കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ക്ലസ്റ്റർ പ്രവർത്തനങ്ങൾക്ക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

Spread the love

ആഗോള ടെണ്ടർ ക്ഷണിക്കും.
തുടർനടപടികൾക്ക് സമയക്രമം നിശ്ചയിച്ചു.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി വ്യവസായമന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ അമ്പിളി എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ.

പദ്ധതിക്കായി ആഗോള ടെണ്ടർ ക്ഷണിക്കും. പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെയും നിശ്ചയിക്കും. ഇതിനായുള്ള സമയക്രമം നിശ്ചയിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്ക് വൈദ്യതി, വെള്ളം, റോഡ് ഉൾപ്പെടെയുള്ള ബാഹ്യഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല നെറ്റ്‌വർക്ക് പ്‌ളാനിംഗ് കമ്മിറ്റിയാണ് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ്പ് പദവിയും നൽകും. ഏകജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
പദ്ധതിയുടെ മാസ്റ്റർപ്‌ളാൻ, ഡി.പി.ആർ ടെണ്ടർ രേഖകൾ എന്നിവ പൂർത്തിയായിട്ടുണ്ട്. പരിസ്ഥിതി അനുമതിയും ലഭിച്ചു. വ്യവസായ, വാണിജ്യ, പാർപ്പിട, പൊതുസേവന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് മാസ്റ്റർപ്‌ളാൻ. 3806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50 ശതമാനം ചെലവും സംസ്ഥാനമാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തിരുന്നു. പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം ലഭിച്ചതെന്ന് വ്യവസായമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യവസായമന്ത്രി പി.രാജീവ് ഇക്കഴിഞ്ഞ ജൂൺ 28 ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനെയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *