മഹാത്മാ ഗാന്ധി കുടുംബസംഗമങ്ങള്‍ ജനുവരി 30 മുതല്‍

Spread the love

മഹാത്മാ ഗാന്ധിജിയുടെ ആശയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ബൂത്തുതലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ കൂടുതല്‍ വിപുലീകരിക്കാനും ബഹുജനപിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതല്‍ ഒരുമാസം കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്യത്തില്‍ മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളുടെ കരട് നിര്‍ദ്ദേശം യോഗം ചര്‍ച്ച ചെയ്തു. ഗാന്ധിജിയുടെ ഇന്ത്യ എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി വിപുലമായ ആഘോഷപരിപാടികളും ഗാന്ധി സ്മൃതി സംഗമ സമ്മേളനങ്ങളും കോണ്‍ഗ്രസ് സംഘടിപ്പിക്കും. ജനുവരി 12ന് കെപിസിസി ആസ്ഥാനത്ത് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയുടെ അംഗീകാരത്തോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കാനും തീരുമാനിച്ചു.

മിഷന്‍ 25 ന്റെ പ്രവര്‍ത്തനങ്ങള്‍ കെപിസിസി യോഗം വിലയിരുത്തി. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ എഐസിസി ആഹ്വാന പ്രകാരം ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ സമ്മേളനങ്ങള്‍ ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തും.
ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ക്കെതിരെ ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്‍ വിപുലമായ പരിപാടികളോടെ പാര്‍ട്ടി താഴെത്തട്ടില്‍ സംഘടിപ്പിക്കും.

ശമ്പള പരിഷ്‌കരണം നടപ്പാക്കുക,ശമ്പള,ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും ജനുവരി 22ന് നടത്തുന്ന പണിമുടക്കിന് കെപിസിസി പിന്തുണ പ്രഖ്യാപിച്ചു.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡ് നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ചതില്‍ സംഘാടകരായ മൃദംഗവിഷനും മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആവശ്യമായ പരിശോധന നടത്താതെയും അനുമതി നല്‍കിയതില്‍ സര്‍ക്കാരിനും ഗുരുതരമായ വീഴ്ച സംഭവിച്ചതായി യോഗം അഭിപ്രായപ്പെട്ടു.പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ മുന്‍കരുതലും നടപടിയും ഉണ്ടാകണമെന്നും നിരുത്തരവാദപരമായി പരിപാടി സംഘടിപ്പിച്ചവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ തുടരെ നഷ്ടമാകുമ്പോഴും അതിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടരുന്നതിനിടെയാണ് വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കാനുള്ള നിയമനിര്‍മ്മാണത്തിന് തയ്യാറായത്.വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശികതലത്തില്‍ കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ നടത്തും. ഈ വിഷയത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജാഥയ്ക്ക് പിന്തുണ നല്‍കാനും അനുബന്ധപരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *