മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയ്ക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും കുടപിടിക്കുന്നു : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (12/11/2024)

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കുടപിടിച്ചു കൊടുക്കുകയാണ്. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും നടത്തിയ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍

താമസിക്കുന്ന ഹോട്ടലില്‍ പാതിരാത്രി കള്ളപ്പണം കണ്ടെത്തുന്നതിന് റെയ്ഡ് നടത്തിയ പൊലീസ് മതപരമായ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ പോലും തയാറാകുന്നില്ല. ചേലക്കരയില്‍ വെള്ളത്തിനു തീപിടിപ്പിക്കുന്ന തരത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടിയുള്ള ലഘുലേഖ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ക്രൈസ്തവ വീടുകളില്‍ വിതരണം ചെയ്തു. എന്നിട്ടും കേസെടുത്തില്ല. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

മുനമ്പത്തെ പ്രശ്‌നം പത്ത് മിനിട്ട് കൊണ്ട് സര്‍ക്കാരിന് പരിഹരിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇങ്ങനെ പോകട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു ശേഷം 16- ന് ഉന്നതതലയോഗം വിളിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ പാലക്കാട് തിരഞ്ഞെടുപ്പ് നീട്ടിവച്ചതോടെ അതും കഴിഞ്ഞ് ഉന്നതതലയോഗം നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മുനമ്പം വിഷയം രമ്യമായി പരിഹരിക്കരുതെന്ന ഉദ്ദേശ്യം കൂടി സര്‍ക്കാരിനുണ്ട്. ഒരു സങ്കീര്‍ണമായ നിയമവും മുനമ്പം പ്രശ്‌നത്തിലില്ല. എല്ലാം മുസ്ലീം സംഘടനകളും മുസ്ലീംലീഗും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും താമസിക്കുന്നവര്‍ക്കാണ് അവകാശമെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനും വഖഫ് ബോര്‍ഡിനും വഖഫ് മന്ത്രിക്കും മാത്രമെ ഇപ്പോഴും സംശയമുള്ളൂ. വഖഫ് ബോര്‍ഡ് ഇപ്പോഴും കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആ ഭൂമിയില്‍ ക്ലെയിം

ഇല്ലെന്ന നിലപാട് സ്വീകരിക്കാന്‍ വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ ആവശ്യപ്പെടണം. പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിച്ച് കോടതിയെ അറിയിച്ചാല്‍ അതോടെ പ്രശ്‌നം അവസാനിക്കും. എന്നാല്‍ അതിന് ശ്രമിക്കാതെ സംഘ്പരിവാറിന് കേരളത്തില്‍ ഇടമുണ്ടാക്കി കൊടുക്കുന്നതിനു വേണ്ടി പ്രശ്‌നം മനപൂര്‍വം സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുകയാണ്. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെല്ലാം സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നതാണ് യു.ഡി.എഫ് നിലപാട്. പണം വാങ്ങി നല്‍കിയ ഭൂമി ഒരിക്കലും വഖഫ് ഭൂമിയാകില്ല. സര്‍ക്കാര്‍ കുത്തിപ്പൊക്കിയതാണ് മുനമ്പത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. വഖഫ് ഭൂമിയല്ലെന്ന് മുസ്ലീം സംഘടകള്‍ വ്യക്തമാക്കിയിട്ടും ഇതൊരു ഇസ്ലാം- ക്രൈസ്ത പ്രശ്‌നമായി മാറുന്നത് എങ്ങനെയാണ്? സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ യു.ഡി.എഫ് നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്ത് മുസ്ലീം സംഘടകളുടെ യോഗം വിളിച്ച് വഖഫ് ഭൂമിയല്ലെന്ന നിലപാടെടുത്തത്.

ആദ്യമായി സീപ്ലെയിന്‍ കൊണ്ടുവന്നെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീപ്ലെയിന്‍ കൊണ്ടുവന്നപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി സമരം ചെയ്തവരാണ് ഇപ്പോള്‍ സീപ്ലെയിനിന്റെ പിതാക്കന്‍മാരാണെന്നു പറയുന്നത്. കാല്‍ ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ റാഞ്ചാന്‍ വേണ്ടിയാണ് സീ പ്ലെയിന്‍ കൊണ്ടുവരുന്നതെന്നാണ് 2013 ജൂണ്‍ മൂന്നിലെ ദേശാഭിമാനി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയത്. ഇതു പറഞ്ഞവരാണ് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ അതേ കായലില്‍ സീപ്ലെയിന്‍ ഇറക്കാന്‍ പോകുന്നത്. ഒരു നാണവും ഇല്ലാതെയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്ലെയിനില്‍ കയരി കൈവീശി കാണിച്ചത്. സി.പി.എം നേതാക്കള്‍ അന്നു നടത്തിയ പ്രസംഗങ്ങള്‍ പുസ്തകമാക്കിയാല്‍ അതൊരു അമൂല്യ സമ്പത്തായിരിക്കും. എന്തൊരു വിരോധാഭാസമാണ്? ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോള്‍ 6000 കോടിയുടെ അഴിമതിയുണ്ടെന്ന് പറഞ്ഞ പിണറായി വിജയനാണ് വിഴിഞ്ഞത്ത് പോയി കപ്പല്‍ നേക്കി ആശ്വാസംകൊള്ളുകയും നെടുവീര്‍പ്പെടുകയും ചെയ്തത്.

41 കോടി 40 ലക്ഷം കുഴല്‍പ്പണമായി കൊണ്ടുവന്നയാള്‍ ഇപ്പോഴും പ്രതിയാകാതെ സാക്ഷിയായി നില്‍ക്കുകയാണ്. ചേലക്കരയില്‍ പിടിച്ചെടുത്തത് യു.ഡി.എഫിന്റെ പണമല്ല. കര്‍ണാടകത്തില്‍ നിന്നും മദ്യവും പണവും ഇറക്കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുകയാണെങ്കില്‍ ഈ സര്‍ക്കാരിനെ ഒന്നിനും കൊള്ളില്ലെന്നാണ് അതിന്റെ അര്‍ത്ഥം. ഞങ്ങള്‍ കര്‍ണാടകത്തില്‍ നിന്നും സ്പിരിറ്റ് കൊണ്ടുവരികയാണെങ്കില്‍ എക്‌സൈസ് മന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്? രാജി വച്ച് പോകുന്നതാണ് നല്ലത്. മന്ത്രിയുടെയും അളിയന്റെയും നേതൃത്വത്തിലാണ് പാതിരാ നാടകവും ട്രോളി നാടകവും അരങ്ങേറിയത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് സ്പിരിറ്റ് നാടകം. അവസാനം സ്പിരിറ്റ് കൊണ്ടു വന്നത് സി.പി.എമ്മിന്റെ രണ്ടു ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണെന്നു വ്യക്തമായി. പാലക്കാടും ചേലക്കരയിലും ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയുമാണ്.

തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല, കേരളം മുഴുവന്‍ മയക്കുമരുന്നും സ്പിരിറ്റും ഒഴുകുകയാണ്.എവിടെയായിരുന്നു എക്‌സൈസ് മന്ത്രി. തിരഞ്ഞെടുപ്പ് ആയപ്പോള്‍ മാത്രമാണോ കേരളത്തില്‍ സ്പിരിറ്റ് ഒഴുകുന്നെന്ന് മന്ത്രി അറിഞ്ഞത്. പെട്ടിക്കടകളില്‍ വരെ എം.ഡി.എം.എ കിട്ടും. പരസ്യമായാണ് ലഹരി ഉപയോഗിച്ചുള്ള ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്നത്. ഇതൊന്നും തടയാന്‍ നേരമില്ലാത്തവരാണ് തിരഞ്ഞെടുപ്പ് കാലത്ത് സ്പിരിറ്റ് നാടകവുമായി വരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ എല്ലാ നാടകവും പൊളിഞ്ഞു പോയി.

ഉദ്യോഗസ്ഥര്‍ക്കിടയിലെ കൂട്ടയടി സര്‍ക്കാരിന്റെ അറിവോടെയാണോയെന്നു വ്യക്തമാക്കണം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രണ്ടു ഗ്രൂപ്പുകളാണ് ഉണ്ടാക്കിയത്. എന്നിട്ടും അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു. മുസ്ലീം ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ അത് എന്തിനാണെന്ന് അദീല അബ്ദുള്ള ചോദിച്ചപ്പോള്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണെന്നായിരുന്നു മറുപടി. കേരളത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുകയാണ്. മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ഏതോ കോണില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ.എ.എസുകാര്‍ക്കിടയില്‍ രണ്ടു ഗ്രൂപ്പുകളും ഉണ്ടാക്കിയിരിക്കുന്നത്. ഇത് തേച്ചുമായ്ച്ച് കളയുന്നതിനു വേണ്ടിയാണോ പ്രശാന്തിന്റെ വിഷയമെന്ന് അറിയില്ല. പ്രശാന്ത് ഒളിപ്പിച്ച ഫയല്‍ എങ്ങനെയാണ് ഇപ്പോള്‍ ലഭിച്ചത്? തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് കണ്ടെത്തണം. സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്. ഒരു ഇരട്ടച്ചങ്കുമില്ല. ഇരട്ടച്ചങ്കുണ്ടെങ്കില്‍ ഇതൊക്കെ നടക്കുമോ? സര്‍ക്കാരില്ലായ്മയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.

Author

Leave a Reply

Your email address will not be published. Required fields are marked *