ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ് എന്ന ഗ്ലോബല്‍ സംഘടന ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ച വര്‍ണ്ണാഭമായ ഇന്ത്യ ഫെസ്റ്റില്‍ മിഷിഗണില്‍ നിന്നുള്ള മലയാളിയായ നവ്യ പൈങ്കോള്‍ മിസ്സ് ടീന്‍ ഇന്ത്യ 2021 കിരീടം സ്വന്തമാക്കി.
ഇന്ത്യന്‍ വംശജര്‍ വാസമുറപ്പിച്ചിട്ടുള്ള വിവിധ ലോക രാഷ്ട്രങ്ങളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി ഇന്ത്യക്കാരായ യുവപ്രതിഭകളെ കണ്ടെത്തി വിവിധ തലങ്ങളില്‍ മാറ്റുരച്ചു അവസാന വിജയികളെ കണ്ടെത്തി കിരീടമണിയിക്കുകയാണ് ഈ സംഘടന ചെയ്തുവരുന്നത്.
1990 ല്‍ ധര്‍മ്മാത്മാ ശരണ്‍ മുന്‍കൈയെടുത്തു സ്ഥാപിച്ച മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ് മുന്‍വര്‍ഷങ്ങളില്‍ ടീന്‍ ഇന്ത്യ പട്ടം നല്‍കി ആദരിച്ച പ്രമുഖരില്‍ ബോളിവുഡ് നായികയും ഓസ്‌ട്രേലിയക്കാരിയുമായ പല്ലവി ഷര്‍ദ, ഇന്ത്യന്‍ ടെലിവിഷന്‍ താരവും കാനഡയില്‍ താമസിക്കുന്നതുമായ ഉപേക്ഷ ജെയിന്‍, ഹോങ്കോങ്ങില്‍ നിന്നുള്ള നിരുപമ ആനന്ദ്, യൂ. കെയില്‍ നിന്നുള്ള നേഹല്‍ ബൊഗൈദ, സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ശാരിക സുഖദൊ തുടങ്ങി നിരവധി ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഒരു മലയാളി ആദ്യമായാണ് ഈ മിസ്സ് ടീന്‍ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.
നേരത്തെ നടന്ന മത്സരത്തില്‍ മിസ്സ് ടീന്‍ ഇന്ത്യ മിഷിഗണ്‍ കിരീടമണിഞ്ഞ നവ്യ അനുഗ്രഹീതയായ ഒരു നര്‍ത്തകിയും ഗായികയുമാണ്.
ഡെട്രോയിട് മലയാളി അസോസിയേഷന്‍ യൂത്ത് ചെയറും മുന്‍ കലാതിലകവുമാണ്. കലാ രംഗത്തോടൊപ്പം പഠിത്തത്തിലും മികവ് പുലര്‍ത്തുന്ന ഈ പതിനേഴുകാരി യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ തുടര്‍ പഠനത്തിന് തയ്യാറെടുക്കുകയാണ്.
ഡിട്രോയിറ്റിലെ പ്രമുഖ റിയല്‍ട്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ സുനില്‍ പൈങ്കോളിന്റെയും ചാനല്‍ അവതാരികയും നര്‍ത്തകിയുമായ ഷോളി നായരുടെയും പുത്രിയാണ് ഈ കൊച്ചുമിടുക്കി.
ജോയിച്ചൻപുതുക്കുളം