കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കുന്നത് കൃത്യമായ വിപണി ഇടപെടൽ മൂലം : മുഖ്യമന്ത്രി

Spread the love

സപ്ലൈകോ ക്രിസ്മസ് ഫെയർ ആരംഭിച്ചു.

നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിസംബർ 21 മുതൽ 30 വരെ നടക്കുന്ന സപ്ലൈക്കോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിൽ പ്രധാന ശക്തിയായി പ്രവർത്തിക്കുന്നത് സപ്ലൈകോയാണ്.

ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാനിടയുണ്ട് എന്ന് കണ്ടതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടൽ വിപണിയിൽ നടത്തുന്നത്.

സംസ്ഥാന വ്യാപകമായിയുള്ള ഫലപ്രദമായ ഇടപെടലിൽ സപ്ലൈകോയ്ക്കൊപ്പം കൺസ്യൂമർ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ട്. ഇത്തരത്തിൽ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതിൽ ഉയരാതെ തടുത്തു നിർത്തുന്നത്.

കേരളത്തിൽ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടൽ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിർത്താൻ കഴിയുന്നതും. ഇത് കൃത്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഡിസംബർ 30 വരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്മസ് ഫെയർ നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 4 മണി വരെ ഫ്ലാഷ് സെയിൽ സംഘടിപ്പിക്കും. സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന വിലക്കുറവിനു പുറമേ അധിക വിലക്കുറവ് ഈ സമയത്ത് ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *