ബിനോയ് വിശ്വത്തിനു ‘പ്രവാസി മിത്രം’ അവാർഡ് സമ്മാനിച്ചു

Spread the love

ന്യു യോർക്ക്: പൊതുരംഗത്തും വ്യക്തിജീവിതത്തിലും മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരിലൊരാളായ സിപി.ഐ. സെക്രട്ടറി ബിനോയ് വിശ്വത്തിനു ‘പ്രവാസി മിത്രം’ അവാർഡ് നൽകി ആദരിച്ചു.

കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ) വർണാഭമായ ഓണാഘോഷച്ചടങ്ങിൽ വച്ച് പ്രവാസി ചാനൽ ചെയർമാൻ വർക്കി എബ്രഹാം അവാർഡ് സമ്മാനിച്ചു.

കെ.സി.എ.എൻ.എ പ്രസിഡന്റ് ഫിലിപ്പ് മഠത്തിൽ അടക്കം ഒട്ടേറെ സംഘടനാ നേതാക്കളും പങ്കെടുത്തു.

പ്രവാസികളുടെ ഉറ്റ സുഹൃത്തു കൂടിയാണ് ബിനോയ് വിശ്വമെന്ന് അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ട് ജോർജ് ജോസഫ് (ഇ-മലയാളി) പറഞ്ഞു. ഫൊക്കാന-ഫോമാ സമ്മേളനങ്ങളിലും പ്രസ് ക്ലബിന്റെ സമ്മേളനങ്ങളിലും പലവട്ടം അതിഥിയായി അദ്ദേഹം വന്നിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങളും അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളും പരിഹരിക്കാൻ അദ്ദേഹം എപ്പോഴും മുൻനിരയിൽ തന്നെയുണ്ട്.

കേരളത്തിലെ ഭരണചക്രം തിരിക്കുന്ന പ്രധാനപ്പെട്ട പാർട്ടികളിൽ ഒന്നിന്റെ നേതാവാണെങ്കിലും നമുക്കൊപ്പം സാധാരണക്കാരനായി ഇടപഴകുന്ന നേതാവാണദ്ദേഹം . അദ്ദേഹത്തിന് ഈ അവാർഡ് നൽകുന്നത് എന്തുകൊണ്ടും സാർത്ഥകമാണ്.

അവാർഡിന് നന്ദി പറഞ്ഞ ബിനോയി വിശ്വം പ്രവാസികൾ നൽകുന്ന സ്നേഹത്തിനു നന്ദി പറഞ്ഞു. പ്രവാസി പ്രശ്നങ്ങളിൽ തന്നാൽ കഴിയുന്ന എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

അവാർഡ് സ്വീകരിച്ച ബിനോയ് വിശ്വത്തിനും അതിനു വേദി ഒരുക്കിയ കെ.സി.എൻ.എക്കും വർക്കി എബ്രഹാം നന്ദി പറഞ്ഞു. പ്രവാസി ചാനലിന്റെ സാരഥികളായ ജോൺ ടൈറ്റസ്, ബേബി ഊരാളിൽ, ജോയി നേടിയകാലായിൽ, സുനിൽ ട്രൈസ്റ്റാർ എന്നിവരും ചേർന്നാണ് അവാർഡ് രൂപകൽപ്പന ചെയ്തത്.

എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കത്തോലിക്ക കത്തീഡ്രൽ ഹാളിൽ ആയിരുന്നു ചടങ്ങ്.

കഴിഞ്ഞ ഡിസംബറിൽ സിപിഐ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ബിനോയ് വിശ്വം വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ്‌ മന്ത്രിയായിരുന്നു. 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു. 2018 മുതൽ 2024 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എം.എ, എൽ.എൽ.ബി. ബിരുദധാരിയാണ്.

അമേരിക്കയിൽ നിന്നുള്ള 24 മണിക്കൂർ ചാനലായ പ്രവാസി ചാനൽ 13 വര്ഷം പിന്നിട്ടു. അമേരിക്കൻ മലയാളികൾക്ക് മുൻഗണന നൽകുന്ന ചാനൽ, ലോകമെങ്ങു നിന്നുമുള്ള വാർത്തകളും വിശേഷങ്ങളും നമ്മുടെ സ്വീകരണമുറിയിൽ എത്തിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *