ഹൈദരാബാദിനെ പിടിച്ചു കെട്ടി കേരളം

Spread the love

ഷിമോഗ : 15 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഹൈദരാബാദിനെ തോല്പിച്ച് കേരളം. ആറ് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം. 35 ഓവർ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ട് ഓവർ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിൻ്റേത് പതിഞ്ഞ തുടക്കമായിരുന്നു. മികച്ച ബൌളിങ്ങിലൂടെ ഹൈദരാബാദ് ബാറ്റിങ് നിരയെ പിടിച്ചു കെട്ടിയ കേരള ബൌളർമാർ അവരുടെ സ്കോർ 122ൽ ഒതുക്കി. മുൻനിര ബാറ്റർമാരിൽ ആർക്കും മികച്ച സ്കോർ കണ്ടെത്താൻ കഴിയാതിരുന്നതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. 19 റൺസെടുത്ത ആശ്രിതയാണ് ഹൈദരാബാദിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി അരിത രണ്ടും ദേവനന്ദ, ലക്ഷ്മീദേവി, ആര്യനന്ദ, അഥീന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. വൈഗ അഖിലേഷും രുദ്ര വിപിനും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 63 റൺസ് പിറന്നു. വൈഗ 30ഉം രുദ്ര 35ഉം റൺസെടുത്തു. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ നാല് വിക്കറ്റുകൾ വീണത് കേരള ക്യാമ്പിൽ ആശങ്കയുണർത്തി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ലക്ഷിത ജയനും റെയ്ന റോസും ചേർന്ന് കേരളത്തെ അനായാസം വിജയത്തിലെത്തിച്ചു. ലക്ഷിത 31ഉം റെയ്ന 15ഉം റൺസുമായി പുറത്താകാതെ നിന്നു.

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *