ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ജനരോഷം ഇരമ്പി.സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതര്‍ക്കെതിരെ കേസെടുക്കുക,സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക,ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു.
ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നീതി നടപ്പാക്കുന്നത് കൊടിയുടെ നിറം നോക്കിയിട്ടാണെന്ന് കെ.സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു.ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരില്‍ നിന്ന് ഇതിന് അപ്പുറത്ത് ഒന്നും പ്രതീക്ഷിക്കുന്നില്ല.റിപ്പോര്‍ട്ട് കിട്ടിയിട്ട് നാലര വര്‍ഷത്തോളം സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല.
റിപ്പോര്‍ട്ടിലെ പ്രതി പട്ടികയില്‍ ഏറെയും സിപിഎമ്മിന്റെ ആളുകളാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും സമാന ആരോപണം നേരിട്ടയാളാണ്.എന്നാല്‍ അയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതി നല്‍കിയിട്ടും അന്വേഷണം ഉണ്ടാകാതിരുന്നത് രാഷ്ട്രീയത്തിന്റെ നിറം നോക്കിയാണ്.ഒരു ജനാധിപത്യ സംവിധാനത്തില്‍ അത്തരമൊരു സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കണോയെന്ന് കേരളത്തിലെ ജനങ്ങള്‍ ആലോചിക്കണം.അന്വേഷണം യഥാര്‍ഥ പ്രതികളിലേക്ക് എത്തിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നും സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി, പത്തനംതിട്ടയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കര്‍, തൃശ്ശൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, ഇടുക്കിയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍, പാലക്കാട് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ തുളസി,കോഴിക്കോട് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍,കാസര്‍ഗോഡ് മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്‍, വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ തുടങ്ങിയവര്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ജില്ലകളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍,എംപിമാര്‍,എംഎല്‍എമാര്‍,ഡി.സി.സി,ബ്ലോക്ക്,മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
സെപ്റ്റംബര്‍ 2ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തീരുമാനിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.എറണാകുളം,മലപ്പുറം ജില്ലകളിലും മറ്റൊരു ദിവസം പ്രതിഷേധ കൂട്ടായ്മ നടക്കും.