സര്‍ക്കാര്‍ മേഖലയിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നു

Spread the love

3 മെഡിക്കല്‍ കോളേജുകള്‍ക്കായി 2.20 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്കായാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 1.12 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളേജിന് 88.07 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 19.16 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലമാക്കാന്‍ വലിയ ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ നടത്തി വരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കി. കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നു വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളേജില്‍ വൃക്ക, കരള്‍, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകളും നടന്നു വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

സംസ്ഥാനത്തെ മുഴുവന്‍ അവയവദാനങ്ങളും നിയന്ത്രിക്കുന്നതിനായി കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) രൂപീകരിച്ചു. അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത തീരെ കുറഞ്ഞുവരുന്ന രോഗികളുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏക ശാസ്ത്രീയമായ ചികിത്സാരീതി അവയവം മാറ്റിവയ്ക്കലാണ്. നിലവില്‍ വൃക്ക മാറ്റിവയ്ക്കാനായി 2265 പേരും, കരള്‍ മാറ്റിവയ്ക്കാനായി 408 പേരും, ഹൃദയം മാറ്റിവയ്ക്കാനായി 71 പേരും, കൈകള്‍ മാറ്റിവയ്ക്കാനായി 11 പേരും, പാന്‍ക്രിയാസ് മാറ്റിവയ്ക്കാമായി 10 പേരും, ചെറുകുടല്‍ മാറ്റിവയ്ക്കാനായി 3 പേരും, ശ്വാസകോശം മാറ്റിവയ്ക്കാനായി 2 പേരും കെ സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം, മരണാനന്തര അവയദാനം വഴി അവയവം ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രം ആശ്രയിയ്ക്കാവുന്ന ചികിത്സാ രീതിയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു ദാതാവ്, അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ അത് എട്ട് പേര്‍ക്ക് പുതുജീവിതം പകരും. ആയതിനാല്‍ ഏറ്റവും ശാസ്ത്രീയവും, വികസിത രാജ്യങ്ങള്‍ എല്ലാം തന്നെ പിന്തുടരുന്നതുമായ മരണാനന്തര അവയവദാനം നിശ്ചയമായും പ്രോത്സാഹിക്കേണ്ടത് അത്യാവശ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *