വയനാട് ദുരന്ത ബാധിതരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും – പ്രതിപക്ഷ നേതാവ്

Spread the love

പാലക്കാട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനം. (15/11/2024)

വയനാട് ദുരന്ത ബാധിതരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും; ബി.ജെ.പി സര്‍ക്കാരിന്റേത് രാജ്യത്തിന്റെ ഭൂപടത്തില്‍ കേരളം ഇല്ലെന്ന നിലപാട്; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യാന്‍ യു.ഡി.എഫിന് ആരുടെയും സഹായം ആവശ്യമില്ല; വോട്ട് ചേര്‍ക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബി.ജെ.പി ഭരിക്കുന്ന മുന്‍സിപ്പാലിറ്റി; പാലക്കാട്ടെ എല്ലാ നാടകങ്ങള്‍ക്കും പിന്നില്‍ മന്ത്രിയും അളിയനും സി.പി.എം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടുന്ന ലോബി; അവസരവാദിയാണെന്നു വിശേഷിപ്പിച്ച സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇ.പി ജയരാജന്‍ പ്രസംഗിച്ചത് രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട തമാശ; മുനമ്പത്തെ പാവങ്ങള്‍ക്കൊപ്പം നില്‍ക്കാത്തത് കേരള സര്‍ക്കാരും വഖഫ് ബോര്‍ഡും മാത്രം; വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പിണറായി വിജയന് ധൈര്യമില്ല.

പാലക്കാട് : വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണന കേരളത്തോട് തന്നെയുള്ള അവഗണനയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണ്. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്ര അവഗണനയെ കുറിച്ച്

നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണ്. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തും. ദേശീയ- സംസ്ഥാന തലങ്ങളില്‍ ഇതിനെ ഗൗരവമുള്ള വിഷയമാക്കി മാറ്റും. വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റില്‍ നിന്നും എടുത്ത് തരുന്ന പണമല്ല. സംസ്ഥാനങ്ങള്‍ അവകാശപ്പെട്ട പണമാണ്. എസ്.ഡി.ആര്‍.എഫ് നല്‍കിയെന്നത് തെറ്റാണ്. എസ്.ഡി.ആര്‍.എഫിന് സംസ്ഥാനത്തിന് അല്ലാതെ തന്നെ

അര്‍ഹതയുണ്ട്. വയനാടിന്റെ പുനരധിവാസത്തിനു വേണ്ടത് എസ്.ഡി.ആര്‍.എഫ് അല്ല, സ്‌പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സാണ്. ഉത്തരാഖണ്ഡും അസാംമും ഉത്തര്‍ പ്രദേശും ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് കേരളത്തിന് ഇത്തരത്തില്‍ കുറച്ച് പണം നല്‍കിയിട്ടുള്ളതുമാണ്. വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹതയുള്ള പണം നല്‍കാതിരിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ തിനിറമാണ് തുറന്നുകാണിക്കപ്പെട്ടിരിക്കുന്നത്. വയാനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഇതേക്കുറിച്ച് ഒന്നും പറയാതെ പോളിങ് കഴിഞ്ഞ ശേഷമാണ് ഈ വാര്‍ത്ത പുറത്തു വന്നു എന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും സംസ്ഥാനത്തെ ദുര്‍ഭരണത്തിനും എതിരായ യു.ഡി.എഫിന്റെ പോരാട്ടവും, യു.ഡി.എഫിന് ജനങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശവും പറയാനുള്ള അവസരമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും പ്രചരണവിഷയമാകും. കേരളം കൃത്യമായ കണക്ക് നല്‍കിയില്ലെന്നു പറയേണ്ടത് കെ. സുരേന്ദ്രനല്ല. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയോടല്ല കേരളം പണം ചോദിച്ചത്. കൃത്യമായ കണക്കില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ പറയട്ടെ. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്തും കേന്ദ്ര സംഘം ഉണ്ടെന്നാണ് പറഞ്ഞത്. ആ സംഘം പരിശോധിച്ച് പണം തന്നാലും മതി. അല്ലാതെ ബി.ജെ.പിയോട് ആരും പണം ചോദിച്ചിട്ടില്ല. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യാന്‍ യു.ഡി.എഫിന് ആരുടെയും സഹായം ആവശ്യമില്ല. സി.പി.എം എപ്പോഴാണ് ബി.ജെ.പിയുമായി കോംപ്രമൈസ് ആകുന്നതെന്ന് പറയാനാകില്ല. കേന്ദ്രത്തിന് എതിരായ ഒരു സമരത്തിനും എല്‍.ഡി.എഫിനെയോ സി.പി.എമ്മിനെയോ കൂട്ടു പിടിക്കില്ലെന്ന് യു.ഡി.എഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശേഷി യു.ഡി.എഫിനുണ്ട്.

പാലക്കാട് ഇരട്ട വോട്ടുകളുണ്ടെന്നത് സത്യമാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വോട്ട് ചേര്‍ത്തത് എം.പിയാണ് വെളിപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചേര്‍ത്തതും വ്യാജ വോട്ടാണ്. വോട്ട് ചേര്‍ക്കുന്നതിനു വേണ്ടി ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മുന്‍സിപ്പാലിറ്റിയാണ് അദ്ദേഹത്തിന് റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആറു മാസം താമസിച്ചാല്‍ മാത്രമെ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വ്യാജ രേഖ ചമച്ചാണ് സ്ഥാനാര്‍ത്ഥി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ബി.ജെ.പിയുടെ സഹായം ഇല്ലാതെ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. കോണ്‍ഗ്രസില്‍ സീറ്റ് ചോദിക്കുന്ന സമയത്ത് തന്നെ ബി.ജെ.പിയിലും സി.പി.എമ്മിലും പോയി സീറ്റ് ചോദിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റും അതു തന്നെയാണ് ചെയ്തത്. ഞങ്ങള്‍ ആരും അങ്ങനെ ചെയ്തിട്ടില്ല. ഓരോ ബൂത്തുകളിലും പരിശോധന നടത്തിയാണ് യു.ഡി.എഫ് 5500 ല്‍ അധികം വോട്ട് ചേര്‍ത്തിട്ടുണ്ട്. ബി.ജെ.പിയും സി.പി.എമ്മും ചേര്‍ത്തതിന്റെ ഇരട്ടി വോട്ടുകളാണ് യു.ഡി.എഫ് ചേര്‍ത്തത്. ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് വോട്ട് ചേര്‍ത്തത്. മരിച്ചു പോയവരുടെയും വരാന്‍ സാധ്യതയില്ലാത്തവരുടെയും മറ്റു മണ്ഡലങ്ങളിലും വോട്ട് ഉള്ളവരുടെയും പേരുകള്‍ അടയാളപ്പെടുത്തി പ്രിസൈഡിങ് ഓഫീസര്‍ക്ക് ബൂത്ത് ഏജന്റുമാര്‍ കൈമാറും. ഇത് തൃക്കാക്കരയിലും പുതുപ്പള്ളിയിലും ചെയ്തിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പാലക്കാട് താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്നു മാസം പോലും ആയിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ അദ്ദേഹം താമസിച്ചിട്ടില്ല. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പോയതിനു ശേഷം പാലക്കാടുകാരനാണെന്നു കാണിക്കുന്നതിനു വേണ്ടിയാണ് വോട്ട് ചേര്‍ത്തത്. സ്ഥാനാര്‍ത്ഥി ഇവിടെ ഇല്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് മാത്രമാണ് അദ്ദേഹം ഇങ്ങോട്ട് വന്നത്.

സി.പി.എം ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള മന്ത്രിയും പാര്‍ട്ടിക്കുള്ളില്‍ നിന്നും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് ജില്ലാ സെക്രട്ടറി ഒരു പണിയും എടുത്തിട്ടില്ല. ഒരു പണിയും ചെയ്യാത്തത് മറച്ചു വയ്ക്കുന്നതിനു വേണ്ടിയാണ് ജില്ലാ സെക്രട്ടറി വ്യാജ വോട്ടെന്ന ബഹളം ഉണ്ടാക്കുന്നത്. അങ്ങനെയെങ്കില്‍ അര്‍ ചേര്‍ത്ത വോട്ടുകളൊക്കെ വ്യാജമാണോ? വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു വേണ്ടി ഞങ്ങള്‍ നന്നായി പണിയെടുത്തു. നന്നായി മുന്നൊരുക്കം നടത്തിയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് നേരിടുന്നത്. പുറത്തു നിന്നും ഒരു വോട്ട് പോലും ഞങ്ങള്‍ക്ക് ചേര്‍ക്കേണ്ടി വന്നിട്ടില്ല. പാര്‍ലമെന്റ്

തിരഞ്ഞെടുപ്പില്‍ കുറച്ചു വോട്ടുകള്‍ മാത്രമെ ചേര്‍ക്കാനായുള്ളൂ. ചേലക്കരയില്‍ ആറായിരത്തില്‍ അധികം വോട്ടാണ് ചേര്‍ത്തത്. അവിടെ ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നല്ലോ. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാത്ത ഇലക്ഷന്‍ മാനേജ്‌മെന്റ് സിസ്റ്റം കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട്. തെറ്റായ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബി.എല്‍.ഒമാരുമാണ് കുറ്റവാളികള്‍. അവര്‍ക്കെതിരെ തിരഞ്ഞെടുപ്പിന് ശേഷം കേസെടുത്ത് അന്വേഷണം നടത്തണം. വോട്ട് ഉള്ള ആള്‍ ഐ.ഡി കാര്‍ഡുമായി വന്നാല്‍ വോട്ട് ചെയ്യിപ്പിക്കേണ്ടി വരും. തടയുകയാണംങ്കില്‍ ആദ്യം തടയേണ്ടത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടാണ്. യു.ഡി.എഫ് വോട്ട് ചേര്‍ത്തതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. എന്തെല്ലാം നാടകങ്ങളാണ് പാലക്കാട് നടത്തിയത്. അതില്‍ അവസാനത്തെ നാടകമാണ് 18-ന് സി.പി.എം നടത്തുന്നത്. പക്ഷെ എല്ലാം തിരിഞ്ഞുകയറും. മന്ത്രിയും അളിയനും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടുന്ന ലോബിയാണ് ഇതിനൊക്കെ പിന്നില്‍. അവരാണ് പെട്ടി കെട്ടിപ്പിടിക്കാന്‍ പറഞ്ഞത്. കൃഷ്ണദാസ് പെട്ടി ദൂരേയ്ക്ക് എറിയണമെന്ന് പറഞ്ഞത്. ഈ ജില്ലാ സെക്രട്ടറിക്കെതിരെയാണ് നൂറ് പാര്‍ട്ടി അംഗങ്ങള്‍ വെല്ലുവിളി നടത്തിയത്.

ആത്മകഥ സംബന്ധിച്ച് ഡി.ജി.പിക്ക് ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ ഡി.സി ബുക്‌സിന്റെ പേരില്ല. ആത്മകഥ അദ്ദേഹത്തിന്റേതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡി.സി ബുക്‌സ് പോലൊരു സ്ഥാപനം അന്തരീക്ഷത്തില്‍ നിന്നും ആത്മകഥ ഉണ്ടാക്കി പ്രസിദ്ധീകരിക്കുമോ? ആത്മകഥ ഭാഷാശുദ്ധി വരുത്താന്‍ ദേശാഭിമാനിയുടെ ആളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഇത് പുറത്തു കൊടുത്തത് ഇ.പിയുടെ ശത്രുക്കളാണോ മിത്രങ്ങളാണോ എന്നു മാത്രം അന്വേഷിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്നും രണ്ടു കോടി ബോണ്ട് വാങ്ങിയത് പാര്‍ട്ടിയുടെ അനുമതിയോടെയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. അന്ന് പിണറായി വിജയനായിരുന്നല്ലോ പാര്‍ട്ടി സെക്രട്ടറി. എന്നിട്ടാണ് ഈ പാവത്തെ ബലിയാടാക്കിയത്. ആദ്യം പറഞ്ഞില്ലെങ്കിലും ഇ.പി എപ്പോഴും സത്യം പറയും. ഇന്നലെ ഇ.പിയെ അപമാനിക്കുകയല്ലേ ചെയ്തത്. സ്ഥാനാര്‍ഥി പോലും ചിരിച്ചു പോകും. അവിടെ അനുമോദന യോഗമാണോ അനുശോചന യോഗമാണോ നടന്നതെന്ന് അറിയില്ല. ഇരുണ്ട് വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയ അവസരവാദിയാണെന്നു പുസ്തകത്തില്‍ പറഞ്ഞിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇ.പി ജയരാജന്‍ പാലക്കാട് പ്രസംഗിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തി വയ്‌ക്കേണ്ട തമാശയാണ്. അത് നന്നായി ആസ്വദിച്ചു. ആരോ എഴുതിക്കൊടുത്തതാകും ജയരാജന്‍ അവിടെ പ്രസംഗിച്ചത്. പിണറായി കഴിഞ്ഞാല്‍ സി.പി.എമ്മിലെ ഏറ്റവും സീനിയര്‍ നേതാവാണ് ഇ.പി ജയരാജന്‍. പാര്‍ട്ടിക്കുള്ളിലെ ചില കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയുന്നുവെന്നേയുള്ളൂ.

വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞതിനെ കുറിച്ച് പഠിക്കും. വാശിയേറിയ തിരഞ്ഞെടുപ്പ് വയനാട്ടില്‍ നടന്നില്ലെന്ന പ്രശ്‌നമുണ്ട്. പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ തന്നെ നാലും അഞ്ചും ലക്ഷത്തിന് ജയിക്കുമെന്ന് എതിരാളികള്‍ പോലും പറഞ്ഞ സാഹചര്യത്തിലാണ് അവിടെ വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ചേലക്കരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ പന്തീരായിരം വോട്ടുകള്‍ കൂടുതലായി പോള്‍ ചെയ്യപ്പെട്ടു. വാശിയേറിയ തിരഞ്ഞെടുപ്പാണ് ചേലക്കരയില്‍ നടന്നത്.

മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് സ്വാഗതാര്‍ഹമായ നിലപാടാണ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചത്. അദ്ദേഹവും പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്താണ് മുസ്ലീം സംഘടനകള്‍ യോഗം ചേര്‍ന്നത്. സഹോദര മതത്തില്‍പ്പെട്ടവര്‍ക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ്. കേരള സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് ആ പാവങ്ങള്‍ക്കൊപ്പം നില്‍ക്കാത്തത്. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. നിലപാടിന് വിരുദ്ധമായ വര്‍ത്ത വന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരാണെന്ന് ഒന്ന് അന്വേഷിച്ച് നോക്ക്. സി.പി.എം ഒരു കള്ളക്കളി കളിക്കുന്നുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന്റെ തലേന്ന് വയനാട്ടിലും തൃശൂരിലും വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയതിന്റെ പിറ്റേന്ന് ബി.ജെ.പി നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നു. എന്തൊരു നാടകമാണ് സംസ്ഥാന സര്‍ക്കാര്‍ കളിക്കുന്നത്? മനപൂര്‍വമായി പ്രകോപനം ഉണ്ടാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സര്‍ക്കാരും വഖഫ് ബോര്‍ഡും കുടപിടിച്ചു കൊടുക്കുകയാണ്. ഒരു ജാതി, മത സംഘടനകളുടെ അകത്തുള്ള പ്രശ്‌നങ്ങളിലും ഞങ്ങള്‍ പക്ഷം പിടിക്കില്ല. ഇന്ന് വാര്‍ത്ത വരാനുണ്ടായതിന് പിന്നില്‍ ആരായിരിക്കുമെന്നും ഈ വാര്‍ത്ത എഴുതിയ ആള്‍ നേരത്തെ സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നെന്നും പരിശോധിക്കണം. ഇതിന് മുന്‍പും ആ പത്രത്തില്‍ തന്നെ എഡിറ്റോറിയല്‍ വന്നപ്പോള്‍ അത് സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രിക്കോയ തങ്ങള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ എഡിറ്റോറിയല്‍ വന്നപ്പോഴും ഞങ്ങളുടെ നിലപാടല്ലെന്ന് സമസ്ത പറഞ്ഞിട്ടുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിച്ചു. നൂറു കണക്കിന് കാലമായുള്ള വാവര് നട പൊളിക്കണമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിട്ടും ഒരു കേസ് പോലും പിണറായി സര്‍ക്കാര്‍ എടുത്തില്ല. പിണറായിയെ വിമര്‍ശിച്ചാല്‍ വീടും ഓഫീസും റെയ്ഡ് ചെയ്യുന്നവരാണ് ഇപ്പോള്‍ കേസെടുക്കാതിരുന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പിണറായി വിജയന് ധൈര്യമില്ല. ബി.ജെ.പിയെ ഭയന്നാണ് പിണറായി കേരളം ഭരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *