കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ മണി, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡിജി കേരളം നോഡൽ ഓഫീസർ സി.ആർ പ്രസാദ്, പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, ആർ.ജി.എസ്.എ. വിജയ്‌ഘോഷ് എന്നിവർ പ്രസംഗിച്ചു.