കൊച്ചി: മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി കുട്ടികൾ അമിത ‘സ്ക്രീൻ ടൈമിന്’ ഇരകളാവുന്നതു തടയാനായി ഫെഡറൽ ബാങ്ക് നടപ്പാക്കുന്ന സംസ്ഥാനതല ബോധവൽക്കരണ പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി. ‘കളിയും കാര്യവും’ എന്ന പേരിലുള്ള പരിപാടി കേന്ദ്രീയ വിദ്യാലയ കടവന്ത്രയിലും തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിലുമായി ആരംഭിച്ചു. അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, ലഘു സമ്പാദ്യത്തിന്റെ പ്രാധാന്യം, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിൽ കേരളത്തിന്റെ തനതു കലാ രൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവൽക്കരണം നൽകുന്നത്. ബോധവൽക്കരണത്തിന്റെ ഭാഗമായി മാനസികാരോഗ്യ വിദഗ്ധരുടെ സെഷനുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളം തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. കേന്ദ്രീയ വിദ്യാലയത്തിലും കൊച്ചിൻ റിഫൈനറീസ് സ്കൂളിലും നടന്ന പരിപാടിയിൽ കുട്ടികൾക്കു പുറമേ, അധ്യാപകരും പങ്കെടുത്തു. കേരളത്തിന്റെ തനതു കലാരൂപങ്ങളെ കാണാൻ കഴിഞ്ഞതും സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള സെഷനും വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വിവിധ സ്കൂളുകളിൽ പരിപാടി സംഘടിപ്പിക്കും.
ജില്ലയിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ, തൃപ്പുണിത്തുറ എൻഎസ്എസ് എച്ച്എ സ്എസ്, ബ്രോഡ്വേ സെന്റ് മേരീസ് കോൺവന്റ് ഗേൾസ് എച്ച്എസ്എസ്, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ, ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ, എരൂർ ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. കുട്ടികളുടെ മാനസികാരോഗ്യവും സാമ്പത്തിക അവബോധവും വികസിപ്പിക്കുകയാണ് ബോധവൽക്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Athulya K R