നെല്ല് സംഭരണത്തിന് കേന്ദ്രം കൂട്ടിയ തുക സംസ്ഥാന വിഹിതത്തില്‍ കുറയ്ക്കുന്നത് എന്ത് മര്യാദയാണ്? – പ്രതിപക്ഷ നേതാവ്

Spread the love

അടിയന്തിര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (09/07/2024).

ആയിരം കോടിയുടെ കൃഷിനാശമുണ്ടായിട്ടും കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല; നെല്ല് സംഭരണത്തിന് കേന്ദ്രം കൂട്ടിയ തുക സംസ്ഥാന വിഹിതത്തില്‍ കുറയ്ക്കുന്നത് എന്ത് മര്യാദയാണ്? കാര്‍ഷികവൃത്തിയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുന്ന അതിദാരുണമായ സ്ഥിതിയിലേക്ക് കേരളം പോകും

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഉഷ്ണതരംഗത്തിലും പിന്നീടുണ്ടായ അതിതീവ്രമായ മഴയുടെയും ഭാഗമായി സംസ്ഥാനത്തുണ്ടായ വ്യാപക കൃഷി നാശവും അത് കര്‍ഷകരിലുണ്ടാക്കിയ ബുദ്ധിമുട്ടും നിരാശയുമാണ് കര്‍ഷന്‍ കൂടിയായ കുറുക്കോളി മൊയ്തീന്‍ അടിയന്തിര പ്രമേയമായി നിയമസഭയില്‍ അവതരിപ്പിച്ചത്. അദ്ദേഹം ഒരു രാഷ്ട്രീയവും പറഞ്ഞില്ല. അധികാരത്തില്‍ ഇരിക്കുന്നവരുടെ നടപടികള്‍ പരിശോധിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ജോലിയാണ്. എന്നിട്ടും ദൗര്‍ഭാഗ്യകരമായ പ്രതികരണമാണ് കൃഷി മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഐ.പി.സി റിപ്പോര്‍ട്ടും അതിന്‍മേല്‍ നാസ നടത്തിയ പരിശോധനയും ഉള്‍പ്പെടെയുള്ള വിഷയം ഒന്നര വര്‍ഷം മുന്‍പ് പി.സി വിഷ്ണുനാഥ് നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. യൂറോപ്പിലെയോ ഇന്ത്യയിലെയോ ഒരു നിയമനിര്‍മ്മാണ സഭകളിലും അവതരിപ്പിക്കാത്ത വിഷയമാണ് അന്ന് കേരളത്തിലെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ നയപരമായ മാറ്റം കാര്‍ഷിക, നിര്‍മ്മാണ, വികസന കാര്യങ്ങളില്‍ ഉണ്ടാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

അപകടകരമായ കാലാവസ്ഥാ മാറ്റമാണ് സംസ്ഥാനത്തുണ്ടായത്. 500 മുതല്‍ 600 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. യഥാര്‍ത്ഥത്തില്‍ ആയിരം കോടിയുടെയെങ്കിലും കൃഷിനാശം സംസ്ഥാനത്തുണ്ടായിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ മറ്റു പ്രശ്‌നങ്ങള്‍ക്കു പുറമെയാണ് കൃഷിനാശമുണ്ടായത്. ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അറുപതിനായിരത്തോളം കര്‍ഷകരെ വരള്‍ച്ചയും അന്‍പതിനായിരത്തോളം കര്‍ഷകരെ മഴയും ബാധിച്ചു. വിള ഇന്‍ഷുറന്‍സ് 51 കോടി കുടിശികയുണ്ട്. വിള ഇന്‍ഷുറന്‍സിനായി 33.14 കോടി വകയിരുത്തിയിട്ടും 6.62 ലക്ഷം മാത്രമാണ് ചെലവഴിച്ചത്. പ്രകൃതിക്ഷോഭത്തിന് 47.6 കോടിയും എസ്.ഡി.ആര്‍ വിഹിതം 2.93 കോടി, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം 30 കോടി രൂപയും കുടിശികയാണ്. ഇത്രയും നാശമുണ്ടായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ഉണ്ടായില്ല. കേരളത്തിലെ കൃഷിനാശം പരിഗണിച്ച് പ്രത്യേക സഹായം വേണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അങ്ങനെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ യു.ഡി.എഫ് എം.പിമാരും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടേനെ.

കര്‍ഷക ആത്മഹത്യ എന്നത് ഒരു താളത്തില്‍ പറയുകയാണെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. ഏറ്റവും കൂടുതല്‍ ജപ്തികളുണ്ടായ വര്‍ഷമാണ് കഴിഞ്ഞ വര്‍ഷം. കൃഷിയിടങ്ങളും കിടപ്പാടങ്ങളും ജപ്തി ചെയ്യപ്പെട്ടു. മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതെ നെല്‍കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് സപ്ലൈകോ നല്‍കാത്തത് കൊണ്ടാണ് നെല്ല് സംഭരണത്തിനുള്ള ആയിരം കോടി നല്‍കാത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കിലോ നെല്ല് സംഭരണത്തിന് 20.40 പൈസയാണ് കേന്ദ്രം നല്‍കിയിരുന്നത്. അതില്‍ 1.43 പൈസ കൂട്ടി. എന്നാല്‍ സംസ്ഥാനം നല്‍കുന്ന 7.80 പൈസയില്‍ നിന്നും 1.43 കുറച്ചു. അതോടെ കേരളത്തിന്റെ വിഹിതം 7.80 ഉണ്ടായിരുന്നത് 6.37 പൈസയാക്കി. കേന്ദ്രം കൂട്ടിയ പൈസ സംസ്ഥാന വിഹിതത്തില്‍ നിന്നും കുറച്ച ആളുകളാണ് ഇവിടെ ഇരിക്കുന്നത്. പാവപ്പെട്ട നെല്‍ കര്‍ഷകരോടാണ് ഇവര്‍ ഇതു ചെയ്തത്. കേന്ദ്രം വീണ്ടും കൂട്ടിയിട്ടുണ്ട്. അതുകൂടി സംസ്ഥാന വിഹിതത്തില്‍ നിന്നും കുറയ്ക്കരുത്. കേന്ദ്രത്തില്‍ നിന്നും കൂട്ടിയ പൈസ കേരളത്തിന്റെ വിഹിതത്തില്‍ നിന്നും കുറയ്ക്കുന്നത് എന്ത് മര്യാദയാണ്?

യു.ഡി.എഫ് കാലത്ത് നന്നായി നടന്നിരുന്ന പാഡി റെസീപ്റ്റ് സ്‌കീം ഈ സര്‍ക്കാര്‍ അവതാളത്തിലാക്കി. സര്‍ക്കാര്‍ ബാങ്കിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം കൈപ്പറ്റിയ കര്‍ഷകന്റെ സിബില്‍ സ്‌കോര്‍ താഴേയ്ക്ക് പോയി. നിങ്ങളുടെ സിബില്‍ സ്‌കോറാണ് താഴേയ്ക്ക് പോകേണ്ടത്. സര്‍ക്കാരിന്റെ സബില്‍ സ്‌കോര്‍ താഴേയ്ക്ക് പോകുന്നതിന് പകരം പാവപ്പെട്ട കര്‍ഷകരുടെ സിബില്‍ സ്‌കോര്‍ താഴോട്ട് പോയതു കൊണ്ടല്ലേ കുട്ടനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പാടത്ത് ചോര വിയര്‍പ്പാക്കി കര്‍ഷകര്‍ വിളയിച്ച നെല്‍ സംഭരിച്ചതിനുള്ള പണമാണ് സര്‍ക്കാര്‍ നല്‍കാതിരിക്കുന്നത്. വായ്പ പോലും കിട്ടാത്ത അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ കര്‍ഷകരെ തള്ളിവിടുന്നത്. ഏത് എം.എല്‍.എ ആവശ്യപ്പെട്ടാലും നാളികേര സംഭരണകേന്ദ്രം ആരംഭിക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയിരുന്നത്. ഇതിന്റെ പിറ്റേ ദിവസം കുറുക്കോളി മൊയ്തീന്‍ എഴുതിക്കൊടുത്തിട്ടും ആറു മാസമായി സംഭരണ കേന്ദ്രം തുടങ്ങിയിട്ടില്ല.

കര്‍ഷകര്‍ക്ക് ആയിരം കോടിയുടെ നഷ്ടമുണ്ടായിട്ടും സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അടുത്ത വര്‍ഷവും ഇതു തന്നെയായിരിക്കും സംഭവിക്കുന്നത്. കാര്‍ഷികവൃത്തിയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുന്ന അതിദാരുണമായ സ്ഥിതിയിലേക്ക് കേരളം പോകും. കര്‍ഷകരോടുള്ള അവഗണന മാത്രം കൈമുതലായുള്ള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *