കേരളത്തിലെ ആദ്യത്തെ Extradosed cable stayed പാലം ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി നാലുചിറയിൽ. അമ്പലപ്പുഴ, കുട്ടനാട് നിയോജകമണ്ഡലങ്ങളിലെ കരുവാറ്റ – കുപ്പപ്പുറം റോഡിനെയും ദേശീയപാത 66 നെയും കൂട്ടിയോജിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ Extradosed cable stayed പാലമാണ് തോട്ടപ്പള്ളി നാലു ചിറ പാലം.
തോട്ടപ്പള്ളിക്ക് സമീപം നാലുചിറയിൽ 458 മീറ്റർ നീളമുള്ള പാലത്തിനു 10.50 മീറ്റർ വീതിയുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. ദേശീയപാതയിൽ നിന്നും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയെ ബന്ധിപ്പിക്കാനും പാലം സഹായകമാകും. 2016-17ലെ സംസ്ഥാന ബജറ്റിലാണ് പാലത്തിനു തുക അനുവദിച്ചത്. 2020ൽ നിർമാണം തുടങ്ങി. 2 ഏക്കർ 60 സെന്റ് വസ്തു പാലത്തിനായി സ്വകാര്യവ്യക്തികളിൽ നിന്ന് ഏറ്റെടുത്തു.തീർത്തും വാഹന ഗതാഗതമില്ലാത്ത പ്രദേശമായിരുന്നു നാലുചിറ. ഇല്ലിച്ചിറ, നാലു ചിറ നിവാസികൾ പാലം കടന്ന് മറുകരയിലെത്തിയാണ് ദേശീയപാതയിലെത്തിയിരുന്നത്. കിഫ്ബി പദ്ധതിയിൽ 56.82 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലം ആലപ്പുഴ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവേകും.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കരുമാടിക്കുട്ടൻ മണ്ഡപം മുതൽ തോട്ടപ്പള്ളി കൊട്ടാരവളവു വരെയുള്ള ബൈപാസ് നിർമാണവും പുരോഗമിക്കുന്നു. നാലുചിറ പാലം കടന്നാണ് ബൈപാസ് ദേശീയപാതയിലെത്തുക. 90.625 കോടി രൂപയാണ് ബൈപാസിന്റെ ചെലവ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ 7-ാം വാർഡ്, പുറക്കാട് പഞ്ചായത്തിലെ 6,7 വാർഡുകളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.