പ്രതിപക്ഷ നേതാവ് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനം. (07/11/2024)
എം.വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മുഴുവന്‍ അഴിമതികളും പുറത്തുവരും; സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ച സി.പി.എമ്മുകാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വയ്ക്കാത്തത് ഭാഗ്യം; പാതിരാ നാടകം മന്ത്രി എം.ബി രാജേഷും ഭാര്യാ സഹോദരനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; എന്നെ പാലക്കാട് കയറ്റാതിരിക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ നടക്കില്ല, പിന്നെയല്ലേ ജില്ലാ സെക്രട്ടറിയെന്ന ഓലപ്പാമ്പ്; ജയിലില്‍ കിടക്കേണ്ട രണ്ട് കേസുകളില്‍ നിന്ന് രക്ഷിച്ച പിണറായി വിജയനെക്കാള്‍ വലിയ ഐശ്വര്യം സുരേന്ദ്രന്റെ ജീവിതത്തില്‍ എന്താണുള്ളത്? സി.സി ടി.വി ദൃശ്യം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിച്ച ഉദ്യോഗസ്ഥര്‍ പൊലീസിന് അപമാനം.
……………………………………………………………………………………………………………
പാലക്കാട് : എം.വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ കേരളത്തില്‍ നടത്തിയ മുഴുവന്‍ അഴിമതികളും പുറത്തുവരും. ഗോവിന്ദന്‍ ആദ്യം അത് ചെയ്യട്ടെ. പാതിരാ നാടകം പൊളിഞ്ഞു പാളീസായി. അതിനു മേല്‍ വന്ന ട്രോളി നാടകവും വഷളായി. സി.പി.എമ്മില്‍ തന്നെ കണ്‍ഫ്യൂഷനാണ്. എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിയും കള്ളപ്പണം കൊണ്ടു വന്നെന്ന് പറയുമ്പോള്‍ ഷാഫി പറമ്പില്‍ പൊലീസിനെ വിളിച്ച് പറ്റിച്ചെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പറയുന്നത്. ഇതില്‍ ഏതാണ് ശരി? തിരക്കഥയുണ്ടാക്കി ഇതുപോലെ നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരു
പോലെ നുണപറയാന്‍ പഠിക്കണം. അല്ലെങ്കില്‍ ഇതുപോലെ പല രീതിയിലായിപ്പോകും. ജനങ്ങള്‍ക്ക് മുന്നില്‍ സി.പി.എം പരിഹാസ്യരായി നില്‍ക്കുകയാണ്. കുഴല്‍പ്പണ കേസില്‍ നാണംകെട്ടു നില്‍ക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെയും അയാള്‍ക്ക് കുടപിടിച്ചു കൊടുത്ത പിണറായി വിജയനെയും സംരക്ഷിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ നുണക്കഥയാണ് പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും വ്യക്തമായി. അതിനെ നിയമപരമായി നേരിടും. എല്ലാ നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിലെ രണ്ടു വനിതാ നേതാക്കളുടെ മുറി പാതിരാത്രി റെയ്ഡ് ചെയ്തത്. അതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള നിയമപരമായ നടപടികളും സ്വീകരിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് വച്ച് ഇവര്‍ പിടിപ്പിച്ചില്ലല്ലോയെന്ന സമാധാനം മാത്രമെ ഇപ്പോഴുള്ളൂ. എന്തും ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ച് വഷളാക്കിയ വൃത്തികെട്ടവന്‍മാരുടെ പാര്‍ട്ടിയാണ് സി.പി.എം. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വച്ച ആളുകള്‍ ഞങ്ങളുടെ കാറില്‍ കഞ്ചാവ് വയ്ക്കുമോയെന്ന പേടി മാത്രമെയുള്ളൂ. എല്ലാ തിരഞ്ഞെടുപ്പിന് മുന്‍പും സി.പി.എം ഇതുപോലൊരു നാടകം നടത്തും. അത് തൃക്കാക്കരയിലും വടകരയിലുമൊക്കെ നടത്തി. വടകരയിലെ കാഫിര്‍ നാടകം പോലെയാണ് പാലാക്കാട് പാതിരാ നാടകം നടത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എത്രത്തോളം വഷളായാണ് നില്‍ക്കുന്നത്. സി.പി.എം രാജ്യസഭാ അംഗവും ബി.ജെ.പി നേതാവും തമ്മില്‍ ഗൂഡാലോചന നടത്തുന്നതിന്റെയും മറ്റൊരു ബി.ജെ.പി നേതാവും സി.പി.എം മുന്‍ എം.എല്‍.എയും തമ്മില്‍ ഗൂഡാലോചന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നിട്ടാണ് രാഹുല്‍ എന്തിനാണ് കോഴിക്കോട് പോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ എന്തിനാണ് ഹോട്ടലില്‍ യോഗം നടത്തിയതെന്നുമാണ് ചോദിക്കുന്നത്? സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചോദിച്ചിട്ടാണോ കോണ്‍ഗ്രസ് യോഗം നടത്തുന്നത്? സി.പി.എം അനുമതിയോടെയാണോ രാഹുല്‍ കോഴിക്കോട് പോകേണ്ടത്? ഫെനി കേസില്‍ പ്രതിയാണെന്നാണ് പറയുന്നത്? ഏത് കേസിലാണ് ഫെനി പ്രതി? വ്യാജ കാര്‍ഡ് ഉണ്ടാക്കിയെന്ന ഒരു തെളിവ് പോലും പൊലീസ് ഹാജരാക്കിയില്ലെന്നാണ് ആ കേസില്‍ കോടതി പറഞ്ഞത്. എന്നിട്ടാണ് കേസില്‍ പ്രതിയായ ഫെനിക്ക് എന്ത് കാര്യമെന്ന് ചോദിക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി ടി.വി രാജേഷിന് ഇവിടെ എന്തുകാര്യമെന്ന് ചോദിക്കുന്നില്ല. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരല്‍ നെഞ്ചത്തേക്ക് കൂടി ചൂണ്ടുമെന്ന് ഓര്‍ക്കണം. തെളിവില്ലെന്ന് കോടതി പറഞ്ഞിട്ടും ഫെനി പ്രതിയാണെന്നാണ് പറയുന്നത്. എന്നിട്ടാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി അതേ ഹോട്ടലില്‍ താമസിക്കുന്നത്. അതിന് കുഴപ്പമില്ല.
ഷാഫി പറമ്പിലാണ് പൊലീസിനെ അറിയിച്ച് നാടകമാക്കിയതെന്നാണ് ബാലന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ബാലന്‍ ആദ്യം സ്ഥാനാര്‍ത്ഥിയോട് ചോദിക്കട്ടെ.
പാലക്കാട് നിന്നുള്ള മന്ത്രിയായ എം.ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ സി.പി.എം നേതാവും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് പാതിരാ നാടകം. മന്ത്രിയാണ് പൊലീസിനെ വിളിച്ചത്. പല സി.പി.എം നേതാക്കളും അറിയാതെയാണ് മന്ത്രി ഇത് ചെയ്തത്. പൊലീസിന്റെ കയ്യിലുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ സി.പി.എം എങ്ങനെയാണ് പുറത്തുവിട്ടത്? സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളാണെന്നാണ് ചില ചാനലുകള്‍ പറഞ്ഞത്. എന്നാല്‍ അത് എല്ലാ ചാനലുകളും പറഞ്ഞില്ല. ഔദ്യോഗികമായി കിട്ടിയതു പോലെയാണ് പല ചാനലുകളും ആ ദൃശ്യങ്ങള്‍ കാണിച്ചത്. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങള്‍ എന്ന്
പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കാര്യം മനസിലാകുമായിരുന്നു. മന്ത്രിയുടെ ഭാര്യാ സഹോദരന്‍ ആദ്യം രണ്ടു ചാനലുകള്‍ക്ക് മാത്രമാണ് ഈ ദൃശ്യങ്ങള്‍ നല്‍കാന്‍ ശ്രമിച്ചത്. അപ്പോള്‍ നിങ്ങള്‍ പ്രതിഷേധിക്കുകയും ഞങ്ങള്‍ക്ക് കൂടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൃശ്യങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളെ വിളിച്ചു പറഞ്ഞതും മന്ത്രിയുടെ ഭാര്യാ സഹോദരനാണ്. ദൃശ്യങ്ങള്‍ പൊലീസിന്റെ കയ്യില്‍ ഇരിക്കുമ്പോഴാണ് താന്‍ അത് കണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇന്നലെ പറഞ്ഞത്. അയാളാണോ പാലക്കാട് എസ്.പി? പൊലീസിന് നാണമില്ലേ? കുറെ അടിമക്കൂട്ടങ്ങള്‍ ചേര്‍ന്ന് കേരള പൊലീസിനെ നാണം കെടുത്തുകയാണ്. സി.സി ടി.വി ദൃശ്യം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസിനു തന്നെ അപമാനമാണ്.
ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവുമില്ല. ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണങ്ങള്‍ ദൃശ്യങ്ങളിലൂടെ പൊളിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പിറകിലെ ഏണി വഴിയാണ് ഇറങ്ങിപ്പോയതെന്നും ശ്രീകണ്ഠന്‍ അവിടെ ഇല്ലായിരുന്നെന്നും പറഞ്ഞത് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊളിഞ്ഞു. ബോര്‍ഡ് റൂമിലെ സി.സി ടി.വി പരിശോധിച്ചാല്‍ നീല ട്രോളി ബാഗില്‍ നിന്നും നോട്ട് എടുത്ത് എണ്ണി മാറ്റി വയ്ക്കുന്നത് കാണാം. രാഹുല്‍ കോഴിക്കോട് നില്‍ക്കുമ്പോഴാണ് ഹോട്ടലിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്നും ഇറക്കി വിടണമെന്നും സി.പി.എമ്മും ബി.ജെ.പിയും ആവശ്യപ്പെട്ടത്. നിങ്ങളോട് ചോദിച്ചിട്ടാണോ അദ്ദേഹം കോഴിക്കോട് പോകുന്നത്. നിങ്ങളുടെ സ്ഥാനാര്‍ത്ഥി പാലക്കാട് വിട്ട് എവിടെയൊക്കെ പോയിട്ടുണ്ട്? അതേക്കുറിച്ച് ഞങ്ങള്‍ എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ? സ്ഥാനാര്‍ത്ഥികള്‍ പലരെയും കാണാന്‍ പോകും. 24 മണിക്കൂറത്തെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ എല്ലാവരും ട്രോളിയുമായി പോകുന്നത് കാണാം. ഹോട്ടലില്‍ താമസിക്കാന്‍ വരുന്നത് കായ സഞ്ചിയിലോ തക്കാളിപ്പെട്ടിയിലോ തുണി പൊതിഞ്ഞുകൊണ്ടാണോ? പൊലീസ് റെയ്ഡ് നടത്താന്‍ പോകുന്നുവെന്ന് കൈരളി ടി.വിയില്‍ വിളിച്ചു പറഞ്ഞത് ആരാണ്? മന്ത്രിയുടെ അളിയനല്ലേ വിളിച്ചു പറഞ്ഞത്.
പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നൂറ് സി.പി.എമ്മുകാരാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ചത്. അയാള്‍ ഒരു പ്രധാനപ്പെട്ട ആളേയല്ല. അയാളുടെ വിഡ്ഢിത്തരത്തിന് മറുപടി പറയാനില്ല. പാലക്കാട് എന്നെ കയറ്റാതിരിക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ നടക്കില്ല, പിന്നെയല്ലേ ഈ ഓലപ്പാമ്പ്. മന്ത്രി എം.ബി രാജേഷിനെ വെറുതെ വിടില്ലെന്നാണ് പറഞ്ഞത്. ഞങ്ങളുടെ വനിതാ നേതാക്കളുടെ മുറിയില്‍ റെയ്ഡ് നടത്തിച്ചത് ഈ മന്ത്രിയാണ്. നിയമപരമായ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കും. സുരേന്ദ്രന്റെ ഐശ്വര്യം പിണറായി വിജയനാണ്. 41 കോടി 40 ലക്ഷം കൊണ്ടു വന്നിട്ടും ആ വിവരം ഒളിപ്പിച്ചു വച്ച് സുരേന്ദ്രനെ മുഖ്യമന്ത്രി സഹായിക്കുകയല്ലേ ചെയ്തത്. അതിനേക്കാള്‍ വലിയ ഐശ്വര്യം സുരേന്ദ്രന്റെ ജീവിതത്തില്‍ എന്താണുള്ളത്. രണ്ട് കേസില്‍ ജയിലില്‍ കിടക്കേണ്ട ആളായ സുരേന്ദ്രനെയാണ് പിണറായി രക്ഷിച്ചത്. അയാള്‍ ആദ്യം സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കട്ടെ.
സര്‍ക്കാരിന് എതിരായ അതിശക്തമായ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. അത് വോട്ടായി വന്നോളും. അതേക്കുറിച്ച് ജനങ്ങളോട് വീടുകളിലെത്തി ഞങ്ങള്‍ പറയുന്നുണ്ട്. ഇരു സര്‍ക്കാരുകള്‍ക്കും എതിരെ ഞങ്ങള്‍ നടത്തുന്ന പോരാട്ടമാണ് തിരഞ്ഞെടുപ്പിലെ അജണ്ട.