ഭരണവിരുദ്ധ വികാരമില്ലെന്ന എല്‍ഡിഎഫ് വാദം ജനവിധിയെ അപഹസിക്കുന്നത്: കൊടിക്കുന്നില്‍ സുരേഷ് എംപി

Spread the love

ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന എല്‍ഡിഎഫ് നേതാക്കളുടെ അവകാശവാദം ജനങ്ങളെയും ജനവിധിയേയും അപഹസിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഭരണനേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ വിവാദങ്ങളും വര്‍ഗീയതയും പ്രചരിപ്പിച്ചാണ് എല്‍ഡിഎഫും അവരുടെ കേരളത്തിലെ രഹസ്യ സഖ്യകക്ഷിയായ ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്. ബിജെപിയെ സഹായിച്ച് സിപിഎം സ്വയം തകരുകയാണ്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് കരുത്തില്ല. എല്‍ഡിഎഫിന്റെ അക്രമ,അഴിമതി രാഷ്ട്രീയത്തെയും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെയും നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമാണുള്ളത്.

സിപിഎമ്മും ബിജെപിയും ചേര്‍ന്ന് പ്രചരിപ്പിച്ച എല്ലാ വര്‍ഗീയതയെയും ജനം തള്ളിക്കളഞ്ഞു. പാലക്കാട് യുഡിഎഫിന്റെ മികച്ച വിജയം സര്‍ക്കാരിനെതിരായ ജനവികാരത്തിന് തെളിവാണ്. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കുറയ്ക്കാന്‍ സാധിച്ചത് യുഡിഎഫിന്റെ നേട്ടമാണ്.ചേലക്കരയില്‍ എല്‍ഡിഎഫിന്റെത് പ്രഭമങ്ങിയ വിജയമാണ്. വയനാട് രാഹുല്‍ ഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധി നേടില്ലെന്ന് സിപിഎം വാദിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് നേടിയ ഭൂരിപക്ഷം മറികടന്ന് പ്രയിങ്കാ ഗാന്ധി നേടിയ വിജയം മോദി -പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ താക്കീതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *