖ്യമന്ത്രിയെ പേടിച്ച് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ ആളുകളെ കൊണ്ടിരുത്തുന്നതല്ലാതെ മറ്റാരും എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കുറി ഇന്ത്യ സഖ്യം അധികാരത്തില്‍ വരിക തന്നെ ചെയ്യും. കഴിഞ്ഞ തവണ 35 ശതമാനം വോട്ടു നേടി എന്‍ഡിഎ അധികാരത്തില്‍ വന്നത് 65 ശതമാനം വോട്ടുകള്‍ ഭിന്നിച്ചു പോയതു കൊണ്ടാണ്. ഇത്തവണ അത് ഒന്നിപ്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. എല്‍ഡിഎഫിന് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്ന് പ്രകാശ് കാരാട്ടിനറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനില്ലെന്ന് അദ്ദേഹം പറയുന്നത്. ചാര്‍സോ പാര്‍ എന്ന മുദ്രാവാക്യം ബിജെപിയുടെ ഭയത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. ദക്ഷിണേന്ത്യയില്‍ ഇന്ത്യ സഖ്യം വന്‍ മുന്നേറ്റമുണ്ടാക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ത്യ സഖ്യത്തിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ്. മഹാരാഷ്ട്രയില്‍ 35 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ. ഉത്തര്‍ പ്രദേശിലും ബീഹാറിലും ബിജെപിക്ക് കഴിഞ്ഞതവണത്തെ സ്വാധീനമില്ല. രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപി വിരുദ്ധ വികാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന ഇടതുമുന്നണി മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പമാണ്. കോണ്‍ഗ്രസിനെതിരെയുള്ള പിണറായി വിജയന്റെ വിമര്‍ശനം ദൗര്‍ഭാഗ്യകരമാണ്. മോദിയെ വിമര്‍ശിക്കാന്‍ സമയമില്ലാത്ത മുഖ്യമന്ത്രി, മോദിക്കും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ പോരാട്ടം നടത്തുന്ന രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നു. എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നത് പോലെ മോദിയെ തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ നിരവധി വേട്ടയാടലുകള്‍ നേരിടേണ്ടി വന്നയാളാണ് രാഹുല്‍. അതുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യദ്രോഹക്കുറ്റമായ സ്വര്‍ണക്കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പറഞ്ഞ മോദി അതിനെതിരെ എന്തു നടപടിയെടുത്തു. ധൈര്യത്തോടെ കേന്ദ്ര ഏജന്‍സിയെ പിണറായി കേരളത്തിലേക്ക് ക്ഷണിച്ചത് അന്വേഷണം എവിടെയുമെത്തില്ല എന്ന മോദിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. മോദിയുടെ പേര് ഉച്ചരിക്കാന്‍ പോലും കഴിയാത്തത് ഭയം കൊണ്ടാണെന്നും ആ ഭയത്തിന്റെ കാരണം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *