ജനാധിപത്യവും മനുഷ്യാവകാശവും കശാപ്പ് ചെയ്യപ്പെടുന്ന സാമൂഹ്യവ്യവസ്ഥയില്‍ ഭരണഘടനയെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കേണ്ടത് ഓരോ ഉത്തരവാദിത്തമുള്ള പൗരന്റെയും കടമയാണ് – രമേശ് ചെന്നിത്തല

Spread the love

ജനാധിപത്യവും മനുഷ്യാവകാശവും കശാപ്പ് ചെയ്യപ്പെടുന്ന സാമൂഹ്യവ്യവസ്ഥയില്‍ ഭരണഘടനയെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കേണ്ടത് ഓരോ ഉത്തരവാദിത്തമുള്ള പൗരന്റെയും കടമയാണ്. ഈ ഭരണഘടനാദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെയാണ്.
പൗരന്മാര്‍ക്ക് ജനാധിപത്യഭരണവും സ്വാതന്ത്ര്യവും നീതിയും തുല്യതയുമൊക്കെ ഉറപ്പു വരുത്താനാണ് ഭരണഘടന. എന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്‌ളിക്കില്‍ നിന്ന് ജനാധിപത്യത്തിന്റെ മുഖംമൂടിയിട്ട ഏകാധിപത്യത്തിന്റെ വഴിയേ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോള്‍ ആ മുഖം മൂടിക്കു പിന്നില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനാധിപത്യത്തെ സമ്പൂര്‍ണമായും അട്ടിമറിക്കുന്ന പ്രക്രിയയാണ് സംഭവിക്കുന്നത്. ഇത് തുടര്‍ന്നാല്‍ നമ്മുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവുമൊക്കെ പണ്ടു കണ്ട സ്വപ്‌നങ്ങളായിപ്പോകാന്‍ അധികം സമയം വേണ്ട.
കൃത്യമായ തിരക്കഥയൊരുക്കി തെരഞ്ഞെടുപ്പുകളെപ്പോലും അട്ടിമറിക്കുന്ന പ്രക്രിയയാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ജനങ്ങള്‍ക്ക് സംശയം ഉണ്ടാകാതിരിക്കാന്‍ അപ്രധാന സംസ്ഥാനങ്ങളില്‍ ഭരണം വിട്ടുകൊടുക്കുകയും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യയുടെയ സഹായത്തോടു കൂടി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് നാമിന്നു സാക്ഷ്യം വഹിക്കുകയാണ്. കശ്മീര്‍ വിട്ടു കൊടുത്ത് ഹരിയാന പിടിച്ചെടുക്കുന്നു. ജാര്‍ഖണ്ഡ് വിട്ടു കൊടുത്ത് മഹാരാഷ്ട്ര പിടിച്ചെടുക്കുന്നു. പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ അഞ്ചര ലക്ഷത്തോളം വോട്ടുകള്‍ അധികം മഹാരാഷ്ട്രയില്‍ എണ്ണിയെന്ന് ഇന്നത്തെ വാര്‍ത്തകള്‍ പറയുന്നു. നാന്ദേഡില്‍ കോണ്‍ഗ്രസ് എംപിയുടെ നിര്യാണത്തെത്തുടര്‍ന്നു നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍്ഗ്രസ് വിജയിക്കുകയും അവിടുത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്യുന്ന അത്ഭുതപ്രവര്‍ത്തികള്‍ നടക്കുന്നു. ഒരേ വോട്ടര്‍മാര്‍ ഒരേ ബൂത്തില്‍ ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ വിരുദ്ധകക്ഷികള്‍ക്ക് വോട്ടു ചെയ്യുന്ന ‘അത്ഭുതം’ ഇവിടെയല്ലാതെ മറ്റെവിടെ നടക്കാന്‍.
ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നു സ്വയം അഭിമാനിച്ചിരുന്ന നമ്മിലേക്ക് അടിച്ചേല്‍പിക്കപ്പെടുന്ന അട്ടിമറിയാണിത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ണ പ്രഹസനങ്ങളാകാന്‍ ഇനി അധികകാലം വേണ്ടെന്ന് സമീപ കാലസംഭവങ്ങള്‍ തെളിയിക്കുന്നു. ജനത ഉയര്‍ത്തെഴുന്നേറ്റില്ലെങ്കില്‍, ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മള്‍ തോറ്റുപോകുന്ന ജനതയാകും. ഭരണഘടന വെറുമൊരു പുസ്തകമല്ല. അത് ജനതയുടെ സ്വാതന്ത്ര്യപ്രഖ്യാപനവും അവകാശരേഖയുമാണ്. അത് ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു വേണം ഈ കെട്ടകാലത്തെ നേരിടാന്‍.

Author

Leave a Reply

Your email address will not be published. Required fields are marked *