കേരള ക്രിക്കറ്റ്‌ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കിയത് കോട്ടയം പാലാ സ്വദേശി സുഭാഷ് മാനുവല്‍

Spread the love

കോട്ടയം : കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ [ Kochi Blue Tigers] സ്വന്തമാക്കിയ യു.കെ മലയാളിയും എം.എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡി [ Single.ID]യുടെ ഉടമയുമായ സുഭാഷ് മാനുവല്‍ കോട്ടയം പാലാ സ്വദേശി. അഭിഭാഷകൻ കൂടിയായ സുഭാഷ് കൊച്ചി ടീമിന്റെ ഉടമയായതോടെ പാലായുടെ പേരും കേരള ക്രിക്കറ്റ് ലീഗില്‍ ഇടംനേടി. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഭാഷ് പ്രമുഖ മലയാളി സംരംഭകനുമാണ് . ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയുടെ നീലക്കടുവകള്‍ കളത്തിലിറങ്ങുന്നത് കാണാവാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ബ്രിട്ടണിലും സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. അവിടെ കളിക്കാര്‍ക്കായി സ്വന്തമായി ഗ്രൗണ്ടും ഇദ്ദേഹത്തിന്റെ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. ഐപിഎല്‍ താരവും ഫാസ്റ്റ് ബൗളറുമായ ബേസില്‍ തമ്പിയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ഐക്കണ്‍ സ്റ്റാര്‍. 2014-15 സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ബേസില്‍ 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. തിരുവനന്തപുരത്ത് നടന്ന താര ലേലത്തില്‍ മനു കൃഷ്ണനെ ഏഴ് ലക്ഷം രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ ടി20 ക്രിക്കറ്റ് ലീഗില്‍ കൊച്ചിക്ക് ലഭിച്ചത് മികച്ച താരങ്ങളെയാണെന്നും കളിക്കളത്തില്‍ മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നും സുഭാഷ് മാനുവല്‍ വ്യക്തമാക്കി. പാലാ ഭരണങ്ങാനം മാറാമറ്റം വീട്ടിൽ മാനുവല്‍ ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് സുഭാഷ്.

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *