വന്യജീവി ആക്രമണ നഷ്ടപരിഹാര കുടിശ്ശിക, ദിവസ വേതന കുടിശ്ശിക എന്നിവ നൽകും
കുടിശ്ശിക തുകകൾ കൊടുത്തു തീർക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഭാഗമായി വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകൾ നൽകാൻ ആരംഭിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് വനം വകുപ്പിന്റെ വിവിധ ഡിവിഷനുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് വാച്ചർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള വേതന കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വർഷം മെയ് 31 വരെയുള്ള വേതന കുടിശ്ശിക നൽകുന്നതിനായി 9.76 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ തുക എത്രയും വേഗം ജീവനക്കാർക്ക് ലഭ്യമാക്കും. മനഷ്യ-വന്യജീവി സംഘർഷം മൂലം ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ച ആളുകൾക്കും അവകാശികൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തിൽ 3.21 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തിലുള്ള കുടിശ്ശിക തുകയും വൈകാതെ നൽകാൻ സാധിക്കുന്നതാണ്.
വനത്തിനകത്ത് ജലലഭ്യത ഉറപ്പാക്കൽ, ദ്രുതകർമ്മ സേനകളുടെ രൂപീകരണം, നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, ജനവാസമേഖലകളിലിറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യൽ, സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി കിഫ്ബി ഫണ്ടിൽ നിന്നും 110 കോടി രൂപ നൽകുന്നതിന് ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കിഫ്ബി മുഖേന ഇതിനകം നൽകിയ 100 കോടി രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ 110 കോടി രൂപ കൂടി അനുവദിക്കാൻ തീരുമാനമായിട്ടുള്ളത്. അനുവദിക്കപ്പെട്ട ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് വന്യജീവി ശല്യത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.