അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ വാക്കൗട്ട് പ്രസംഗം (27/06/2024).
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം നല്‍കിയത് അലഭ്യ ലഭ്യശ്രീ യോഗം പോലെ; ഈ മാസം ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ വട്ടപ്പൂജ്യം; പ്രാദേശിക വികസനം വഴിമുട്ടിച്ച് തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു.
…………………………………………………………………………………..
അനാസ്ഥയും ഉഴപ്പും കൊണ്ട് ഒരു കുടുംബനാഥന് ചെലവ് കാശ് നല്കാതിരിക്കുമ്പോള് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വാങ്ങിക്കൊടുക്കാന്‍ പണമില്ലാതെ വരുമ്പോള്‍ വീട്ടമ്മയ്ക്കുണ്ടാകുന്ന ഒരു നിസഹായാവസ്ഥയുണ്ട്. അതാണ് തദ്ദേശ മന്ത്രി എം.ബി രാജേഷിന്റെ ആദ്യ മറുപടിയില്‍ പ്രതിഫലിച്ചത്. സ്വന്തം വീട്ടിലെ കുഴപ്പം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഈ വീട്ടമ്മ കുറെ ന്യായങ്ങള്‍ നിരത്തും. ആ ന്യായങ്ങള്‍ നിരത്തുന്നതു പോലെയാണ് മന്ത്രി രണ്ടാമത് നല്കിയ മറുപടി.
യാഥാര്‍ത്ഥ്യങ്ങളല്ല മന്ത്രി പറഞ്ഞത്. പ്രദേശിക വികസനം വഴിമുട്ടി. അധികാര വികേന്ദ്രീകരണമെന്ന സങ്കല്പം കേരളത്തില്‍ തകര്‍ന്നു. ജനപ്രതിനിധികള്‍ പൊതുജനമധ്യത്തില്‍ കുറ്റക്കാരായി. ഞങ്ങളുടെ തദ്ദേശ ജനപ്രതിനിധികളെക്കാള്‍ കൂടുതല്‍ എല്‍.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാരും മുന്‍സിപ്പല്‍ ചെയര്മാന്മാരുമാണ് എന്നോട് ഏറ്റവും കൂടുതല്‍ പരാതി പറഞ്ഞിട്ടുള്ളത്. പഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും മുന്‍സിപ്പാലിറ്റികളുടെയും സ്ഥതി ദയനീയമാണ്. എന്നിട്ടും ഒരു കുഴപ്പവും ഇല്ലെന്ന മട്ടിലാണ് മന്ത്രിയുടെ മറുപടി. ജൂണ്‍ ആറിന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പറയുന്നത് വികസന ഫണ്ട് ഇനത്തില്‍ 30360 ബില്ലുകള്‍ പെന്‍ഡിങില്‍ ആണെന്നാണ്. അതായത് 656 കോടി. മെയിന്റനന്‍സ് ഗ്രാന്റ് കൂടി ചേര്‍ത്താല്‍ 40855 ബില്ലുകള്‍ (1135 കോടി രൂപ) ട്രഷറിയില്‍ പെന്‍ഡിങാണ്. ഇതില്‍ പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കുള്ള പദ്ധതിയുമുണ്ട്.
2021-22 വാര്‍ഷിക പദ്ധതി മുതല്‍ നല്കുവാനുള്ള ക്യാരി ഓവര്‍ തുകകള്‍ 2022-23 വര്‍ഷത്തെ മൂന്നാം ഗഡുവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു കൊടുത്താല്‍ മാത്രമെ പ്രതിസന്ധി പരിഹരിക്കപ്പെടൂ. 2023 മാര്‍ച്ചില്‍ നല്‍കേണ്ട ബില്ലുകള്‍ സര്‍ക്കാര്‍ നല്‍കിയത് കഴിഞ്ഞ പിറ്റേ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നാണ്. 80 ശതമാനത്തില്‍ താഴെയാണ് ചെലവഴിക്കുന്നതെങ്കില്‍ ബാക്കി തുക തദ്ദേശ സ്ഥാപനത്തിന് നഷ്ടമാകും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റില്‍ നല്‍കേണ്ട രണ്ടാം ഗഡു നവംബറിലാണ് നല്‍കിയത്. ഈ തുക നല്കിയ ഉടനെ ട്രഷറി നിയന്ത്രണം വന്നു. അപ്പോള്‍ രണ്ടാം ഗഡു നല്‍കിയത് വെറുതെയായി. അലഭ്യ ലഭ്യശ്രീ എന്നൊരു യോഗമുണ്ട്. സംഭവം നമ്മുടെ കയ്യിലുണ്ടെങ്കിലും അനുഭവിക്കാന്‍ യോഗമുണ്ടാകില്ല. ചിലരുടെ ജാതകം വായിച്ചാല്‍ ആദ്യ പേജുകളില്‍ രാജയോഗമുണ്ടെന്ന് പറയുമെങ്കിലും പിന്നീടുള്ള പേജില്‍ അത് അനുഭവിക്കാന്‍ യോഗമില്ലെന്നും എഴുതിയിട്ടുണ്ടാകും. അതാണ് തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാം ഗഡുവിന്റെ സ്ഥിതി. പഞ്ചായത്തില്‍ പുല്ല് വെട്ടുന്നതിന്റെ കാശ് പോലും കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതി. മാര്‍ച്ച് 23 ന് മൂന്നാം ഗഡു കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും അതിന്റെ തലേ ദിവസം തന്നെ എല്ലാ ട്രഷറിയും പൂട്ടി. പണ്ടൊക്കെ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിച്ചിരുന്ന ട്രഷറികള്‍ ഈ സര്‍ക്കാരിന്റെ ഗുണം കൊണ്ട് ഓരാഴ്ച മുന്‍പ് തന്നെ അടച്ചുപൂട്ടി. നിങ്ങളെ ആരെയാണ് പരിഹസിച്ചത്? എന്നിട്ടാണ് 80 ശതമാനം ചെലവാക്കണമെന്ന് പറഞ്ഞത്. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ക്യാരി ഓവര്‍ തുക ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ക്യാരി ഓവര്‍ ആയി സര്‍ക്കാര്‍ പറയുന്നത് ഈ വര്‍ഷത്തെ പദ്ധതിയില്‍ നിന്നും എടുക്കണമെന്നാണ്. അപ്പോള്‍ ഈ വര്‍ഷത്തെ പദ്ധതിയുടെ കാര്യത്തിലും തീരുമാനമായി. വാര്‍ഷിക പദ്ധതിക്ക് വേണ്ടി തയാറെടുപ്പ് നടത്തി ആ കടലാസുകളിലേക്ക് നോക്കി ഇരിക്കേണ്ട ഗതികേടിലാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും.
പല മന്ത്രിമാരും കണക്ക് പറയുമ്പോള്‍ 2011-16 ഒരു കണക്കും പിന്നാലെ ഇപ്പോഴത്തെ ഒരു കണക്കും പറയും. ഇനി മുതല്‍ 2006 മുതല്‍ 2011 വരെയുള്ള അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തെ കണക്കുകള്‍ കൂടി പറയണം. വേണമെങ്കില്‍ ഇ.എം.എസിന്റെ കാലത്തെ കണക്കുകള്‍ കൂടി കൊണ്ടു വാ. അന്നത്തെയും ഇന്നത്തെയും തുകകള്‍ പറയുന്നത് ഒരു കൗശലമാണ്. അത് പറയുമ്പോള്‍ പിന്നില്‍ ഇരിക്കുന്ന പാവങ്ങള്‍, ഞങ്ങളുടെ സര്‍ക്കാര്‍ വന്നപ്പോള്‍ തുക കൂടിയല്ലോ, പ്രതിപക്ഷത്തിന് ചുട്ട മറുപടി കിട്ടയല്ലോ എന്നോര്‍ത്ത് കയ്യടിക്കും. പക്ഷെ 2006 മുതലുള്ള കണക്ക് കൂടി വച്ചാല്‍ തലയില്‍ കൈവച്ചു പോകും. അതുകൊണ്ടാണ് ഇ.എം.എസിന്റെ കാലത്തെ കണക്കു കൂടി കൊണ്ടുവരാന്‍ പറഞ്ഞത്. അതുപോലെയാണ് 56700 കോടിരൂപയുടെ കണക്കും പറയുന്നത്. നിങ്ങള്‍ 1995 ലെ പത്താം ധനകാര്യ കമ്മീഷനെയും പതിനഞ്ചാം ധനകാര്യ കമ്മിഷനെയും തമ്മിലാണ് താരതമ്യം ചെയ്യുന്നത്. ഇത് നിങ്ങളുടെ കൗശലമാണ്. ജനങ്ങളെ കബളിപ്പിക്കുകയാണ്. നിങ്ങള്‍ 14ഉം 15ഉം തമ്മില്‍ താരതമ്യം ചെയ്യ്. ഡിവസീവ് പൂളില്‍ നിന്നും കുറവ് വന്നതിനെതിരെ ഞങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ഉറച്ച നിലപാട് എടുത്തിട്ടുണ്ട്.
ജി.എസ്.ടി കോമ്പന്‍സേഷന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ അവഗണനയെന്ന് മന്ത്രി പറയുന്നതു കേട്ടാല്‍ ഞെട്ടിപ്പോകും. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനത്തില്‍ വ്യത്യാസമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷത്തേക്ക് കോമ്പന്‍സേഷന്‍ നല്‍കും. അഞ്ച് കൊല്ലവും നിങ്ങള്‍ ജി.എസ്.ടി കേമ്പന്സേഷന് വാങ്ങി. എന്നിട്ടാണ് ആറാമത്തെ വര്‍ഷവും കോമ്പന്‍സേഷന്‍ കിട്ടിയിരുന്നെങ്കില്‍ പന്തീരായിരം കോടി കിട്ടിയേനെ എന്നു പറയുന്നത്. ഇത് എവിടുത്തെ കണക്കാണ്? ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്തിന് ആറാമത്തെ കോമ്പന്‍സേഷന്‍ കിട്ടിയിട്ടുണ്ടോ? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കിട്ടിയ സംസ്ഥാനമാണ് കേരളം. 53137 കോടി. ആ തുക അഞ്ച് വര്‍ഷം ഗഡുക്കളായി നല്കി. എന്നിട്ടാണ് 22-23 ല്‍ കൂടുതല്‍ കിട്ടിയെന്നും തൊട്ടടുത്ത വര്‍ഷം കുറഞ്ഞെന്നും പറഞ്ഞത്. നിങ്ങള്‍ ആളുകളെ കബളിപ്പിക്കുകയാണ്. കണക്കുകള്‍ വച്ചുള്ള നിങ്ങളുടെ കള്ളത്തരമാണ് 56700 കോടി കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്ന കണക്ക്. ഈ പച്ചക്കള്ളം നിങ്ങള്‍ പറയുമ്പോള്‍ അത് ഏറ്റുപിടിക്കാന്‍ ഞങ്ങളെ കിട്ടില്ല. അതിന് വേറെ ആളെ നോക്കിയാല്‍ മതി.
2019-20 ല്‍ 7209 കോടിയായിരുന്ന തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം 2023 -24 ല്‍ 7460 കോടി മാത്രമാണ് വര്‍ധിച്ചത്. അതായതു നാല് വര്‍ഷം കൊണ്ട് 250 കോടി രൂപയുടെ മാത്രം വര്‍ധനവ്. കേരളത്തില്‍ മാത്രമാണ് പ്ലാന്‍ ഔട്ട് ലേ കുറയുന്നത്. ഇത് എന്തൊരു മായാജാലമാണ്. ഇക്കോണമി താഴോട്ട് പോകുകയാണ്. അതിന് കാരണം നിങ്ങള്‍ ഇടതല്ല, നിങ്ങള്‍ തീവ്രവലതുപക്ഷ വ്യതിയാനത്തിലേക്കാണ് പോകുന്നത്. മോദി സര്‍ക്കാരിനെ പോലെ നിങ്ങള്‍ക്കും പ്ലാന്‍ വേണ്ട. പ്ലാനില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമൊക്കെ പ്രത്യേക പരിഗണന കൊടുക്കേണ്ടി വരും. നിങ്ങള്‍ അതുകൊണ്ട് പ്ലാനില്‍ നിന്നും നേരം കിഫ്ബിയിലേക്ക് ചാടി. കിഫ്ബിയില്‍ പിന്നാക്ക വിഭാഗങ്ങളോ എസ്.സി എസ്.ടിയോ ഉണ്ടോ? പ്ലാനിനെ തകര്‍ത്ത് തരിപ്പണമാക്കി നിങ്ങള്‍ പ്രൊജക്ടുകളിലേക്ക് പോയി.
പ്ലാന്‍ ഫണ്ട് യഥാസമയം നല്‍കാത്തത് കൊടിയ അനീതിയാണ്. 2017-18 ല്‍ ചെലവഴിച്ച തുകയും(5292.71 കോടി) 2023-24 ചെലവഴിച്ച തുകയും(5335.64 കോടി) തമ്മില്‍ വെറും 42 കോടി രൂപയുടെ വര്‍ധനവ് മാത്രമാണ്. ഏഴ് വര്‍ഷം കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ ചെലവഴിച്ച തുക വെറും 42 കോടി രൂപ മാത്രമാണ് വര്‍ദ്ധനവ്. പതിനായിരം കോടിയായി ആകേണ്ട സ്ഥാനത്താണ് വെറും 42 കോടിയുടെ വര്‍ധനവുണ്ടായത്.
കാരി ഓവര്‍ കിട്ടാത്തതു കൊണ്ട് ഏറ്റെടുത്ത ഭൂരിഭാഗം പദ്ധകിളും നടപ്പാക്കാന്‍ കഴിയുന്നില്ല, ജനറല്‍ പര്‍പ്പസ് ഗ്രാന്റും മെയിന്റനന്‍സ് ഗ്രാന്റും കൃത്യമായി നല്‍കുന്നില്ല. ഈ വര്‍ഷം ജൂണ്‍ 30 ന് ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ വട്ടപ്പൂജ്യമാണ്. പരമദയനീയമായ സ്ഥിതിയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. പ്രാദേശിക വികസനം വഴിമുട്ടിച്ച് തദ്ദേശ സ്ഥാപനങ്ങളെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.