രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണ് ഇ.പി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത് – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പാലക്കാട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

പാലക്കാട് : രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണ് ഇ.പി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. സി.പി.എമ്മിലെ വലിയൊരു വിഭാഗം സഖാക്കള്‍ ഈ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് എടുത്തുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയിലെ എതിര്‍പ്പ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും കണ്ടതാണ്. ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥിത്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സി.പി.എമ്മില്‍ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇ.പി ജയരാജന്‍

ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നത്. ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ ആളെ പാലക്കാട് മാത്രമല്ല, ചേലക്കരയിലെ വിജയ സാധ്യതയെയും ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇരുണ്ട് വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ അവസരവാദിയെയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ പോലും പരാതിപ്പെടുകയാണ്. സി.പി.എമ്മിലെ ഒരു സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഇ.പി ജയരാജനും സി.പി.എമ്മും ഇപ്പോള്‍ ആത്മകഥ നിഷേധിക്കുകയാണ്. ജയരാജന്‍ നേരത്തെയും ഇങ്ങനെയൊക്കെ നേരത്തെയും പറയുന്ന ആളാണ്. ജാവദേദ്ക്കറെ കണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആദ്യം കണ്ടില്ലെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് കണ്ടെന്നു പറഞ്ഞു. ബി.ജെ.പി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന് ഞാന്‍ ആരോപിച്ചപ്പോഴും രണ്ടു പേരും നിഷേധിച്ചു. അദ്ദേഹം സത്യസന്ധനായതു കൊണ്ടു തന്നെ ആദ്യം അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഭാര്യയ്ക്ക് ഷെയര്‍ ഉണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് തല്‍ക്കാലത്തേക്ക് പാര്‍ട്ടി നിഷേധിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദ്ദേഹം പറയും. ഡി.സി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള ഒരു പ്രസാധക സ്ഥാപനത്തിന് ആകാശത്ത് നിന്നും ഒരാളുടെ ആത്മകഥ എഴുതാന്‍ സാധിക്കുമോ? ഇ.പി ജയരാജന്റെ അനുമതി ഇല്ലാതെ കവര്‍ പേജ് പ്രസിദ്ധീകരിച്ച് പുസ്തകം ഇന്ന് എല്ലാ സ്റ്റോറുകളിലും എത്തുമെന്ന അറിയിപ്പ് നല്‍കാന്‍ ഡി.സി ബുക്‌സിന് സാധിക്കുമോ? ആത്മകഥ പുറത്തു പോയത് എങ്ങനെയാണെന്ന് ഇ.പി ജയരാജനാണ് അന്വേഷിക്കേണ്ടത്. ഇ.പിയുടെ പാര്‍ട്ടിയിലെ മിത്രങ്ങളാണോ അതോ ശത്രുക്കളാണോ അത് പുറത്തു കൊടുത്തതെന്നു മാത്രം ഇ.പി അന്വേഷിച്ചാല്‍ മതി. ബാക്കിയെല്ലാം പ്രിന്റ് ചെയ്തിട്ടുണ്ട്. അതില്‍ അവസരവാദ രാഷ്ട്രീയത്തെ കുറിച്ചും പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചും രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ചുമുള്ള രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്.

പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്. സി.പി.എമ്മിന് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത ബി.ജെ.പിയിലേക്ക് സീറ്റ് ചോദിച്ച് പോയ ആള്‍ക്ക് സീറ്റ് നല്‍കിയതിലൂടെ അവര്‍ തന്നെ തല്ലിക്കെടുത്തി. അവരുടേതായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി വരാമായിരുന്ന സാധ്യത സി.പി.എം തന്നെയാണ് നശിപ്പിച്ചത്. ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടുന്ന ആള്‍ എന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. അതിനേക്കാള്‍ വലിയ സര്‍ട്ടിഫിക്കറ്റ് ഈ സ്ഥാനാര്‍ത്ഥിക്ക് നല്‍കാനില്ല.

പുസ്തകം പബ്ലഷ് ചെയ്യരുതെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം പുറത്തിറങ്ങേണ്ട പുസ്തകമായിരുന്നു. ഇ.പി ജയരാജനും സി.പി.എമ്മിനും ഇരുപതാം തീയതി വരെ കള്ളം പറഞ്ഞേ പറ്റൂ. പണ്ട് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അന്നാണ് പ്രകാശ് ജാവദേദ്ക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പക്ഷെ ജാവദേദ്ക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവദേദ്ക്കറെ പിണറായി വിജയനും ഇ.പി ജയരാജനും അഞ്ചാറ് തവണ കണ്ടത് എന്തിനു വേണ്ടിയായിരുന്നു? ജാവദേദ്ക്കറെ കണ്ടതിന്റെ പേരില്‍ തന്നെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ജയരാജന് സങ്കടമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ സി.പി.എം നേതാക്കള്‍ക്കിടയിലും അണികളിലും വികാരമുണ്ട്. ഞങ്ങള്‍ക്ക് സി.പി.എമ്മില്‍ നിന്നും വോട്ട് ലഭിക്കും. പാര്‍ട്ടി നന്നായാല്‍ മാത്രമെ ഇനി പാര്‍ട്ടിക്ക് വോട്ട് ചെയ്യൂ എന്ന് പറയുന്ന നല്ല സഖാക്കളുമുണ്ട്.

ആദ്യത്തെ പത്ത് ദിവസം ഡി.സി.സിയുടെ കത്തുമായി നടന്ന മാധ്യമങ്ങള്‍ ഇനിയുള്ള അഞ്ച് ദിവസമെങ്കിലും ഈ ബുക്കുമായി നടക്കണം. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. ഒരു പേജുള്ള കത്തില്‍ നിന്നും തുടങ്ങിയ തിരഞ്ഞെടുപ്പ് 180 പേജുള്ള പുസ്തകത്തില്‍ അവസാനിക്കുന്ന രസകരമായ കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസിലാണ് കുഴപ്പമെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ലെന്ന് എല്ലാവര്‍ക്കും മനസിലായി. ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകം. ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യും. പക്ഷെ തിരഞ്ഞെടുപ്പ് രംഗത്തെ ഒരു യുദ്ധത്തിന് പോകുമ്പോള്‍ എല്ലാവരും ഒരു ടീം ആയി നില്‍ക്കും. ഇപ്പോള്‍ ബി.ജെ.പിയിലും സി.പി.എമ്മിലും കലാപം നടക്കുകയാണ്. പരസ്പരമുള്ള ചെളി വാരി എറിയലാണ് സി.പി.എമ്മില്‍ നടക്കുന്നത്. സി.പി.എം നേരിടുന്ന ജീര്‍ണതയുടെ പ്രതിഫലനങ്ങളാണ് പുറത്തു വരുന്നത്. കൊഴിഞ്ഞാംപാറായില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നൂറു പേര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചില്ലേ. ഏതെങ്കിലും കാലത്ത് സി.പി.എമ്മില്‍ ഇങ്ങനെ നടക്കുമോ? കൂടിയാലോചനകള്‍ ഇല്ലാത്തതിന്റെ പ്രതിഷേധമാണ് പുറത്തു വരുന്നത്.

പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോയി സംഘ്പരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. വിഷയം വിവാദമായി ഇരിക്കുമ്പോഴാണ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് വയനാട്ടിലും തളിപ്പറമ്പിലും ചാവക്കാടും നോട്ടീസ് നല്‍കിയത്. വഖഫ് നോട്ടീസ് നല്‍കുന്നതിന്റെ പിറ്റേ ദിവസം ബി.ജെ.പി നേതാക്കള്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഒരു അറേഞ്ച്‌മെന്റാണിത്. വഖഫിന് എതിരായ നീക്കമാക്കി മാറ്റാന്‍ ഈ സര്‍ക്കാര്‍ ബി.ജെ.പിക്ക് അവസരം ഒരുക്കിക്കൊടുക്കുകയാണ്. വഖഫ് ബോര്‍ഡാണ് സംഘ്പരിവാറിന് ഇടം ഉണ്ടാക്കിക്കൊടുക്കുന്നത്. നോട്ടീസ് കൊടുക്കുന്നതും ബി.ജെ.പി നേതാക്കള്‍ അവിടെ പോയി വര്‍ഗീയത ആളിക്കത്തിക്കുന്നതും ധാരണയുടെ അടിസ്ഥാനത്തിലാണ്.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മിറ്റി 2010 ല്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമയില്‍ ക്ലെയിം ഉന്നയിക്കാന്‍ മന്ത്രിസഭയും തീരുമാനിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം 2022-ല്‍ നിലവിലെ വഖഫ് ബോര്‍ഡ് നികുതി വാങ്ങരുതെന്ന് റവന്യൂ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചത്. അതിന്റെ മുഴുവന്‍ രേഖകളുമുണ്ട്. വിവാദമായപ്പോള്‍ പിന്‍വലിക്കാന്‍ വഖഫ് സെക്രട്ടറിയോട് വഖഫ് മന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ അത് എഴുതിത്തരണമെന്ന് വഖഫ് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി എഴുതിക്കൊടുത്തില്ല. പിന്നീട് നിര്‍ദ്ദേശം പിന്‍വലിച്ചു. പിന്‍വലിച്ചതിനു പിന്നാലെ വഖഫ് മന്ത്രിക്ക് ബന്ധമുള്ള ആളെക്കൊണ്ട് കോടതയില്‍ കേസ് കൊടുപ്പിച്ചു. അവര്‍ രണ്ടു പേരും ഒന്നിച്ചിരിക്കുന്ന ഫോട്ടോ എന്റെ കയ്യിലുണ്ട്. രണ്ട് മതങ്ങള്‍ തമ്മിലടിക്കുന്നതിനു വേണ്ടിയുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സി.പി.എം ചൂട്ടുപിടിച്ചു കൊടുന്നതു കൊണ്ടാണ് അതേക്കുറിച്ച് പറയാത്തത്. മന്ത്രി ഇങ്ങോട്ട് എന്തെങ്കിലും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാം. ആളുകളുടെ കണ്ണില്‍ പൊടിയിടുന്നതിനു വേണ്ടിയാണ് നികുതി സ്വീകരിക്കേണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിച്ചതിന്റെ പിറ്റേ ദിവസം വഖഫ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അയാളെക്കൊണ്ട് കേസ് കൊടുപ്പിച്ചത്.

തിരഞ്ഞെടുപ്പ് തുടങ്ങിയ അന്നു മുതല്‍ ഒരു സി.പി.എം ജില്ലാ സെക്രട്ടറി എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണ്. പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്ന വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അയാള്‍ പറയുന്നത്. പൊലീസ് അയാള്‍ക്കെതിരെ കേസെടുക്കണം. വോട്ടര്‍മാരെ തടയുമെന്ന് ഒരു പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞാല്‍ ജാമ്യമില്ലാത്ത കേസെടുത്ത് അയാളെ ജയിലില്‍ അടയ്ക്കണം. ഓലപ്പാമ്പ് കാട്ടി വിരട്ടാനൊന്നും വരേണ്ട. ആരു വിചാരിച്ചാലും പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവര്‍ വോട്ടു ചെയ്യും. പാര്‍ട്ടിയിലെ അന്തച്ഛിദ്രത്തെ തുടര്‍ന്ന് സി.പി.എമ്മിന് പുതുതായി വോട്ട് ചേര്‍ക്കാന്‍ പറ്റിയിട്ടില്ല. ബി.ജെ.പിക്കും സാധിച്ചില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി പുതിയ വോട്ടര്‍മാരെ ചേര്‍ത്തതിലുള്ള അസ്വസ്ഥതയാണ് ഭീഷണിക്ക് കാരണം. ആര് വോട്ട് ചേര്‍ത്താലും എല്ലാവരും വോട്ട് ചെയ്യും. ഒരാളെ പോലും ആര്‍ക്കും തടയാനാകില്ല. എല്ലാവരും വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭ്യര്‍ത്ഥിക്കുമ്പോഴാണ് വോട്ട് ചെയ്യാന്‍ വരരുതെന്ന ഭീഷണി. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് യു.ഡി.എഫ് പരാതി നല്‍കും. വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചതിന് ജാമ്യമില്ലാ കേസെടുത്ത് സി.പി.എം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റു ചെയ്ത് ജയിലിലാക്കണം. എല്ലാ രേഖകളും ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബി.എല്‍.ഒമാര്‍ വീടുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് വോട്ട് ചേര്‍ക്കുന്നത്. ആറായിരം പേരുടെ വോട്ട് ചേര്‍ത്തതിലെ അസ്വസ്ഥതയാണ് പ്രകടിപ്പിക്കുന്നത്. വോട്ട് ചേര്‍ക്കല്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമാണ്. ഒരു കാലത്തും നടത്താത്ത മുന്നൊരുക്കം നടത്തിയതു കൊണ്ട് സി.പി.എം സിറ്റിംഗ് സീറ്റായിരുന്ന ചേലക്കര തിരിച്ചു പിടിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞത്. പാലക്കാട് ഷാഫി പറമ്പിലിനും പാര്‍ലമെന്റില്‍ വി.കെ ശ്രീകണ്ഠനും കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടത്തിലും വിജയിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *