എഡിഎമ്മിന്റെ മരണം : സിപിഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

Spread the love

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ സംഭവത്തിന്റെ യഥാർഥ ചിത്രം വെളിച്ചത്തു കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സിപിഎമ്മും സർക്കാരും ഇരട്ടത്താപ്പ് കളിക്കുകയാണ്. സർക്കാർ കുടുംബത്തോടൊപ്പമുണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോൾ കേസ് അന്വേഷണത്തിനു സിബിഐ വരേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത്. സിബിഐ അന്വേഷണത്തെ തത്വത്തിൽ സംസ്ഥാന സർക്കാരും അനുകൂലിക്കുന്നില്ല.
ഇതെല്ലാം നൽകുന്ന സൂചന പ്രകാരം, നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎമ്മിന് എന്തൊക്കെയോ ഒളിക്കാനുണ്ടെന്നാണ്. ആത്മഹത്യ ചെയ്ത ഒരാളുടെ ഇൻക്വസ്റ്റ് തയാറാക്കുന്നതിനു മുൻപ് അയാളുടെ ഉറ്റബന്ധുക്കളുടെ സാന്നിധ്യം വേണമെന്നാണ് നിയമം. എന്നാൽ, പത്തനംതിട്ടയിൽ നിന്ന് ബന്ധുക്കളെത്തുന്നതിനു മുൻപ് തന്നെ നവീൻ ബാബുവിന്റെ ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവുമടക്കമുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നു. ഇതു സംഭവത്തിന്റെ ദുരൂഹത ഒളിപ്പിക്കാനായിരുന്നു എന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ ചെന്നിത്തല ആരോപിച്ചു. സ്വന്തം പാർട്ടി കുടുംബങ്ങൾക്കു പോലും നേതൃത്വ ഗൂണ്ടായിസത്തോടു പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് സിപിഎമ്മിലെന്നും ചെന്നിത്തല ആരോപിച്ചു.
നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണണെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ്. അതിനവർക്ക് എല്ലാ അവകാശവുമുണ്ട്. തന്നെയുമല്ല, പൊലീസ് അന്വേഷണം വഴിതെറ്റിക്കുന്നതാണെന്നും അവിശ്വസനീയവുമാണെന്നാണ് അവർ പറയുന്നത്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്നു സിബിഐക്ക് അന്വേഷണം കൈമാറാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തേണ്ടിയിരുന്നത്. 2019ൽ കാസർഗോഡ് പെരിയയിൽ കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ, പൊതുഖജനാവിൽ നിന്നു പണം മുടക്കി അതിനെതിരേ കേസ് നടത്തിയ ചരിത്രമാണ് സിപിഎമ്മിനും അവരുടെ സർക്കാരിനുമുള്ളത്. പാർട്ടിക്കാരായ പ്രതികളെ രക്ഷിക്കാനായിരുന്നു ഇത്. ഇപ്പോൾ സ്വന്തം പാർട്ടിയിൽപ്പെട്ട ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ കൊല ചെയ്യപ്പെട്ടു എന്നു സംശയിക്കുമ്പോഴും അവർ വേട്ടക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
ഒരുവശത്ത് പാർട്ടി ഇരയുടെ കുടുംബത്തിനൊപ്പമെന്നു പറയുകയും മറുവശത്ത് കുറ്റക്കാരെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ക്രൂരതയാണ് നവീൻ ബാബുവിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *