എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെ ബി.ജെ.പിക്ക് വേണ്ടിയാണ് തൃശൂര്‍ പൂരം കലക്കിയതെന്നും പൂരം കലക്കി പിണറായി വിജയന് എന്നാകും മുഖ്യമന്ത്രി അറിയപ്പെടുകയെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു.
പൂരം കലക്കാന്‍ മുഖ്യമന്ത്രിയുമായി ഗൂഡാലോചന നടത്തിയ ബി.ജെ.പിയാണോ ഹിന്ദുക്കളുടെ സംരക്ഷകര്‍? എ.ഡി.ജി.പി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനായി ആര്.എസ്.എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചെന്ന ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ബി.ജെ.പിക്ക് തൃശൂരില്‍ അക്കൗണ്ട്
തുറക്കാന്‍ സഹായിക്കാമെന്ന് പറയാനാണ് പിണറായി വിജയന് എ.ഡി.ജി.പിയെ അയച്ചത്. അതിന് പകരമായി കേസില്‍പ്പെടുത്തരുതെന്ന ആവശ്യവും മുന്നോട്ടു വച്ചു. ബി.ജെ.പിക്ക് വേണ്ടിയാണ് പൊലീസ് ഇടപെട്ട് തൃശൂര്‍ പൂരം കലക്കിയത്. കമ്മിഷണര്‍ അഴിഞ്ഞാടിയപ്പോള്‍ എ.ഡി.ജി.പി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. ന്യൂനപക്ഷ പ്രേമം അവകാശപ്പെടുന്ന സി.പി.എമ്മാണ് ബി.ജെ.പിയുമായി ചേര്‍ന്ന് പൂരം കലക്കാന്‍ ഇറങ്ങിയത്. നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ബി.ജെ.പിയുടെ കുട ചൂടുന്നത്. ബി.ജെ.പിയുടെ തണലിലാണ് പിണറായി വിജയന് ജീവിക്കുന്നതു തന്നെ.
മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്മാരുടെ സങ്കേതമായി മാറിയിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്ന് തെളിയിക്കപ്പെട്ടു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ പിന്തുണയോടെയാണ് പിണറായി ഉള്‍പ്പെടെയുള്ളവര്‍ അന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് ഇവര്‍ കേന്ദ്ര സര്‍ക്കാരുമായും ബി.ജെ.പിയുമായും അവിഹിത ബാന്ധവമുണ്ടാക്കി. അതിന്റെ ബലത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം ചെയ്ത തെറ്റുകള്‍ ഓരോന്നായി ഭരണകക്ഷി എം.എല്‍.എ തന്നെ പുറത്തു പറയുകയാണ്. മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറാകുന്നില്ല.ആ ഉപജാപകസംഘത്തില്‍ ഉള്‍പ്പെട്ട ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര് അജിത്കുമാര്‍ സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടു നിന്നുയെന്നാണ് ആരോപണം. സ്വര്‍ണക്കള്ളക്കടത്തിന്റെ ഭാഗമായി എ.ഡി.ജി.പിയുടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും അറിവോടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ആ കൊലപാതകത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും ബന്ധമില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് സിബി ഐ അന്വേഷണത്തിന് സമ്മതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കാത്തത്?
കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ചാനല്‍ ഉടമയുടെ കയ്യില്‍ നിന്നും രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതും ഭരണകക്ഷി എം.എല്‍.എയാണ്. പ്രതിയെ പിടിക്കാന്‍ പൊലീസുകാര്‍ പോയപ്പോള്‍ എ.ഡി.ജി.പി തന്നെ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. എല്ലാ ഒറ്റുകാരും മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.
പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എ.ഡി.ജി.പിക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് ഒരു പാവം ഡി.ജി.പിയാണ്. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ജൂനിയര്‍ ഉദ്യോഗസ്ഥരെയും.ഈ അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്.
സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി തല്ലി. ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അവിടെ ഇരിക്കുന്നവന്മാരെ സംരക്ഷിക്കാന്‍ അമതാധികാരം പ്രയോഗിച്ചാല്‍ ഒറ്റ ഒരാളെയും വെറുതെ വിടില്ല. അമിത അധികാരമൊന്നും പൊലീസിന് ആരും നല്‍കിയിട്ടില്ല. മുകളില്‍ ഇരിക്കുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി ചെയ്ത ഒരാള്‍ നടക്കുന്നത് കണ്ടല്ലോ? ഒരാളും ഉണ്ടാകില്ല സംരക്ഷിക്കാന്‍. മുഖ്യമന്ത്രി അങ്കിള്‍ ആണെന്നു പറഞ്ഞാണ് മലപ്പുറത്ത് ഒരുത്തന് ചിലതൊക്കെ ചെയ്തത്. അപകടത്തില്‍പ്പെട്ടാല്‍ ഒരു അങ്കിളും ഉണ്ടാകില്ല രക്ഷിക്കാനെന്ന ഓര്‍മ്മ ഉദ്യോഗസ്ഥര്‍ക്കുണ്ടെങ്കില്‍ നല്ലതെന്നും വിഡി സതീശന് പറഞ്ഞു.
സ്കോട്ലന്ഡ് യാര്‍ഡിനെ വെല്ലുന്ന കേരള പൊലീസിനെയാണ് ഏറാന്മൂളികളുടെ സംഘമാക്കി മാറ്റിയത്. ഒരുത്തന് എം.എല്‍.എയുടെ കാല് പിടിക്കുകയും മറ്റു എസ്.പിമാരെ കുറിച്ച് അസഭ്യം പറയുകയുമാണ്. എ.ഡി.ജി.പി സ്വര്‍ണക്കടത്തുകാരനും കള്ളനുമാണെന്ന് പറഞ്ഞവനെ സസ്പെന്‍ഡ് ചെയ്യാന്‍ നാല് ദിവസമെടുത്തു. നല്ല പൊലീസുകാരെ കൂടി പറയിപ്പിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ സമരമുണ്ടാകുമെന്നും വി.ഡി.സതീശന് പറഞ്ഞു.