29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച മേള : മുഖ്യമന്ത്രി

Spread the love

സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധേയമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മികച്ച ദൃശ്യാനുഭവം നൽകിയ മേളയുടെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കപ്പെട്ടത് ഹോങ്കോങ് സംവിധായിക ആൻ ഹുയിയും അഭിനേത്രി ശബാന ആസ്മിയുമാണ്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ചത് സംവിധായിക പായൽ കപാഡിയക്കാണ്. ആകെ പ്രദർശിപ്പിച്ച 177 സിനിമകളിൽ 40 ൽ പരം ചിത്രങ്ങളും സ്ത്രീ സംവിധായകരുടേതാണ്. മേളയുടെ സിഗ്‌നേച്ചർ ഫിലിമിലൂടെ ആദരിക്കപ്പെട്ടത് നമ്മുടെ ആദ്യ നായിക പി കെ റോസിയാണ്.

സ്ത്രീപക്ഷ കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിച്ച മേള ഒരുമയുടെയും ഐക്യത്തിന്റെയും വേദിയായി മാറിയത് ഏറെ സന്തോഷം നൽകുന്നു. ചലച്ചിത്ര പ്രവർത്തകരുടെ അഭൂതപൂർവമായ പങ്കാളിത്തവും നിർലോഭമായ സഹകരണവും മേളയെ വൻ വിജയമാക്കി തീർത്തു. ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു ആശംസിച്ചു. അടിച്ചമർത്തപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവകാശങ്ങൾക്കൊപ്പമാണ് ഈ ചലച്ചിത്രമേള. മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നുതന്നെ അത് വ്യക്തമാണ്. ഭരണ സംവിധാനത്തിന്റെ അടിച്ചമർത്തപ്പെടലുകൾക്ക് വിധേയരായവരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു. ജാഫർ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്‌നസ്സ് ആ നിരയിലുള്ളതാണ്. വനിതകളുടെ അവകാശപോരാട്ടങ്ങൾ പറഞ്ഞ ‘സീഡ്സ് ഓഫ് ദി സേക്രഡ് ഫിഗ്’, ക്വീർ രാഷ്ട്രീയം പ്രമേയമായ ‘യങ് ഹേർട്ട്‌സ്’, ‘എമിലിയ പരേസ്’, പാരിസ്ഥിതിക വിഷയങ്ങൾ പറഞ്ഞ ‘വില്ലേജ് റോക്ക് സ്റ്റാർസ് -2’ എന്നീ ചിത്രങ്ങൾ മേളയിൽ ശ്രദ്ധേയമായി. മൂന്നാം ലോക രാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വയക്തിക വിഷയങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കാൻ മേളയിലൂടെ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. ഒട്ടു മിക്കചിത്രങ്ങളും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടത് ജനപങ്കാളിത്തത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളും മനുഷ്യർ തമ്മിലുള്ള രാഷ്ട്രീയ. സംഘർഷങ്ങളും പ്രമേയമായ മേളയിലെ ചിത്രങ്ങൾ, വ്യക്തമായ രാഷ്ട്രീയ ബോധമുള്ള പുതു തലമുറയ്ക്ക് പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ ആമുഖ ഭാഷണം നടത്തി. അക്കാദമി സെക്രട്ടറി സി.അജോയ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു .ചലച്ചിത്ര വികസന കോർപറേഷൻ എം ഡി വി എസ് പ്രിയദർശൻ, സംവിധായകനും അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സോഹൻ സീനുലാൽ എന്നിവർ പങ്കെടുത്തു. അതോടൊപ്പം മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 2025 ഡിസംബർ 12 മുതൽ 19 വരെ നടക്കുമെന്ന് സോഹൻ സീനുലാൽ പ്രഖ്യാപിച്ചു. സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ബ്രസീലിയൻ ചിത്രം ‘മാലു’ നിശാഗാന്ധിയിൽ പ്രദർശിപ്പിച്ചു. സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ കച്ചേരി നടന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *