സർക്കാർ 2016-ൽ അധികാരമേറ്റെടുക്കുമ്പോൾ കേരളത്തിലുണ്ടായിരുന്നത് 300 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു. ആകെയുണ്ടായിരുന്നത് 3000 തൊഴിലവസരങ്ങളും 50 കോടി രൂപയുടെ നിക്ഷേപവും. എന്നാൽ ഇന്ന് 2024-ൽ കേരളത്തിലുള്ളത് 6,100 സ്റ്റാർട്ടപ്പുകളാണ്. ആകെ തൊഴിലവസരങ്ങൾ 62,000 കവിഞ്ഞു. നിക്ഷേപമാകട്ടെ 5,800 കോടി രൂപയും. രാജ്യത്തെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട സംസ്ഥാനമായി കേരളം മാറി എന്നു പറയുന്നത് 2024-ലെ ഇന്ത്യ സ്കിൽസ് റിപ്പോർട്ടാണ്.
അഭിമാനകരമായ ഈ മാറ്റം കേരളത്തിനു സാധ്യമായത് ദീർഘവീക്ഷണത്തോടെയുള്ള സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്. വ്യക്തതയുള്ള ഒരു സ്റ്റാർട്ടപ്പ് നയത്തിനു രൂപം നൽകാനും അതു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും സർക്കാരിനു സാധിച്ചു. ഈ മുന്നേറ്റത്തിനു കൂടുതൽ ഉണർവ്വും ദിശാബോധവും പകരാൻ സാധിക്കുന്ന പരിപാടിയാണ് ഹഡിൽ ഗ്ലോബൽ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവർ പങ്കെടുക്കുന്നു. സമ്മേളനവേദിയിൽ വെച്ച് സ്റ്റാർട്ടപ്പ് മേഖലയിലെ പ്രമുഖരുമായും ഉയർന്നുവരുന്ന സംരംഭകരുമായും സംവദിക്കാൻ സാധിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു. അവർ പങ്കുവെച്ച നിർദ്ദേശങ്ങളും ആശയങ്ങളും സർക്കാർ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. നിർദ്ദേശങ്ങൾക്ക് ഉചിതമായ നടപടികൾ വേഗത്തിൽ തന്നെ കൈക്കൊള്ളുന്നതായിരിക്കും.
സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ദിശാബോധവും പിന്തുണയും നൽകാനും നാടിൻ്റെ വികസന മുന്നേറ്റത്തിൽ ചാലകശക്തിയാകാനും ഹഡിൽ ഗ്ലോബലിനു കഴിയട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.