ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 19-12-2024-നു് നൃത്ത വിഭാഗത്തിൽ നടന്ന പി.എച്ച്.ഡി ഓപ്പൺ ഡിഫൻസ് നിർത്തിവെക്കാൻ തിസിസിന്റെ അഡ്ജുഡിക്കേറ്ററിൽ ഒരാളായ ഡോ. ദിവ്യ നെടുങ്ങാടി ആവശ്യപ്പെട്ടിരുന്നു. പ്രബന്ധത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ദിവ്യ നെടുങ്ങാടിയുടെ ശിപാർശ ഇല്ലാത്ത റിപ്പോർട്ട് അംഗീകരിക്കാതെ നാലാമതൊരാൾക്കു് പരിശോധനയ്ക്കു നല്‍കിയെന്നും അതു യു.ജി.സി. നിയമങ്ങൾക്കു വിരുദ്ധമാണെന്നുമാണു് അവർ സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ ചാനലിലും ആരോപിച്ചതു്. ഇക്കാര്യം സർവ്വകലാശാല സിന്റിക്കേറ്റ് പരിശോധിച്ചു് ദിവ്യ നെടുങ്ങാടിയുടെ വാദം ശരിയല്ലെന്നും ഓപ്പൺ ഡിഫൻസ് നടത്താമെന്നും തീരുമാനിച്ചു.
ഓപ്പൺ ഡിഫൻസിൽ ഓൺലൈനായി പങ്കെടുത്ത ഡോ. ദിവ്യ നെടുങ്ങാടിയും വക്കീലായ ഭർത്താവും ഗവേഷകയ്ക്കു് മാനസിക സമ്മർദ്ദം ഉണ്ടാവുന്ന വിധത്തിൽ പെരുമാറി. ഓപ്പൺ ഡിഫൻസിൽ അക്കാദമിക് വിഷയങ്ങൾക്കു പകരം നിയമപരമായ ചോദ്യങ്ങളാണു് അവർ ഉന്നയിച്ചതു്. ഓപ്പൺ ഡിഫൻസിനു ശേഷവും സാമൂഹ്യമാധ്യമത്തിലൂടെ ഗവേഷകയ്ക്കെതിരായ ആക്രമണം തുടരുകയാണു്.
യു.ജി.സി. നെറ്റ് യോഗ്യത നേടിയ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന എസ്.സി. വിഭാഗത്തില്‍പ്പെടുന്ന ഗവേഷകയെ തുടർച്ചയായി ആക്രമിച്ചുകൊണ്ടിരിക്കുന്നതു് നൃത്തം പോലുള്ള മേഖലയിൽ സവിശേഷമായി ശ്രദ്ധിക്കേണ്ട സാമൂഹിക സാഹചര്യം ഇന്നു കേരളത്തിലുണ്ട്.
യു.ജി.സി. റെഗുലേഷൻ നിഷ്കർഷിക്കുന്ന കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണു് സർവ്വകലാശാല ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതു്. നിക്ഷിപ്ത താല്പര്യങ്ങളോടെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെൺകുട്ടിയെ പിന്തുടർന്നു് ആക്രമിക്കുന്നതു് ഉന്നത അക്കാദമിക നിലവാരം അവകാശപ്പെടുന്ന ഒരാൾക്കു ഭൂഷണമല്ലെന്നും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ അന്തസ്സിനെയും വിശ്വാസ്യതയെയും കളങ്കപ്പെടുത്തുന്ന രീതിയിൽ പെരുമാറിയ, പൂർവ്വവിദ്യാർത്ഥിനി കൂടിയായ ഡോ. ദിവ്യ നെടുങ്ങാടിയുടെ നടപടി ഉചിതമായില്ലയെന്ന് 18.12.2024ല്‍ ചേർന്ന സിന്റിക്കേറ്റും 21.12.2024ല്‍ ചേര്‍ന്ന അക്കാദമിക് കൗൺസിലും വിലയിരുത്തി.
ഡോ. മോത്തി ജോർജ്
രജിസ്ട്രാർ