അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജിലൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാർക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ക്യാമ്പ് സിറ്റിംഗുകൾ നടത്തിക്കൊണ്ട് കാര്യക്ഷമമായി തന്നെ ലോകായുക്ത ഇടപെടുന്നുണ്ട്.
25 വർഷംമുമ്പ് കേരളത്തിൽ ലോകായുക്ത യാഥാർത്ഥ്യമാക്കിയത് അന്നത്തെ എൽ ഡി എഫ് സർക്കാരായിരുന്നു. കാൽനൂറ്റാണ്ടു കാലത്തെ പ്രവർത്തനഫലമായി പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുന്ന ചർച്ചകളാൽ സമ്പന്നമാകണം ദിനാചരണമെന്നു മുഖ്യമന്ത്രി പറഞ്ഞു.