എൽഐസിയുടെ ബീമ സഖി യോജന അവതരിപ്പിച്ചു.
കൊച്ചി: വികസിത ഭാരത സങ്കൽപ്പത്തിന്റെ അടിസ്ഥാനം സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക ശാക്തീകരണവും കൈമുതലായുള്ള സ്ത്രീ സമൂഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ പാനിപ്പത്തിൽ എൽഐസി അവതരിപ്പിക്കുന്ന ബീമ സഖി യോജന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “സ്ത്രീ ശാക്തീകരണം കേന്ദ്ര സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമാണ്. ഇതിനായി നിരവധി പദ്ധതികളും പ്രവർത്തനങ്ങളും രാജ്യത്ത് പുരോഗമിക്കുന്നുണ്ട്. എൽഐസി ആരംഭിച്ച ബീമ സഖി യോജനയിലൂടെ രാജ്യത്തെ സ്ത്രീകൾക്ക് മാന്യമായ വരുമാനം ലഭിക്കുന്നതിനുള്ള അവസരം നൽകുന്നു. സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുന്നതിനോടൊപ്പം എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യം പൂർത്തീകരിക്കാനും എൽഐസി ബീമ സഖി യോജനയിലൂടെ സാധ്യമാകും.” പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു. പെൺകുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള ബേട്ടി ബചാവോ ബേട്ടി പഠാവോ, വനിത സ്വയം സഹായ സംഘങ്ങൾക്കുള്ള നമോ ഡ്രോൺ ദിദി, സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകി പ്രതിവർഷം ഒരു ലക്ഷം രൂപയെങ്കിലും വരുമാനം നേടിക്കൊടുക്കുന്നതിനായുള്ള ലാക്പതി ദിദി എന്നീ പദ്ധതികൾ രാജ്യത്തെ സ്ത്രീകൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് എൽഐസിയുമായി ചേർന്ന് ബീമ സഖി യോജന ആരംഭിക്കുന്നതെന്ന് മന്ത്രി അഭിപായപ്പെട്ടു.
18 മുതൽ 70 വയസ്സുവരെയുള്ള സ്ത്രീകൾക്ക് പദ്ധതിയുടെ ഭാഗമാകാം. പത്താം ക്ലാസാണു കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എൽഐസി ഏജൻ്റുമാരുടെയോ ജീ വനക്കാരുടെയോ ബന്ധുക്കൾ (ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, ഇൻ-ലോ), മുൻ ഏജന്റുമാർ, വിരമിച്ച ജീവനക്കാർ എന്നിവർക്ക് ഇതിന്റെ ഭാഗമാകാൻ കഴിയില്ല. ഏജന്റുമാരാകുന്ന സ്ത്രീകൾക്ക് പരിശീലന കാലയളവായ ആദ്യ 3 വർഷം സാമ്പത്തിക-ഇൻഷുറൻസ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം പൂർ ത്തിയാക്കുന്നവർക്ക് എൽഐസി ഏജന്റുമാരായി തുടരാം. ബിരുദമുള്ളവരെ എൽഐസിയുടെ ഡവലപ്മെൻ്റ് ഓഫിസർ തസ്തികയിലേക്കും പരിഗണിക്കും.
ചടങ്ങിൽ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, കേന്ദ്ര മന്ത്രി മനോഹർ ലാൽ, ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി, മന്ത്രിമാരായ കൃഷൻ പാൽ, ശ്രുതി ചൗധരി, ആരതി സിങ്, എൽഐസിയുടെ സിഇഒ സിദ്ധാർത്ഥ മൊഹന്തി, മാനേജിങ് ഡയറക്ടർമാരായ എം ജഗന്നാഥ്, തബ്‌ലീഷ് പാണ്ഡെ, സത് പാൽ ഭാനു, ആർ ദൊരൈസാമി തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍: എൽഐസിയുടെ ബീമ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു
NIDHI V