വര്‍ഗീയ പ്രചാരണത്തിനെതിരേ മതേതരത്വ പ്രചാരണം സംഘടിപ്പിക്കുമെന്ന് എംഎം ഹസന്‍

Spread the love

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പലിനെതിരെ സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുന്ന വിധം സിപിഎം നടത്തി വരുന്ന വര്‍ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ യുഡിഎഫ് മതേതരത്വത്തില്‍ ഊന്നിയുള്ള ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. സിപിഎമ്മിന്റെ വ്യക്തി അധിക്ഷേപ വ്യാജപ്രചരണത്തിനെതിരെ മേയ് 11ന് വടകരയില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.കെപിസിസി തിരഞ്ഞെടുപ്പ് അവലോകന യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ സിപിഎം ഷാഫിക്കെതിരെ വ്യാജഅശ്ലീല വീഡിയോ പ്രചരിപ്പിരുന്നു. അത് വ്യാജമാണെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് വ്യാപകമായ സൈബര്‍ ആക്രമണം ഷാഫിക്കെതിരേ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.ഷാഫി മുസ്ലീം പക്ഷപാതിയാണെന്നുവരെ പ്രചരിപ്പിച്ചു. വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുന്ന സിപിഎമ്മിന് മതേതരത്വത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. പാര്‍ട്ടിക്കുള്ളില്‍ മതേതരബോധം വളര്‍ത്തിയിട്ട് വേണം പുറത്ത് അതിനെ കുറിച്ച് സിപിഎം സംസാരിക്കാനെന്നും ഹസന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ പി.വി.അന്‍വര്‍ എംഎല്‍എ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കെപിസിസി നിയമ നടപടികള്‍ക്കൊപ്പം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.

വോട്ടെടുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കെപിസിസി ഉടനേ അടിത്തട്ടില്‍നിന്നു ശേഖരിച്ച് സമഗ്രമായി വിശകലനം ചെയ്യും. ബിഎല്‍എമാരുടെ കയ്യിലുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ വോട്ടുചെയ്യാത്തവര്‍, മരണമടഞ്ഞവര്‍ തുടങ്ങിയ വിവരങ്ങളുണ്ട്. ഇതു സമാഹരിക്കാന്‍ യോഗങ്ങള്‍ ചേരും. ഈ മാസം 14ന് ബ്ലോക്ക്- മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം ചേരണം. ഇതില്‍ ഒരു മുതിര്‍ന്ന നേതാവ് പങ്കെടുക്കും. 16നും 20നും ഇടയില്‍ മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് പ്രസിഡന്റുമാരുടേയും ബിഎല്‍എമാരുടേയും യോഗം ചേര്‍ന്ന് കെപിസിസിയില്‍നിന്നു നല്കുന്ന പെര്‍ഫോമ പൂരിപ്പിച്ച് ഈ മാസം 24ന് റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറണമെന്നും ഹസന്‍ പറഞ്ഞു. 10-ാം തീയതി ഡിസിസി യോഗം ചേര്‍ന്ന് സംയുക്ത യോഗത്തില്‍ പങ്കെടുക്കേണ്ട മുതിര്‍ന്ന നേതാക്കളുടെ പട്ടിക തയാറാക്കണം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും. ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടിംഗ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. അതിനാലാണ് പോളിംഗ് ശതമാനം കുറഞ്ഞത്. കുറ്റമറ്റരീതിയില്‍ വോട്ടെടുപ്പ് നടത്തുന്നതില്‍ ഗുരുതരവീഴ്ചയുണ്ടായി. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി അന്വേഷിക്കണം. നേരത്തെ ഇതേ ആവശ്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതിപക്ഷനേതാവ് വിഡി സതീശനും ഉന്നയിച്ചിരുന്നെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ നടപടി എടുത്തില്ല. പോളിംഗ് ബൂത്തുകളില്‍ ക്യൂവില്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവം ഉണ്ടായി. പല പോളിംഗ് ബൂത്തുകളിലും രാത്രി വരെ നീണ്ട ക്യൂ നീണ്ടു. പത്തോളം പേര്‍ക്കാണ് ജീവഹാനി ഉണ്ടായതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

കെ മുരളീധരന്‍, ടി സിദ്ദിഖ്, ടിഎന്‍ പ്രതാപന്‍, ചെറിയാന്‍ ഫിലിപ്പ്, ദീപ്തിമേരി വര്‍ഗീസ്, ജിഎസ് ബാബു, എംഎം നസീര്‍, പിഎം നിയാസ് തുടങ്ങിയവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *