തിരുവനന്തപുരം: നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വയനാട്ടിലെ ജനതയോടു ചെയ്യുന്ന കടുത്ത അനീതിയാണിത്. അഞ്ഞൂറോളം പേര്‍ മരിച്ച ദുരന്തം പ്രധാനമന്ത്രി നേരിട്ടു വന്നു കണ്ടതാണ്. ഈ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഒക്കെ പണം അനുവദിക്കേണ്ടതാണ്. അല്ലാതെ ദുരന്ത നിവാരണത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന പണത്തിന്റെ ഒരംശം തന്നിട്ട് അതുകൊണ്ട് തൃപ്തിപ്പെടാന്‍ പറഞ്ഞാല്‍ തീരുന്നതല്ല വയനാടിന്റെ പ്രശ്‌നം. കേന്ദ്രസര്‍ക്കാര്‍ ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. വയനാടിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി പ്രത്യേക തുകയും സ്‌പെഷ്യല്‍ പാക്കേജും അനുവദിക്കണം.
ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ കാര്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അതനുസരിച്ച് പ്രത്യേക പാക്കേജുകള്‍ അനുവദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.
കേന്ദ്രത്തില്‍ നിന്ന് വേണ്ട സഹായം ലഭിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടോ എന്നറിയില്ല. വേണ്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. വയനാടിന് സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു – ചെന്നിത്തല പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് സമ്പൂര്‍ണ ഐക്യത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്ന മഹാവികാസ് അഘാഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്ന ശുഭപ്രതീക്ഷയാണ്. തികച്ചും അനുകൂല സാഹചര്യങ്ങളാണ് എല്ലായിടത്തും. ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. രാഹുല്‍ ഗാനധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ മീറ്റിങ്ങുകളില്‍ വലിയ ജനക്കൂട്ടമാണ്. ഇന്നലെ മുംബൈയില്‍ നടന്ന പ്രധാനമന്ത്രിയുടെ റാലിയില്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. മോദി പ്രഭാവം ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു എന്നത് വ്യക്തമാണ്. – ചെന്നിത്തല പറഞ്ഞു.