കൊച്ചി: ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം മഹത്തരമാണെന്നും രാജ്യത്ത് നിരന്തരം ഭീഷണിയും വെല്ലുവിളികളുമുയര്‍ത്തുന്ന ഭീകരവാദ അജണ്ടകളെ പിഴുതെറിയാന്‍ ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്നുള്ള ഉന്നതനീതിപീഠത്തിന്റെ വിധിന്യായ പ്രഖ്യാപനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളേയും സംസ്കാരങ്ങളേയും മാനിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ സംവിധാനം പ്രദാനം ചെയ്യുന്ന മൗലിക അവകാശത്തെ ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്തെ പൗരന്മാരുടെ ജീവന്റെയും ജീവിതത്തിന്റെയും സംരക്ഷണം ഉറപ്പാക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്ക്ക് ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്.
ഏതു മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അനുവാദവും അവസരവും നല്കുന്ന ഭരണഘടനാ അവകാശത്തെ നിഷേധിക്കുവാന്‍ ആര്‍ക്കുമാവില്ല. അതേ സമയം മതേതരത്വം നിലനില്‍ക്കുന്ന രാജ്യത്തു നടമാടുന്ന ഭീകരവാദ അജണ്ടകളെ ഉന്മൂലം ചെയ്യേണ്ടത് അടിയന്തരമാണ്.
രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും കടന്നുകയറിയും സംഘടിത അക്രമങ്ങളിലൂടെയും നിയമവ്യവസ്ഥിതികളെ വെല്ലുവിളിച്ചും ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്ന മസ്തിഷ്കപ്രക്ഷാളനവും തീവ്രവാദ അജണ്ടകളും ആശങ്കപ്പെടുത്തുന്നു. ആഗോളഭീകരവാദം ഇന്ത്യയിലും കേരളത്തിലും പടരുന്നുവെന്ന രാജ്യാന്തര ഏജന്‍സികളുടെയും കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളുടെയും കണ്ടെത്തലുകള്‍ വളരെ ഗൗരവമേറിയതാണെന്നും മതഭീകരവാദ അജണ്ടകള്‍ ഭാരതമണ്ണില്‍ വളരാന്‍ ഒരിക്കലും അനുവദിക്കരുതെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Chevalier Adv V C Sebastian
Secretary, Council for Laity
Catholic Bishops’ Conference of India (CBCI)
New Delhi