കാരുണ്യ പദ്ധതിയോടുള്ള സര്‍ക്കാര്‍ സമീപനം കെ.എം.മാണിയോടുള്ള വിരോധം : കെ.സുധാകരന്‍ എംപി

Spread the love

തിരുവനന്തപുരം :  കെ.എം മാണി സാറിനോടുള്ള വിരോധമാണ് ജനപ്രിയ പദ്ധതിയായ കാരുണ്യ പദ്ധതിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തെന്നും ഇത് കേരളകോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഉമ്മന്‍ചാണ്ടിയുടേയും കെ.എംമാണിയുടേയും ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന. ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 1,255 കോടിയിലധികമായി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതും കെ.എം.മാണി ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നതുമായ കാരുണ്യ പദ്ധതിക്ക് കുറച്ചുനാളുകളായി കുടിശ്ശിക പെരുകുന്നതിനാല്‍ പല ആശുപത്രികളിലും സാധാരണക്കാര്‍ക്കുള്ള സൗജന്യ ചികിത്സയെന്നത് ബാലികേറാമലയായി.ചികിത്സാ ചെലവിന്റെ 20 ശതമാനം കഴിച്ചുള്ള തുക രോഗിതന്നെ കണ്ടെത്തേണ്ട ഗതികേടാണ്. ദരിദ്രരായ 62000 കുടുംബങ്ങളാണ് ചികിത്സാ സൗജന്യമില്ലാതെ ദുരിതം പേറുന്നത്.

കാരുണ്യ പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. കാരുണ്യ പദ്ധതിയുടെ ധനസമാഹരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും അതില്‍ നിന്ന് കിട്ടുന്ന തുക പദ്ധതി നടത്തിപ്പിനായി നീക്കി വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മുന്‍വൈര്യാഗത്തോടെയാണ് ഈ പദ്ധതിയെ സമീപിച്ചത്. മറ്റുചില പദ്ധതികളുമായി ഇതിനെ ബന്ധപ്പെടുത്തി മാണിസാറിന് ഉള്‍പ്പെടെ ഏറെ ജനപ്രീതി നേടിക്കൊടുത്ത ഈ പദ്ധതിയെ ഇല്ലായ്മ ചെയ്തിട്ടും കേരള കോണ്‍ഗ്രസ് (എം) നിശബ്ദതപാലിക്കുന്നത് ദുരൂഹമാണ്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ആരോഗ്യസുരക്ഷാ പദ്ധതിയായ കാരുണ്യയെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ എത്തിയത് മുതല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിയോട് സിപിഎമ്മിനും സിപി ഐയ്ക്കും ചിറ്റമ്മനയമാണുള്ളത്. ചില നേതാക്കളുടെ ക്ഷണം സ്വീകരിച്ച് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസിനെ സിപിഎമ്മിന്റെയും സിപിഐയുടേയും പ്രവര്‍ത്തകര്‍ വേണ്ട രീതിയില്‍ സ്വീകരിച്ചിട്ടില്ലെന്ന് വേണം സമീപകാലത്തെ അവരുടെ തിരഞ്ഞെടുപ്പുകളിലെ തോല്‍വി വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സില്‍ തോമസ് ചാഴികാടനെ പരസ്യമായി വിമര്‍ശിച്ചതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരാജയവും ഇപ്പോള്‍ കാരുണ്യ പദ്ധതിയോട് സര്‍ക്കാരും ധനവകുപ്പും കാട്ടുന്ന സമീപനവും കൂട്ടിവായിക്കുമ്പോള്‍ എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എത്രത്തോളം ഒറ്റപ്പെട്ടെന്ന് വ്യക്തമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *