അറിവും നൈപ്യണ്യവും വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നു : മുഖ്യമന്ത്രി

Spread the love

നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് അറിവും നൈപുണ്യവും അവയുടെ സംയോജനവും നമ്മുടെ സമ്പദ് വ്യവസ്ഥകളിലും സമൂഹത്തിലും വിപ്ലവം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കെ- ഡിസ്‌കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എംപ്ലോയേഴ്‌സ് കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ആഗോള വ്യവസായ രംഗത്തെ ഈ പരിവർത്തന ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി നവീകരിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. ലോകമെമ്പാടുമുള്ള ജോലികൾക്കായി യുവജനങ്ങളുടെ കഴിവുകളെ സജ്ജരാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.

ഈ ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കണോമി മിഷൻ (കെ കെ ഇ എം) രൂപീകരിച്ചത്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ നൽകാനാണ് കെ കെ ഇ എം ഉദ്ദേശിക്കുന്നത്. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനാണ് (കെ-ഡിസ്ക്) ഇതിന്റെ നടത്തിപ്പ് ചുമതല.

പ്രാദേശികമായി ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിനകത്തും രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങൾ സുഗമമാക്കുകയും ചെയ്യുന്നതിനാണ് കേരള നോളജ് ഇക്കണോമി മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി, വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങൾ നേരിട്ടും പങ്കാളികൾ മുഖേനയും നൽകുന്നതിന് മിഷൻ പ്രവർത്തിച്ചു. ഇതിനകം 1,10,000-ത്തിലധികം തൊഴിൽ ഇത്തരത്തിൽ ലഭ്യമാക്കാൻ കഴിഞ്ഞു. ഇതിൽ ഏകദേശം 37,000 എണ്ണം ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യു എം എസ്) വഴി നേരിട്ടുള്ളവയാണ്.

റിക്രൂട്ട്, ട്രെയിൻ, ഡിപ്ലോയ് (RTD) മോഡലിന് തൊഴിലന്വേഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ടെന്ന് അനുഭവങ്ങൾ സൂചിപ്പിക്കുന്നു. ഈ മോഡലിന് കീഴിൽ ഓഫർ ലെറ്ററുകൾ മുൻകൂട്ടി നൽകുന്നത് തൊഴിലന്വേഷകർക്ക് സുരക്ഷിതത്വം ഉറപ്പ് നൽകുന്നു. നൈപുണ്യ പരിശീലനവുമായി ഈ മാതൃക സംയോജിപ്പിക്കുന്നത് അവരുടെ ഭാവി ആവശ്യങ്ങൾക്കു സഹായിക്കും. തൊഴിൽ നൈപുണ്യമുള്ള വിദഗ്ദ്ധരായ ജീവനക്കാരെ ലഭിക്കാനുള്ള അവസരങ്ങൾ തൊഴിൽ ദാതാവിനെ സഹായിക്കുന്നു. ആർ ടി ഡി മോഡലിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ്, പങ്കാളികളുമായി വിപുലമായ ചർച്ചകളിൽ ഏർപ്പെടുന്നതിനുള്ള അവസരം കോൺക്ലേവ് നൽകുന്നു

ഈ മാതൃകയുടെ വിപുലമായ നടപ്പാക്കലിനായി സ്ഥാപനങ്ങളുമായി നേരിട്ട് സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ മോഡലിനെ കുറിച്ച് വ്യവസായ മേഖലയിൽ നിന്ന് ഉൾക്കാഴ്ചകൾ ലഭിക്കുന്നതിനായി കെ-ഡിസ്‌കും സിഐഐയുമായി സഹകരിച്ച് ഏഴ് ഇൻഡസ്ട്രി റോഡ് ഷോകൾ രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിൽ നടത്തിയിട്ടുണ്ട്. വളരെ മികച്ച പ്രതികരണങ്ങളാണ് ഇൻഡസ്ട്രി വിഭാഗത്തിൽ നിന്ന് ഇതുവരെ ലഭിച്ചത്.

വിവിധ ആർ ടി ഡി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിൽ കെ-ഡിസ്‌കുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾ, പങ്കാളികൾ എന്നിവരുമായുള്ള കരാറുകൾ ഔപചാരികമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്ഥാപനങ്ങളുമായുള്ള ധാരാണപത്രം കൈമാറ്റവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു.

കെ ഡിസ്‌ക് എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ കെ എം എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ സ്വാഗതമാശംസിച്ചു. കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രി എക്‌സിക്യുട്ടീവ് ഡയറക്ടർ സൗഗത റോയ് ചൗധരി, ഐ സി ടി അക്കാദമി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മുരളീധരൻ മന്നിംഗൽ എന്നിവർ സംബന്ധിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *